നീലയ്ക്ക് പകരം കാവി ജഴ്‌സി; വിമർശനം കടുത്തതോടെ വിശദീകരണവുമായി ഹോക്കി ഇന്ത്യ
Hockey India Defends Saffron Jersey Switch Following Backlash
ന്യൂഡൽഹി: ഓഗസ്റ്റ് 14 മുതൽ നടക്കുന്ന ഹോക്കി ലോകകപ്പിനുള്ള ഇന്ത്യൻ പുരുഷ-വനിതാ ടീമുകളുടെ ജഴ്‌സി കാവി നിറമാക്കിയതിനെതിരെ വിമർശനങ്ങൾ കടുത്തതോടെ ഔദ്യോഗിക വിശദീകരണവുമായി ഹോക്കി ഇന്ത്യ.
ഓഗസ്റ്റ് 14 മുതൽ 30 വരെ നെതർലൻഡ്സിലും ബെൽജിയത്തിലുമായാണ് ലോകകപ്പ് അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം ഹോക്കി ഇന്ത്യ തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഐക്കണിക് നീല നിറത്തിൽ നിന്ന് കാവിയിലേക്ക് മാറിയ വിവരം പുറത്തുവിട്ടത്. പരമ്പരാഗത നീല നിറത്തിൽ നിന്നുള്ള മാറ്റത്തിൽ വലിയ വിമർശനമാണ് ഉയർന്നത്. നീല ജഴ്‌സി മാറ്റിയത് നാണക്കേടാണെന്ന് മുൻ ഇന്ത്യൻ ഹോക്കി നായകൻ വിരൻ റാസ്ക്വിൻഹ പ്രതികരിക്കുകയും ചെയ്തു.
വിശദീകരണവുമായി ഹോക്കി ഇന്ത്യ
ടീമിന്റെ നീല ജഴ്‌സിയും കൃത്രിമ ടർഫിന്റെ നീല നിറവും തമ്മിലുള്ള സാമ്യം കാരണമാണ് ജഴ്‌സിയുടെ നിറം മാറ്റുന്നതെന്ന് ഹോക്കി ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു. ടീമിലെ താരങ്ങളുമായും സപ്പോർട്ട് സ്റ്റാഫുമായും നടത്തിയ വിശദ ചർച്ചകളുടെയും ശുപാർശകളുടെയും അടിസ്ഥാനത്തിലാണ് നിറം മാറ്റാനുള്ള തീരുമാനമെടുത്തത്. സാങ്കേതികപരമായ കാര്യങ്ങളാണ് പ്രധാനമായും പരിഗണിച്ചത്. നിലവിൽ നിലവാരമുള്ള അന്താരാഷ്ട്ര ഹോക്കി ടർഫുകളുടെ നിറമായ നീലയും ടീമിന്റെ നീല ജഴ്‌സിയും തമ്മിൽ സാമ്യമുണ്ട്. ഈ ദൃശ്യ സാമ്യത കളിക്കളത്തിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്ന് ഹോക്കി ഇന്ത്യ വ്യക്തമാക്കി.

നിരവധി ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമാണ് രാജ്യത്തിന്റെ ദേശീയ പതാകയിലുള്ള കാവി നിറം തിരഞ്ഞെടുത്തത്. മഞ്ഞ അല്ലെങ്കിൽ കാവി പോലുള്ള നിറങ്ങളാണ് ഭൂരിഭാഗം പേരും നിർദ്ദേശിച്ചത്. അന്തിമ കൂടിയാലോചനകൾക്ക് ശേഷമാണ് കാവി നിറം തീരുമാനിച്ചത്. സാങ്കേതികതയ്ക്കൊപ്പം തന്നെ ധൈര്യം, ത്യാഗം, ദേശീയ അഭിമാനം എന്നിവയുടെ പ്രതീകം എന്നതിന് പുറമെ, നമ്മുടെ ദേശീയ പതാകയിലെ നിറങ്ങളിലൊന്ന് എന്ന നിലയിൽ കാവി നിറത്തിന് വലിയ പ്രാധാന്യമുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. ടീമിന്റെ ജഴ്‌സി നിറം മാറ്റുന്നത് തന്നിഷ്ടപ്രകാരമല്ല, കൃത്യമായ പഠനങ്ങൾക്കൊടുവിലാണ്.എന്നാൽ, കായിക മേഖലയെയും കാവിവൽക്കരിക്കാനുള്ള നീക്കമാണ് ജഴ്‌സിയുടെ നിറംമാറ്റമെന്ന് വ്യാപക വിമർശനമുണ്ട്.
ലോകകപ്പ് പോരാട്ടങ്ങൾ
ലോകകപ്പിൽ ഗ്രൂപ്പ് 'ഡി'യിലാണ് ഇന്ത്യൻ പുരുഷ ടീം. സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15-ന് വെയ്ൽസിനെതിരായ മത്സരത്തോടെയാണ് ഇന്ത്യയുടെ ലോകകപ്പ് കാമ്പയിൻ തുടക്കമാകുന്നത്. 17-ന് ഇംഗ്ലണ്ടിനെയും 19-ന് പരമ്പരാഗത വൈരികളായ പാകിസ്താനെയും നേരിടും. എല്ലാ മത്സരങ്ങളും നെതർലൻഡ്സിലെ അംസ്റ്റൽവീനിലാണ് നടക്കുന്നത്.
വനിതാ വിഭാഗത്തിൽ ഓഗസ്റ്റ് 16-ന് ചൈനയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം. തുടർന്ന് ഓഗസ്റ്റ് 18-ന് ദക്ഷിണാഫ്രിക്കയെയും ഓഗസ്റ്റ് 20-ന് ഇംഗ്ലണ്ടിനെയും ഇന്ത്യൻ വനിതാ ടീം നേരിടും.