ബിജെപിയുടെ കണ്ണിലെ കരടുകൾ ഒരുമിക്കുന്നു; ഗ്യാനേഷ് കുമാറിന്റെ രാജിക്കായി വൻ പ്രതിഷേധം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തുന്ന പ്രതിഷേധത്തിൽ ധ്രുവ് റാഠിയും പ്രകാശ് രാജും അണിനിരക്കുന്നതോടെ തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ സമരം കൂടുതൽ ശക്തമാകുന്നു.

Oct 08, 2026 - 15:17
Updated: 1 hour ago
0
ബിജെപിയുടെ കണ്ണിലെ കരടുകൾ ഒരുമിക്കുന്നു; ഗ്യാനേഷ് കുമാറിന്റെ രാജിക്കായി വൻ പ്രതിഷേധം

ഒരു കൊടിയും പിടിക്കാതെ ഒറ്റയ്ക്ക് വഴിവെട്ടി വന്നവർ. അവരുടെ സമരവീര്യത്തിന് മുന്നിൽ പൊളിച്ചെഴുതപ്പെട്ടത് കാലങ്ങളായി ബിജെപി കെട്ടിപ്പൊക്കിയ അഹന്തയുടെ കോട്ടകൊത്തളങ്ങളായിരുന്നു. കേന്ദ്രമന്ത്രിയെ വരെ താഴെയിറക്കിയവർ, ഇനി പിടിച്ചുകുലുക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ കസേരയാണ്. രാജ്യം കണ്ടുകൊണ്ടിരിക്കുന്ന വലിയ പ്രക്ഷോഭങ്ങൾ. ഒരു വശത്ത് ഇന്ത്യ സഖ്യവും മറുവശത്ത് സിജെപിയും അണിനിരക്കുമ്പോൾ അവരുടെ ആവശ്യം ഒറ്റയൊന്ന് മാത്രം — ഗ്യാനേഷ് കുമാറിന്റെ രാജി.പാർട്ടിയുടെ പിന്തുണയില്ലാതെ ഈ രാജ്യത്ത് തങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിച്ച് എവിടെ നടക്കുന്ന കൊള്ളരുതായ്മകളെ ഒന്നൊന്നായി പുറത്തുകൊണ്ടുവന്നിരുന്ന ഒരു വമ്പൻ നിര തന്നെയാണ് സിജെപി സമരത്തിനിറങ്ങുന്നത്. ഒറ്റ കാര്യം മാത്രം ഇതിൽ പ്രധാനപ്പെട്ടതാണ്. ഇവരെയെല്ലാം ബിജെപിക്ക് പേടിയാണ്. കാരണം, ഇവർ സത്യത്തെ തുറന്നുകാണിക്കുന്നവരാണ്.ഇന്ന് മുതൽ രാജ്യത്തെ വിറപ്പിക്കുന്ന സിജെപി സമരത്തിൽ മുൻനിരയിലുള്ളത് ധ്രുവ് റാഠിയും പ്രകാശ് രാജും അഭിജിത് ദീപകെയും ഒക്കെയാണ്. ആരാണ് ഇവരെന്ന് നോക്കിയാൽ ഒറ്റക്കാര്യം മനസ്സിലാകും — ഇവരെല്ലാം ബിജെപിയുടെ കണ്ണിലെ കരടുകളാണ്.

