ചിറയിൻകീഴ് കോൺഗ്രസ് സംഘർഷം: രമ്യ ഹരിദാസിനെതിരെ കെ.പി.സി.സി പ്രസിഡന്റ്; പാളയം പ്രദീപിനായി നൽകിയ കത്ത് വിവാദത്തിൽ
സസ്പെൻഷനിലുള്ള നേതാവിനെ അഡീഷണൽ പി.എ ആയി നിയമിക്കാൻ കത്ത് നൽകിയത് അംഗീകരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്; കത്തിന്റെ തീയതി ഉൾപ്പെടെ കെ.പി.സി.സി പരിശോധിക്കും
തിരുവനന്തപുരം :സസ്പെൻഷനിലുള്ള നേതാവിനെ അഡീഷണൽ പി.എ ആയി നിയമിക്കാൻ കത്ത് നൽകിയത് അംഗീകരിക്കാനാകില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്; കത്തിന്റെ തീയതി കെ.പി.സി.സി പരിശോധിക്കും
ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ പരസ്യ സംഘർഷവും കയ്യാങ്കളിയും പാർട്ടിക്ക് പൊതുസമൂഹത്തിൽ വലിയ അപമാനവും നാണക്കേടുമുണ്ടാക്കിയതായി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. സംഭവവുമായി ബന്ധപ്പെട്ട് ഗുരുതരമായ സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് പാളയം പ്രദീപിനെയും എസ്. സജാദിനെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
ഇതിനിടെ സസ്പെൻഷനിലായ പാളയം പ്രദീപിനെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്താൻ രമ്യ ഹരിദാസ് എം.എൽ.എ നടത്തിയ നീക്കത്തിനെതിരെ കെ.പി.സി.സി പ്രസിഡന്റ് പരസ്യമായി അതൃപ്തി രേഖപ്പെടുത്തി. സസ്പെൻഷനിലുള്ള ഒരാളെ അഡീഷണൽ പി.എ ആയി നിയമിക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയത് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി.
പാളയം പ്രദീപിനെ 2026 മേയ് 21 മുതൽ മുൻകാല പ്രാബല്യത്തോടെ അഡീഷണൽ പി.എ ആയി നിയമിക്കണമെന്നാവശ്യപ്പെട്ടാണ് രമ്യ ഹരിദാസ് നിയമസഭാ സെക്രട്ടറിക്ക് കത്ത് നൽകിയതെന്നാണ് വിവരം. എന്നാൽ, കത്ത് നൽകിയ തീയതി ഉൾപ്പെടെയുള്ള കാര്യങ്ങൾ കെ.പി.സി.സി പരിശോധിക്കുമെന്ന് സണ്ണി ജോസഫ് പറഞ്ഞു.
ചിറയിൻകീഴിൽ സംഘർഷമുണ്ടായതിന് ശേഷമാണ് കത്ത് നൽകിയതെങ്കിൽ അത് പാർട്ടിക്ക് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി അച്ചടക്ക നടപടി പ്രഖ്യാപിച്ചതിന് ശേഷം സസ്പെൻഷനിലുള്ള നേതാവിനെ സംരക്ഷിക്കാനുള്ള നീക്കമാണ് നടന്നതെങ്കിൽ അത് ഗുരുതരമായ അച്ചടക്ക ലംഘനമായി കണക്കാക്കേണ്ടിവരുമെന്നും കെ.പി.സി.സി നേതൃത്വം വ്യക്തമാക്കുന്നു.
സംഭവത്തിൽ അന്വേഷണം നടത്തുന്ന കെ.പി.സി.സി സമിതി അധ്യക്ഷൻ എം.എം. ഹസൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി വിഷയം ഉടൻ ചർച്ച ചെയ്യുമെന്നും സണ്ണി ജോസഫ് അറിയിച്ചു. അന്വേഷണ സമിതിയുടെ അന്തിമ റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷമായിരിക്കും തുടർനടപടികളിലേക്ക് പാർട്ടി കടക്കുക.
അതേസമയം, എം.എൽ.എമാർ ഉൾപ്പെടെ ആരും പാർട്ടിയുടെ സംഘടനാ ചട്ടക്കൂടിന് അതീതരല്ലെന്ന ശക്തമായ സന്ദേശമാണ് കെ.പി.സി.സി പ്രസിഡന്റിന്റെ പ്രതികരണത്തിലൂടെ നേതൃത്വം നൽകുന്നത്. ചിറയിൻകീഴ് സംഘർഷം കോൺഗ്രസിനുള്ളിലെ വിഭാഗീയത വീണ്ടും ചർച്ചയാകുന്നതിനിടെയാണ് പുതിയ വിവാദവും ഉയർന്നിരിക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)