വെർച്വൽ പങ്കാളികൾക്ക് വിലക്ക്; എഐ സേവനങ്ങളിൽ കർശന നിയന്ത്രണവുമായി ചൈന

Jul 07, 2026 - 16:51
0
വെർച്വൽ പങ്കാളികൾക്ക് വിലക്ക്; എഐ സേവനങ്ങളിൽ കർശന നിയന്ത്രണവുമായി ചൈന

നിർമിത ബുദ്ധി  സാങ്കേതികവിദ്യയുടെ വികസനത്തിലും ഉപയോഗത്തിലും ലോകത്ത് മുന്നിലുള്ള രാജ്യങ്ങളിലൊന്നാണ് ചൈന. എഐ അധിഷ്ഠിത വെർച്വൽ പങ്കാളികൾ, എഐ ഗേൾഫ്രണ്ടുകൾ തുടങ്ങിയ സേവനങ്ങളും രാജ്യത്ത് വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്. എന്നാൽ, പൗരന്മാരുടെ മാനസികാരോഗ്യവും ഓൺലൈൻ സുരക്ഷയും മുൻനിർത്തി ഇത്തരം സേവനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുകയാണ് ചൈന. പുതിയ ചട്ടങ്ങൾ ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരും.

ഇതിന്റെ ഭാഗമായി, ആലിബാബ, ബൈറ്റ്ഡാൻസ്, ടെൻസെന്റ് ഉൾപ്പെടെയുള്ള പ്രമുഖ ചൈനീസ് ടെക് കമ്പനികൾ തങ്ങളുടെ എഐ ചാറ്റ്ബോട്ടുകളിലെ 'കസ്റ്റമൈസബിൾ പെർസോണ'  ഫീച്ചർ താൽക്കാലികമായി പിൻവലിക്കാൻ തീരുമാനിച്ചു. ഡൗബാവോ, ക്വെൻ എന്നിവയിൽ ജൂലൈ 15 മുതൽ ഈ സൗകര്യം ലഭ്യമാകില്ല. അതേസമയം, മിയാവോഷി  ജൂലൈ 14 മുതൽ പ്രവർത്തനം അവസാനിപ്പിക്കുമെന്ന്  നെറ്റ്ഈസ് ക്ലൗഡ് മ്യൂസിക്ക്  അറിയിച്ചിട്ടുണ്ട്. എഐ ചാറ്റ്ബോട്ടുകളുടെയും റോൾ-പ്ലേയിംഗ് ബോട്ടുകളുടെയും അമിത ഉപയോഗം ചില ഉപയോക്താക്കളിൽ യാഥാർഥ്യവും വെർച്വൽ ലോകവും തമ്മിലുള്ള അതിർവരമ്പുകൾ മങ്ങാൻ ഇടയാക്കുമെന്ന ആശങ്ക വിദഗ്ധർ ഉയർത്തുന്നുണ്ട്. ചില പഠനങ്ങളിലും റിപ്പോർട്ടുകളിലും ഈ പ്രതിഭാസത്തെ അനൗപചാരികമായി 'എഐ സൈക്കോസിസ്' എന്ന് വിശേഷിപ്പിക്കുന്നുണ്ട്. കൂടാതെ, ഇത്തരം പ്ലാറ്റ്‌ഫോമുകൾ ചില സാഹചര്യങ്ങളിൽ അശ്ലീലമോ അനുചിതമോ ആയ ഉള്ളടക്കങ്ങളിലേക്ക് വഴിമാറാൻ സാധ്യതയുണ്ടെന്ന ആശങ്കയും നിലനിൽക്കുന്നു. ഇതിനെ തുടർന്നാണ് ഈ മേഖലയെ കൂടുതൽ കർശനമായ പരിശോധനയ്ക്കും നിയന്ത്രണത്തിനും വിധേയമാക്കാൻ ചൈന തീരുമാനിച്ചത്.

പുതിയ ചട്ടങ്ങൾ പ്രകാരം, പ്രായപൂർത്തിയാകാത്തവർക്ക് വെർച്വൽ റൊമാന്റിക് പങ്കാളികളോ വെർച്വൽ കുടുംബാംഗങ്ങളോ പോലുള്ള എഐ സേവനങ്ങൾ നൽകുന്നത് നിരോധിച്ചിട്ടുണ്ട്. കൂടാതെ, 14 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മനുഷ്യസമാനമായ എഐ സേവനങ്ങൾ ലഭ്യമാക്കാൻ മാതാപിതാക്കളുടെയോ നിയമപരമായ രക്ഷിതാവിന്റെയോ മുൻകൂർ സമ്മതം നിർബന്ധമാക്കിയിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User