ധ്രുവ് റാഠി നിരന്തരം ബിജെപിയുടെ മുഖംമൂടി രാജ്യത്തിന് മുന്നിൽ വലിച്ചുകീറിയിരുന്നയാളാണ്. ഒരു സ്മാർട്ട്‌ഫോണും ഇന്റർനെറ്റ് കണക്ഷനും മാത്രമായി ജർമ്മനിയിലെ ഒരു മുറിയിലിരുന്ന് സംസാരിക്കുന്ന ഒരു യുവാവ് ഡൽഹിയിലെ രാഷ്ട്രീയ അധികാരകേന്ദ്രങ്ങളെപ്പോലും അസ്വസ്ഥമാക്കുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമുണ്ടാകും. എന്നാൽ അതാണ് ധ്രുവ് റാഠി എന്ന യൂട്യൂബർ ഇന്ന് ഇന്ത്യയിൽ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന സ്വാധീനം.ബിജെപി സർക്കാരിന്റെ നയങ്ങളെയും അവർ പ്രചരിപ്പിക്കുന്ന ഡാറ്റകളെയും കൃത്യമായ വസ്തുതകളുടെയും ഔദ്യോഗിക കണക്കുകളുടെയും പിൻബലത്തോടെയാണ് ധ്രുവ് ചോദ്യം ചെയ്യുന്നത്. മുഖ്യധാരാ മാധ്യമങ്ങൾ പലപ്പോഴും ഭരണകൂടത്തിന് അനുകൂലമായി നിലകൊള്ളുന്നു എന്ന ആക്ഷേപം ശക്തമായി നിലനിൽക്കുന്ന ഒരു കാലഘട്ടത്തിലാണ് ധ്രുവ് റാഠി ഒരു ബദൽ മാധ്യമമായി മാറുന്നത്. മാധ്യമങ്ങൾ ചർച്ച ചെയ്യാൻ മടിക്കുന്ന തൊഴിലില്ലായ്മ, പണപ്പെരുപ്പം, ജനാധിപത്യ സ്ഥാപനങ്ങളുടെ തകർച്ച, വർഗീയ ധ്രുവീകരണം തുടങ്ങിയ വിഷയങ്ങൾ അദ്ദേഹം ജനങ്ങൾക്ക് മുന്നിലേക്ക് എത്തിച്ചു.

ഇത് വെറുമൊരു യൂട്യൂബ് വീഡിയോ എന്നതിനപ്പുറം വലിയൊരു ഡിജിറ്റൽ പ്രക്ഷോഭമായി മാറാൻ പ്രധാന കാരണം അദ്ദേഹത്തിന്റെ അവതരണ ശൈലിയാണ്. സങ്കീർണ്ണമായ സാമ്പത്തികശാസ്ത്രവും രാഷ്ട്രീയ തന്ത്രങ്ങളും സാധാരണക്കാരന് മനസ്സിലാകുന്ന ഭാഷയിൽ, ഗ്രാഫുകളുടെയും വാർത്താ ക്ലിപ്പുകളുടെയും സഹായത്തോടെ അദ്ദേഹം വിശദീകരിച്ചു. ഇത് ഇന്ത്യൻ രാഷ്ട്രീയബോധത്തിൽ, പ്രത്യേകിച്ച് ആദ്യമായി വോട്ട് ചെയ്യുന്ന യുവതലമുറയിൽ വലിയ മാറ്റമുണ്ടാക്കി.'വാട്സാപ്പ് യൂണിവേഴ്സിറ്റി' വഴി പ്രചരിക്കുന്ന വ്യാജവാർത്തകൾക്കും പ്രൊപ്പഗണ്ടകൾക്കുമെതിരെ വസ്തുതകൾ നിരത്തി പ്രതിരോധം തീർക്കാൻ ധ്രുവിന്റെ വീഡിയോകൾ ഒരു വലിയ വിഭാഗം ജനങ്ങളെ സഹായിച്ചു.കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പ് കാലത്തൊക്കെ നമ്മൾ കണ്ടത് ധ്രുവ് റാഠിയുടെ വീഡിയോകൾ കോടിക്കണക്കിന് ആളുകളിലേക്ക് ഷെയർ ചെയ്യപ്പെടുന്ന കാഴ്ചയാണ്. വോട്ടർമാരെ സ്വാധീനിക്കാൻ കോടികൾ ഒഴുക്കി പരസ്യം ചെയ്യുന്ന രാഷ്ട്രീയ പാർട്ടികൾക്ക് വലിയൊരു വെല്ലുവിളിയായി ധ്രുവിന്റെ ഓർഗാനിക് റീച്ച് മാറി.

