അധികാരത്തിലെത്തി നാല് മാസം; തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടി യുഡിഎഫ് പരിശോധിക്കണം

38 തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റുകൾ നഷ്ടപ്പെട്ടത് യുഡിഎഫിന് ഭരണത്തിന്റെ ആദ്യ മാസങ്ങളിൽ തന്നെ ആത്മപരിശോധന ആവശ്യപ്പെടുന്ന രാഷ്ട്രീയ സന്ദേശമായി.

Sep 30, 2026 - 10:55
Updated: 1 hour ago
0
അധികാരത്തിലെത്തി നാല് മാസം; തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടി യുഡിഎഫ് പരിശോധിക്കണം

ഇന്നലെ പുറത്തുവന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം യുഡിഎഫിന് തിരിച്ചടി തന്നെയാണ് എന്നതിൽ സംശയമില്ല. ഭരണവിരുദ്ധവികാരമില്ലെന്ന് കോൺഗ്രസ് അവകാശപ്പെടുന്നുണ്ട്. പ്രാദേശികമായ പ്രശ്നങ്ങളാണ് തോൽവിക്ക് കാരണമെന്നാണ് പാർട്ടി വിലയിരുത്തൽ. എന്നാൽ അത്ര നിസാരമായി കാണാവുന്നതാണോ ഈ തോൽവി എന്ന ചോദ്യം പ്രസക്തമാണ്. യുഡിഎഫിന്റെ ഏഴും എൽഡിഎഫിന്റെ ഒന്നും എംഎൽഎമാർ പ്രതിനിധീകരിച്ചിരുന്ന തദ്ദേശ വാർഡുകളും ഉപതെരഞ്ഞെടുപ്പ് നടന്നവയിൽ ഉണ്ടായിരുന്നു. അതിൽ രണ്ടെണ്ണം യുഡിഎഫിന് നഷ്ടമായി. പാലക്കാട് ചിറ്റൂർ നഗരസഭയിലെ പരുത്തിക്കാവ് ഡിവിഷനും കോട്ടയം ജില്ലാ പഞ്ചായത്തിലെ തൃക്കൊടിത്താനം ഡിവിഷനും. നിലവിലെ ചിറ്റൂർ എംഎൽഎയായ സുമേഷ് അച്യുതനായിരുന്നു പരുത്തിക്കാവ് ഡിവിഷൻ കൗൺസിലറും നഗരസഭാ അധ്യക്ഷനും. 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 186 വോട്ടുകൾക്കാണ് യുഡിഎഫ് അവിടെ വിജയിച്ചത്. എന്നാൽ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച സുമേഷിന്റെ പിതൃസഹോദരന് അവിടെ ജയിക്കാനായില്ല. എൽഡിഎഫിനും യുഡിഎഫിനും 433 വോട്ടുകൾ വീതം ലഭിച്ചു. നറുക്കെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി വിജയിക്കുകയും ചെയ്തു. ഇത് കോൺഗ്രസിന് ഉണ്ടാക്കിയിരിക്കുന്ന ക്ഷീണം ചെറുതല്ല. ഒൻപത് മാസത്തെ നഗരസഭാ ഭരണത്തിന്റെയും നാല് മാസത്തെ സംസ്ഥാന ഭരണത്തിന്റെയും നേട്ടങ്ങൾ എണ്ണിപ്പറഞ്ഞിട്ടും സീറ്റ് നിലനിർത്താൻ കഴിഞ്ഞില്ലെന്നത് എന്തുകൊണ്ടെന്ന് നേതൃത്വം ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. ഒരർത്ഥത്തിൽ അത് സുമേഷ് അച്യുതന്റെ തന്നെ തോൽവിയാണ്.

