കേരളത്തില്‍ ജനസംഖ്യാ കൗണ്ട്ഡൗൺ ഗുരുതരമാവും പ്രത്യാഘാതങ്ങള്‍
ഒരുകാലത്ത് ജനസംഖ്യാ നിയന്ത്രണത്തില്‍ മാതൃകയായിരുന്ന കേരളം ഇന്ന് മറ്റൊരു വെല്ലുവിളിയുടെ മുന്നില്‍. ചരിത്രത്തിലാദ്യമായി കേരളത്തിലെ ജനന നിരക്ക് ഒറ്റയക്കത്തിലെത്തി. കുഞ്ഞുങ്ങളുടെ എണ്ണം കുത്തനെ കുറയുമ്പോള്‍ എന്തൊക്കെ പ്രത്യാഘാതങ്ങളാണ് കേരളത്തെ കാത്തിരിക്കുന്നത്? സ്‌കൂളുകള്‍ ശൂന്യമാകുമോ? തൊഴില്‍ മേഖലയില്‍ ആളെക്കിട്ടാതെ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ താവളമാവുമോ കേരളം? വര്‍ധിച്ചുവരുന്ന വൃദ്ധജനസംഖ്യയുടെ ഭാരം ആരാണ് ഏറ്റെടുക്കുക? സംസ്ഥാന സ്ഥിതിവിവരക്കണക്ക് വകുപ്പ് കഴിഞ്ഞ ദിവസമാണ് 2024 ലെ കണക്ക് പുറത്തുവിട്ടത്. കേരളത്തിന്റെ ഭാവിയെക്കുറിച്ച് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. ചരിത്രത്തിലാദ്യമായി സംസ്ഥാനത്തിന്റെ ക്രൂഡ് ബര്‍ത്ത് റേറ്റ് ഒറ്റയക്കത്തിലേക്ക് താഴ്ന്നു. 11.06ല്‍ നിന്ന് 9.64 ആയി. 2023ല്‍ കേരളത്തില്‍ ജനിച്ച കുഞ്ഞുങ്ങളുടെ എണ്ണം 3,93,231 ആയിരുന്നെങ്കില്‍, 2024ല്‍ അത് 3,44,766 ആയി കുറഞ്ഞു. ഒരു വര്‍ഷത്തിനിടെ അമ്പതിനായിരത്തോളം ജനനങ്ങള്‍ കുറഞ്ഞു. തൊട്ടുമുമ്പുള്ള രണ്ട് വര്‍ഷങ്ങളിലെ തുടര്‍ച്ചയാണ് ഇത്. കേരളത്തില്‍ അതിവേഗം ജനസംഖ്യ ഇടിയുകയാണ്. ഇതിന്റെ പ്രത്യാഘാതങ്ങള്‍ എന്തായിരിക്കും?
ആദ്യം ബാധിക്കുക സ്‌കൂളുകളെയാണ്. വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയുന്നതോടെ പല സ്‌കൂളുകളും അടയ്ക്കുകയോ ലയിപ്പിക്കുകയോ ചെയ്യേണ്ടിവരാം. തുടര്‍ന്ന് കോളേജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും പ്രവേശന പ്രതിസന്ധി നേരിടേണ്ടി വരും.
അതിലും ഗുരുതരമായ പ്രശ്‌നം തൊഴില്‍ മേഖലയിലാണ്. ജോലി ചെയ്യാന്‍ പ്രായമുള്ള ജനസംഖ്യ കുറയുമ്പോള്‍ വ്യവസായങ്ങള്‍ക്കും കൃഷിക്കും സേവനമേഖലയ്ക്കും ആവശ്യമായ തൊഴിലാളികളെ കണ്ടെത്താന്‍ ബുദ്ധിമുട്ടാകും. ഇതിനകം തന്നെ കേരളം ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ ആശ്രയിക്കുകയാണ്. ഈ ആശ്രിതത്വം ഇനിയും വര്‍ധിക്കാനാണ് സാധ്യത. മൂന്നാമതായി, വൃദ്ധജനങ്ങളുടെ എണ്ണം കുത്തനെ ഉയരും. അതോടെ പെന്‍ഷന്‍ ചെലവ്, ആരോഗ്യപരിചരണച്ചെലവ്, ദീര്‍ഘകാല പരിചരണ സൗകര്യങ്ങള്‍ എന്നിവയ്ക്കുള്ള സര്‍ക്കാര്‍ ചെലവ് വര്‍ധിക്കും. നികുതി അടയ്ക്കുന്ന യുവജനങ്ങള്‍ കുറയുകയും സഹായം ആവശ്യമുള്ള മുതിര്‍ന്നവര്‍ വര്‍ധിക്കുകയും ചെയ്യുമ്പോള്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ സമ്മര്‍ദമുണ്ടാകും.ആലപ്പുഴയിലാണ് ഏറ്റവും കുറഞ്ഞ ജനനനിരക്ക്, 5.28. കൊല്ലം, എറണാകുളം, പത്തനംതിട്ട, ഇടുക്കി എന്നിവിടങ്ങളിലും ജനനനിരക്ക് വളരെ താഴെയാണ്. എന്നാല്‍ മലപ്പുറം 15.16 എന്ന നിരക്കോടെ സംസ്ഥാനത്ത് ഒന്നാമതാണ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളിലും സംസ്ഥാന ശരാശരിയേക്കാള്‍ ഉയര്‍ന്ന ജനനനിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്.കുഞ്ഞുങ്ങള്‍ കുറയുമ്പോള്‍ ഭാവിയിലെ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറും. ജനസംഖ്യാ കൗണ്ട്ഡൗണ്‍ കേരളാ മോഡലിനെ ഉടച്ചുവാര്‍ക്കും. അതുയര്‍ത്താവുന്ന അതിഗുരുതര പ്രത്യാഘാതങ്ങള്‍ക്ക കേരളം ഇന്ന് തന്നെ ഉത്തരങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്.