ബിജെപിയുടെ ഐ.ടി. സെല്ലിന് കൃത്യമായ മറുപടി നൽകാൻ പ്രതിപക്ഷ പാർട്ടികൾക്ക് പോലും കഴിയാതിരുന്നിടത്താണ് ധ്രുവ് റാഠി ഒറ്റയ്ക്ക് ഡിജിറ്റൽ ലോകത്ത് പ്രതിരോധം തീർത്തത്. ഇത് കേവലം ഓൺലൈൻ ചർച്ചകളിൽ ഒതുങ്ങിയില്ല. മറിച്ച് താഴെത്തട്ടിലുള്ള വോട്ടർമാരുടെ ചിന്തകളെ സ്വാധീനിക്കാനും ഭരണവിരുദ്ധ വികാരം ഉണർത്താനും ഒരു പരിധിവരെ കാരണമായി. ബിജെപിയുടെ മുഖ്യശത്രുവാണ് ധ്രുവ് റാഠി. പ്രകാശ് രാജ് ആണെങ്കിലോ, രാജ്യത്ത് നിന്നുകൊണ്ട് ബിജെപിക്കെതിരെ പോരാട്ടം നയിക്കുന്നയാൾ.

സമകാലിക ഇന്ത്യയിൽ ഭരണകൂടത്തിന്റെ തെറ്റായ നയങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ ശബ്ദമുയർത്തുന്ന ഒരു ശക്തനായ ജനകീയ പോരാളിയായ അദ്ദേഹം, തന്റെ 'ജസ്റ്റ് ആസ്കിംഗ്' അഥവാ 'ചോദ്യങ്ങൾ ചോദിക്കുക മാത്രം ചെയ്യുന്നു' എന്ന നിലപാടിലൂടെ ബി.ജെ.പി സർക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കടുത്ത വിമർശകനായി മാറിയിട്ട് വർഷങ്ങളായി.രാജ്യത്തെ ജനാധിപത്യ മൂല്യങ്ങളും ഭരണഘടനാ സ്ഥാപനങ്ങളും തകർക്കപ്പെടുന്നു എന്ന് അദ്ദേഹം നിരന്തരം പൊതുവേദികളിൽ തുറന്നടിക്കുന്നു.ഏറ്റവുമൊടുവിലായി തിരഞ്ഞെടുപ്പ് പ്രക്രിയകളിലെ അട്ടിമറികൾക്കെതിരെയാണ് അദ്ദേഹം രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് തെരുവിലിറങ്ങി പ്രതിഷേധിച്ചത്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ 'ഗണപതി വിസർജനം കഴിഞ്ഞു, ഇനി ജ്ഞാനുവിന്റെ വിസർജനമാണ് ബാക്കി' എന്ന അദ്ദേഹത്തിന്റെ പരിഹാസം വലിയ രാഷ്ട്രീയ കൊടുങ്കാറ്റാണ് ഉയർത്തിവിട്ടത്.ഭരണകൂടത്തെ ചോദ്യം ചെയ്യുന്നവരെ 'ദേശവിരുദ്ധർ' എന്നും 'ഹിന്ദു വിരുദ്ധർ' എന്നും മുദ്രകുത്തുന്ന ബി.ജെ.പിയുടെ രാഷ്ട്രീയ തന്ത്രത്തെ പ്രകാശ് രാജ് ശക്തമായി എതിർക്കുന്നു.

