പുതിയ കെപിസിസി അധ്യക്ഷൻ; ചർച്ചകൾ പുരോഗമിക്കുന്നു
latest kpcc president
പുതിയ കെ.പി.സി.സി അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള ചർച്ചകൾ അങ് ഡൽഹിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ പാർട്ടിയെ കൂടുതൽ ശക്തമായി മുന്നോട്ട് നയിക്കാൻ കെല്പുള്ള പുതിയൊരു അമരക്കാനെ കണ്ടെത്തുകയെന്നത് ഹൈക്കമാൻഡിനും സംസ്ഥാന നേതാക്കൾക്കും അതീവ സങ്കീർണ്ണമായ ദൗത്യമാണ്. നിലവിലെ സാഹചര്യത്തിൽ എ ഗ്രൂപ്പും ഐ ഗ്രൂപ്പും കെ.സി. വേണുഗോപാൽ ക്യാമ്പും തങ്ങളുടെ വിശ്വസ്തർക്കായി ഡൽഹിയിൽ ശക്തമായ കരുനീക്കങ്ങളാണ് നടത്തുന്നത്. ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം അധ്യക്ഷ പദവിയിലേക്ക് അഞ്ച് പ്രമുഖ നേതാക്കളുടെ പേരുകളാണ് ഹൈക്കമാൻഡിന്റെ സജീവ പരിഗണനയിലുള്ളത്. ജോസഫ് വാഴയ്ക്കൻ, ബെന്നി ബെഹനാൻ, കൊടിക്കുന്നേൽ സുരേഷ്, മാത്യു കുഴൽനാടൻ, അടൂർ പ്രകാശ് എന്നിവരാണ് ആ അഞ്ച് പേർ. ഈ അഞ്ചംഗ പട്ടികയിൽ നിന്നൊരാൾ കെ.പി.സി.സി അധ്യക്ഷനാകുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. എന്നാൽ ഗ്രൂപ്പ് സമവാക്യങ്ങളും നേതാക്കളുടെ വ്യക്തിപരമായ താല്പര്യങ്ങളും ചർച്ചകളെ വരും ദിവസങ്ങളിൽ കൂടുതൽ പ്രവചനാതീതമാക്കും.
കെ.പി.സി.സി അധ്യക്ഷ കസേര ലക്ഷ്യമിട്ട് തുടക്കത്തിൽ ഏറ്റവും മുന്നിലുണ്ടായിരുന്നത് ജനകീയ മുഖമായ ഷാഫി പറമ്പിൽ എം.പി ആയിരുന്നു. ഷാഫി പറമ്പിൽ അധ്യക്ഷനാകുമെന്ന് ഒരു ഘട്ടത്തിൽ ഏതാണ്ട് ഉറപ്പിച്ച മട്ടിലായിരുന്നു കാര്യങ്ങളുടെ പോക്ക്. എന്നാൽ കേരള രാഷ്ട്രീയത്തിലെയും പാർട്ടിയിലെയും പുതിയ അധികാര സമവാക്യങ്ങൾ ഷാഫിക്ക് തിരിച്ചടിയായി മാറുകയായിരുന്നു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പക്ഷം ഷാഫി പറമ്പിൽ അധ്യക്ഷനാകുന്നതിനെ ശക്തമായി എതിർത്തു. ജാതി, മത സമവാക്യങ്ങൾ സംസ്ഥാനത്ത് കൃത്യമായി പാലിക്കപ്പെടണമെന്ന വാദമാണ് സതീശൻ പക്ഷം പ്രധാനമായും ഉയർത്തിയത്. വി.ഡി. സതീശൻ പക്ഷത്തിന്റെ ശക്തമായ ഈ എതിർപ്പ് ഉയർന്നതോടെ ഹൈക്കമാൻഡിലെ നിർണ്ണായക ശക്തിയായ എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് തന്റെ മുൻഗണനാ പട്ടികയിൽ നിന്ന് ഷാഫി പറമ്പിൽ എന്ന പേര് താല്ക്കാലികമായി മാറ്റിനിർത്തേണ്ടി വന്നു. ഷാഫി പറമ്പിലിന് കെ.