മറ്റൊരു ഞെട്ടിക്കുന്ന തോൽവി കോട്ടയം ജില്ലാ പഞ്ചായത്തിലെയാണ്. തൃക്കൊടിത്താനം ഡിവിഷനിൽ ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന്റെ വിനു ജോബ് 743 വോട്ടുകൾക്കാണ് വിജയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ചങ്ങനാശേരിയിൽ നിന്ന് വിനു ജോബ് ജയിക്കുകയും ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിലും തൃക്കൊടിത്താനം ഡിവിഷനിൽ 600ലേറെ വോട്ടുകളുടെ ഭൂരിപക്ഷം യുഡിഎഫിനുണ്ടായിരുന്നു. എന്നാൽ ഉപതെരഞ്ഞെടുപ്പിൽ തൃക്കൊടിത്താനത്ത് എൽഡിഎഫ് വൻഭൂരിപക്ഷത്തിലാണ് വിജയിച്ചിരിക്കുന്നത്. വിനു ജോബ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തോൽപ്പിച്ച മഞ്ജു സുജിത്ത് 2,140 വോട്ടുകൾക്കാണ് ഡിവിഷൻ പിടിച്ചെടുത്തിരിക്കുന്നത്. യുഡിഎഫിന് വലിയ തോതിൽ വോട്ടുചോർച്ച ഉണ്ടായി. നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയിൽ തകർന്ന് നിൽക്കുന്ന സിപിഎമ്മിന് എങ്ങനെ ഇത്ര മികച്ച വിജയം നേടാൻ കഴിഞ്ഞെന്ന് യുഡിഎഫ് ആലോചിക്കണം. എംഎൽഎയ്ക്ക് എതിരെയുള്ള വികാരം ഉൾപ്പെടെ പ്രതിഫലിച്ചതായി വേണം കരുതാൻ. ഇക്കഴിഞ്ഞ മഴക്കെടുതിയിൽ ചങ്ങനാശേരി മണ്ഡലത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വലിയ തോതിൽ വിമർശനങ്ങളും ആക്ഷേപങ്ങളും ഉയർന്നിരുന്നു. അത് തിരിച്ചടിയായി എന്ന് വേണം കരുതാൻ. വിനു ജോബും ഫലത്തിൽ പരാജയപ്പെട്ടു എന്ന് ചുരുക്കം. ജില്ലാ പഞ്ചായത്തിൽ യുഡിഎഫിന് മൃഗീയ ഭൂരിപക്ഷമുള്ളതുകൊണ്ട് കാര്യമായ പ്രശ്നമൊന്നുമില്ല. ജില്ലയിലെ പാമ്പാടി പഞ്ചായത്തിലെ കുമ്പന്താടി വാർഡും യുഡിഎഫിന് നഷ്ടമായി.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 9ൽ 9 സീറ്റുകളും നേടി യുഡിഎഫ് മിന്നും വിജയം സ്വന്തമാക്കിയ ജില്ലയാണ് കോട്ടയം. പരമ്പരാഗതമായി കോട്ടയം യുഡിഎഫ് കോട്ടയാണ്. അവിടെ യുഡിഎഫ് ഭരണത്തിലിരിക്കെ ഉണ്ടായിരിക്കുന്ന തിരിച്ചടി പരിശോധിക്കേണ്ട വിഷയം തന്നെയാണ്. നിലവിലെ രണ്ട് എംഎൽഎമാരുടെ സിറ്റിങ് വാർഡുകളാണ് യുഡിഎഫിന് നഷ്ടമായിരിക്കുന്നത്. അതിൽത്തന്നെ കോട്ടയം ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ തോൽവി ഭീകരവുമാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചതിന്റെ മൂന്നിരട്ടിയിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് അവിടം പിടിച്ചെടുത്തിരിക്കുന്നത്. കൂടാതെ പാലക്കാട് ജില്ലാ പഞ്ചായത്തിലെ പല്ലശന വാർഡ് ഭൂരിപക്ഷം വർധിപ്പിച്ച് എൽഡിഎഫ് നിലനിർത്തുകയും ചെയ്തു. അധികാരത്തിലേറിയതോടെ എല്ലാമായെന്ന തോന്നലിലേക്ക് യുഡിഎഫ് പോയോ എന്ന സംശയം ജനങ്ങൾക്കുണ്ടായി എന്ന് വേണം കരുതാൻ. അധികാരത്തിലേറ്റത് തങ്ങളാണെങ്കിൽ അവിടെ തെറ്റുകൾ കണ്ടാൽ ചൂണ്ടിക്കാണിക്കാനും തിരിച്ചടി തരാനും കൂടി തങ്ങൾക്ക് കഴിയുമെന്ന ഒരു ഓർമപ്പെടുത്തലും വ്യക്തമായ സന്ദേശവും കൂടിയാണ് യുഡിഎഫിന്റെ ഈ തോൽവി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User