ഒരു രാഷ്ട്രീയ പാർട്ടിയും മതവും ഒന്നല്ലെന്നും, തൊഴിലില്ലായ്മയെക്കുറിച്ചോ ഭരണപരാജയങ്ങളെക്കുറിച്ചോ പ്രധാനമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കുന്നത് ഹിന്ദുമതത്തെ അപമാനിക്കലല്ലെന്നും അദ്ദേഹം തുറന്നടിച്ചിട്ടുണ്ട്.മണിപ്പൂരിലെ വംശീയ കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ മടിക്കുന്ന പ്രധാനമന്ത്രി, ബോളിവുഡ് താരങ്ങളെ കാണാൻ സമയം കണ്ടെത്തുന്നത് ചൂണ്ടിക്കാട്ടി 'ഹൃദയമില്ലാത്ത ഭരണാധികാരി' എന്നാണ് പ്രകാശ് രാജ് നരേന്ദ്ര മോദിയെ വിശേഷിപ്പിച്ചത്.നീറ്റ് പരീക്ഷാ ക്രമക്കേടുകളിലും ചോദ്യപേപ്പർ ചോർച്ചയിലും വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യുമ്പോൾ നിശബ്ദത പാലിക്കുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെടാനും അദ്ദേഹം മടിച്ചില്ല. വിയോജിപ്പുകളെ അടിച്ചമർത്താൻ നോക്കുന്ന ഭരണകൂടത്തോട് ഭയമില്ലാതെ അദ്ദേഹം പറയുന്നു; 'ചോദ്യങ്ങൾ ചോദിക്കുന്നത് പൗരന്റെ അവകാശമാണ്, ചരിത്രം നിശബ്ദരായവർക്ക് മാപ്പ് നൽകില്ല.'

അതെ, പ്രകാശ് രാജ് ഉയർത്തുന്ന ചോദ്യങ്ങൾ വെറുമൊരു രാഷ്ട്രീയ വിമർശനമല്ല, മറിച്ച് ഈ രാജ്യത്തെ ജനാധിപത്യം നിലനിർത്താനുള്ള ഒരു പൗരന്റെ നിരന്തരമായ പോരാട്ടമാണ്.ജനങ്ങളെ കൊണ്ട് സമരവിളി ഉയർത്തിയ അഭിജിത് ദീപകെയ്‌ക്കൊപ്പം ഈ രണ്ട് ശക്തികൾ കൂടി ചേരുന്നതോടെ സമരവീര്യത്തിന്റെ മുഖം തന്നെ  മാറുകയാണ്.'വോട്ടുകൾ സംരക്ഷിക്കൂ, ജനാധിപത്യത്തെ സംരക്ഷിക്കൂ' എന്ന മുദ്രാവാക്യവുമായാണ് ഇന്ന് ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ സിജെപി പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഇതിനുപിന്നാലെ ഒക്ടോബർ പത്തിന് ഡൽഹി ജന്തർ മന്തറിൽ വിദ്യാർഥി സംഘടനകളുമായും പ്രതിപക്ഷ പാർട്ടികളുമായും ചേർന്ന് സിജെപി പ്രക്ഷോഭം സംഘടിപ്പിക്കുന്നുണ്ട്.

ഒക്ടോബർ പത്തിന് ഡൽഹിയിൽ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിലും ധ്രുവ് റാഠിയും പ്രകാശ് രാജും അണിനിരക്കും.എസ്.ഐ.ആറിൽ ജനങ്ങളുടെ അദാലത്തിന് ശേഷം, കോക്രോച്ച് ജനതാ പാർട്ടി ബെംഗളൂരുവിൽ 'ചപ്പൽ പ്രതിഷേധവും' സംഘടിപ്പിക്കുന്നുണ്ട്. അതിക്രമങ്ങൾക്കിരയായ സ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് 'ചപ്പൽ പ്രതിഷേധം'. നിയമവിരുദ്ധമായി എസ്.ഐ.ആറിൽ നിന്ന് പുറത്താക്കപ്പെട്ട കന്നഡികരുമായി സംവദിക്കുന്നതാണ് അദാലത്ത്. ഇതിന് തുടർച്ചയായിട്ടാവും സിജെപിയുടെ ചപ്പൽ പ്രതിഷേധവും സംഘടിപ്പിക്കുക. കർണാടകയിലുടനീളമുള്ള സിവിൽ സൊസൈറ്റി ഗ്രൂപ്പുകളാണ് അദാലത്ത് സംഘടിപ്പിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User