സി. വേണുഗോപാലിന്റെ ശക്തമായ പിന്തുണ ആദ്യ ഘട്ടത്തിൽ ധൈര്യമായി ഒപ്പമുണ്ടായിരുന്നെങ്കിലും സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്ത് വേണുഗോപാലിനും ഈ നീക്കത്തിൽ നിന്ന് അല്പം പിന്നോട്ട് പോകേണ്ടി വരികയായിരുന്നു. ചില പ്രത്യേക താല്പര്യങ്ങൾക്ക് വഴങ്ങി നേതാക്കൾ ഷാഫിയുടെ പേര് കണ്ടില്ലെന്ന് നടിക്കുകയാണെന്ന വിമർശനവും പാർട്ടിയിലെ ഒരു വിഭാഗം അണികൾക്കിടയിലുണ്ട്.ഷാഫി പറമ്പിലിനെ മാറ്റേണ്ടി വന്നതോടെ കെ.സി. വേണുഗോപാൽ തന്റെ അടുത്ത വിശ്വസ്തനായ മാത്യു കുഴൽനാടന്റെ പേരാണ് ഇപ്പോൾ അധ്യക്ഷ പദവിയിലേക്ക് ശക്തമായി മുന്നോട്ടുവെച്ചിരിക്കുന്നത്. എന്നാൽ പുതിയ യു.ഡി.എഫ് മന്ത്രിസഭയിൽ ഭൂരിഭാഗം സുപ്രധാന വകുപ്പുകളി ലും കെ സി പക്ഷക്കാരാണ്. ഇതിന് പിന്നാലെ പാർട്ടിയുടെ പരമോന്നത സംസ്ഥാന പദവി കൂടി കെ.സി പക്ഷത്തിന് പൂർണ്ണമായി വിട്ടുനൽകുന്നതിനെ മുഖ്യമന്ത്രി വി.ഡി. സതീശനും മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയും ഒരുമിച്ച് നിന്ന് ശക്തമായി എതിർക്കുന്നുണ്ട്. ഭരണവും സംഘടനയും ഒരുപോലെ ഒരു വ്യക്തിയുടെയോ ഗ്രൂപ്പിന്റെയോ താല്പര്യങ്ങൾക്ക് കീഴിലാകുന്നത് പാർട്ടിയുടെ സുഗമമായ മുന്നോട്ടുപോക്കിന് തടസ്സമാകുമെന്നാണ് ഇവരുടെ വാദം. അതേസമയം, പാർട്ടിയിലെ പരമ്പരാഗത എ ഗ്രൂപ്പിന് പദവി ഒപ്പിച്ചെടുക്കുന്നതിനായി മുൻനിര നേതാക്കളിൽ ചിലർ ശക്തമായി രംഗത്തുണ്ട്. എ ഗ്രൂപ്പിന്റെ ശക്തനായ വക്താവും മുതിർന്ന നേതാവുമായ ബെന്നി ബെഹനാൻ എം.പിയെ അധ്യക്ഷനായി നിയമിക്കാമെന്ന ധാരണയിലാണ് ചർച്ചകളുടെ ഒരു ഘട്ടത്തിൽ നേതാക്കൾ എത്തിനിന്നിരുന്നത്. ദീർഘകാലത്തെ പാർലമെന്ററി അനുഭവസമ്പത്തും സംഘടനാ രംഗത്തെ പരിചയവും ബെന്നി ബെഹനാന് അനുകൂല ഘടകങ്ങളാണ്.ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ള ഒരു നേതാവ് കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന കൃത്യമായ രാഷ്ട്രീയ സമവാക്യത്തിലേക്കാണ് ഹൈക്കമാൻഡ് എത്തുന്നതെങ്കിൽ ബെന്നി ബെഹനാന് തന്നെ നറുക്കുവീഴാൻ വലിയ സാധ്യതയുണ്ട്. എന്നാൽ എ ഗ്രൂപ്പിന്റെ ഈ നീക്കത്തെ പ്രതിരോധിക്കുന്നതിനാണ് കെ.