അമ്മയുടെ കൊലപാതകത്തിന് പിന്നാലെ പുതിയ ആരോപണം; അച്ഛന്റെ മരണത്തിലും ആയുഷിക്ക് പങ്കെന്ന് കുടുംബത്തിന്റെ പരാതി.

സ്വാഭാവിക മരണമല്ലെന്ന് ആരോപണം; വിജയ് ശർമ്മയുടെ മരണത്തിൽ വീണ്ടും അന്വേഷണം ആവശ്യപ്പെട്ട് മാതാവിന്റെ സഹോദരൻ പോലീസിനെ സമീപിച്ചു.

അമ്മയുടെ കൊലപാതകത്തിന് പിന്നാലെ പുതിയ ആരോപണം; അച്ഛന്റെ മരണത്തിലും ആയുഷിക്ക് പങ്കെന്ന് കുടുംബത്തിന്റെ പരാതി.

രാജസ്ഥാനിലെ ജയ്പൂരിൽ രാജ്യം മുഴുവൻ ഞെട്ടലുണ്ടാക്കിയ നീരജ ശർമ്മ കൊലപാതകക്കേസിൽ പുതിയ വഴിത്തിരിവ്. അമ്മയെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ അറസ്റ്റിലായ 23-കാരിയായ ആയുഷി ശർമ്മയ്‌ക്കെതിരെ ഇപ്പോൾ അച്ഛൻ വിജയ് ശർമ്മയുടെ മരണത്തിലും സംശയമുന്നയിച്ച് കുടുംബം പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ വിജയ് ശർമ്മയുടെ മരണസാഹചര്യങ്ങൾ വീണ്ടും പരിശോധിക്കാൻ പോലീസ് നീക്കം തുടങ്ങിയിട്ടുണ്ട്. 

രാജസ്ഥാൻ ഹൈക്കോടതിയിൽ കോർട്ട് മാസ്റ്ററായിരുന്ന വിജയ് ശർമ്മ 2025-ൽ അസുഖബാധിതനായി മരിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മരണം സ്വാഭാവികമല്ലെന്നാണ് നീരജ ശർമ്മയുടെ സഹോദരൻ രാകേഷ് ശർമ്മയുടെ പരാതി. മികച്ച ചികിത്സ നൽകാമെന്ന് പറഞ്ഞ് ആയുഷിയും ബന്ധുവായ ബൽറാമും വിജയ് ശർമ്മയെ മറ്റൊരിടത്തേക്ക് മാറ്റിയെന്നും, പിന്നീട് മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ദുരൂഹതയുണ്ടെന്നുമാണ് പരാതിയിൽ പറയുന്നത്. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. 

അതേസമയം, കുടുംബസ്വത്തും അച്ഛന്റെ മരണത്തെ തുടർന്ന് ലഭിക്കാവുന്ന കരുണാനിയമന സർക്കാർ ജോലിയും ലക്ഷ്യമിട്ടാണ് ആയുഷി ശർമ്മ അമ്മ നീരജ ശർമ്മയെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതെന്നാണ് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നത്. ബന്ധുക്കളുടെയും മറ്റുള്ളവരുടെയും സഹായത്തോടെ കരാർ കൊലയാളികളെ ഏർപ്പെടുത്തി കൊലപാതകം അപകടമരണമായി ചിത്രീകരിക്കാൻ ശ്രമിച്ചെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഈ കേസിൽ ആയുഷി ഉൾപ്പെടെ ഏഴ് പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. അച്ഛന്റെ മരണവുമായി ബന്ധപ്പെട്ട പുതിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇതുവരെ ആ കേസിൽ ഔദ്യോഗികമായി ആരെയും പ്രതിയാക്കിയിട്ടില്ലെന്നും പോലീസ് അറിയിച്ചു.