സി. വേണുഗോപാൽ സമാന സമുദായത്തിൽ നിന്നുള്ള മാത്യു കുഴൽനാടന്റെ പേര് പകരമായി ഉയർത്തിക്കാട്ടുന്നത്. എ ഗ്രൂപ്പിലെ മറ്റൊരു വിഭാഗമാകട്ടെ പുതിയ മന്ത്രിസഭയിൽ മന്ത്രി പദവി നഷ്ടമായ ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെ കെ.പി.സി.സി അധ്യക്ഷനാക്കണമെന്ന ആവശ്യവും ഡൽഹിയിൽ ശക്തമായി ഉന്നയിക്കുന്നുണ്ട്. ഉമ്മൻ ചാണ്ടിയോടുള്ള വൈകാരികമായ ബന്ധവും ചാണ്ടി ഉമ്മന്റെ യുവത്വവും പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് ഇവരുടെ വിലയിരുത്തൽ. ഇവർക്കെല്ലാം പുറമെയാണ് ഐ ഗ്രൂപ്പിന്റെയും മറ്റ് മുതിർന്ന നേതാക്കളുടെയും ഭാഗത്തുനിന്നുള്ള സമ്മർദ്ദങ്ങൾ. മുഖ്യമന്ത്രി പദവി കൈവിട്ടതിന് പിന്നാലെ പാർട്ടി സംഘടനയിൽ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാൻ രമേശ് ചെന്നിത്തല മുന്നോട്ടുവെച്ച പേര് ജോസഫ് വാഴയ്ക്കന്റേതാണ്. വാഴയ്ക്കന്റെ ദീർഘകാലത്തെ സംഘടനാ പരിചയവും വാക്ചാതുരിയും പാർട്ടിക്ക് കരുത്താകുമെന്നാണ് ചെന്നിത്തല ഹൈക്കമാൻഡിനെ ധരിപ്പിച്ചിട്ടുള്ളത്. എന്നാൽ അധ്യക്ഷ ചർച്ചകളുടെ അവസാന ലാപ്പിൽ ജോസഫ് വാഴയ്ക്കൻ മറ്റ് പേരിനേക്കാൾ ഏറെ പിന്നിലാണെന്നാണ് ഡൽഹിയിൽ നിന്നുള്ള സൂചനകൾ വ്യക്തമാക്കുന്നത്. ഈ ഗ്രൂപ്പ് പോരുകൾക്കിടയിലാണ് കെ.പി.സി.സി അധ്യക്ഷ കസേര ലക്ഷ്യമിട്ട് എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയെ നേരിട്ട് സന്ദർശിച്ച് കൊടിക്കുന്നേൽ സുരേഷ് എം.പി ശക്തമായ സമ്മർദ്ദം ചെലുത്തുന്നത്. എന്നാൽ കൊടിക്കുന്നേലിന്റെ ഈ നീക്കത്തെ തുടക്കത്തിൽ തന്നെ തടയാൻ കെ.സി. വേണുഗോപാലിന് സാധിച്ചിരുന്നു. ഇതോടെയാണ് അധ്യക്ഷ പദവിയിലേക്കുള്ള മത്സരം പ്രധാനമായും ഷാഫി പറമ്പിലോ ബെന്നി ബെഹനാാനോ എന്ന നിലയിലേക്ക് ചുരുങ്ങിയത്. നിലവിൽ കെ.സി വേണുഗോപാൽ തന്റെ നിലപാടിൽ ശക്തമായി പിടിമുറുക്കുകയാണെങ്കിൽ മാത്യു കുഴൽനാടൻ കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് എത്തുന്നതിനാണ് സാധ്യത കൂടുതൽ. വരും ദിവസങ്ങളിൽ ഡൽഹിയിൽ നടക്കുന്ന ഹൈക്കമാൻഡ് കൂടിക്കാഴ്ചകൾ കേരള കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ അതീവ നിർണ്ണായകമാകും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
1
Sad
0
Angry
0
Comments (0)