മെക്‌സിക്കന്‍ തിരമാല കീഴടക്കി ഇംഗ്ലണ്ട്; പോരാടിയത് പത്തു പേരുമായി
അലകടല്‍ പോലെ ആക്രമിച്ച മെക്‌സിക്കന്‍ തിരമാലകളെ അതിജീവിച്ച് ഇംഗ്ലണ്ട് ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. ബ്രസീല്‍-ഇംഗ്ലണ്ട് സ്വപ്‌ന ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രതീക്ഷിച്ചവരെ നിരാശപ്പെടുത്തി നോര്‍വെയുമായി ക്വാര്‍ട്ടറിന് അവര്‍ ടിക്കറ്റുറപ്പിച്ചു. ഗാലറിയില്‍ ആര്‍ത്തിരമ്പിയ ഗാലറിക്കു മുന്നില്‍ മെക്‌സിക്കോയുടെ പച്ചപ്പടക്കെതിരെ മുക്കാല്‍ മണിക്കൂറോളം പത്തു പേരുമായി പൊരുതിയാണ് ഇംഗ്ലണ്ട് 3-2 വിജയം സ്വന്തമാക്കി. അവസാന 20 മിനിറ്റില്‍ ഇംഗ്ലണ്ട് ഗോളി ജോര്‍ദാന്‍ പിക്ഫഡിന് നില്‍ക്കക്കള്ളിയുണ്ടായിരുന്നില്ല. ആദ്യ പകുതിയില്‍ രണ്ട് മിനിറ്റിനിടെ ജൂഡ് ബെലിംഗാം സ്‌കോര്‍ ചെയ്ത ഇരട്ട ഗോളിന് ഇംഗ്ലണ്ട് മുന്നിലെത്തിയപ്പോള്‍ നാടകീയമായ അവസാനം പ്രതീക്ഷിച്ചതായിരുന്നില്ല. ഇടവേളക്ക് മുമ്പും പിമ്പുമായി മെക്‌സിക്കൊ കളിയില്‍ ആധിപത്യം നേടി. ഇടവേളക്ക് മൂന്നു മിനിറ്റ് മുമ്പ് യൂലിയന്‍ ക്വിനോനസ് ലീഡ് കുറച്ചു. ഇടവേള കഴിഞ്ഞതിന് പിന്നാലെ ഇംഗ്ലണ്ട് സെന്റര്‍ ബാക്ക് യാറല്‍ ക്വന്‍സ ചുവപ്പ് കാര്‍ഡ് കണ്ടു. അറുപത്തൊമ്പതാം മിനിറ്റില്‍ റൗള്‍ ജിമെനേസ് പെനാല്‍ട്ടിയിലൂടെ മെക്‌സിക്കോയെ ഒപ്പമെത്തിച്ചു. അര മണിക്കൂറോളം കളി അവശേഷിക്കെ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ നൂലിഴയിലായി. സ്റ്റേഡിയത്തിലെ ആരവം അവരുടെ ഞരമ്പുകളില്‍ അതിസമ്മര്‍ദ്ദം സൃഷ്ടിച്ചു. പ്രദേശത്തിന്റെ ഉയരക്കൂടുതല്‍ അവരുടെ ശ്വാസം മുട്ടിച്ചു. പക്ഷെ ഇംഗ്ലണ്ട് ധീരമായി പൊരുതി. അറുപതാം മിനിറ്റില്‍ പെനാല്‍ട്ടിയിലൂടെ ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ ഇംഗ്ലണ്ടിന്റെ നിര്‍ണായകമായ മൂന്നാം ഗോള്‍ നേടി.
പിന്നീട് സമനില ഗോളിനായുള്ള മെക്‌സിക്കന്‍ ആക്രമണത്തിരമാലകളില്‍ ഇംഗ്ലണ്ട് ആടിയുലയുന്നതാണ് കണ്ടത്. ടീമിനെ പുനര്‍വിന്യിച്ചാണ് ഒരുവിധം അവര്‍ അതിജീവിച്ചത്. കെയ്‌നിനെ പോലും പിന്‍വലിച്ച് ഇംഗ്ലണ്ട് കൂട്ടമായി പ്രതിരോധിച്ചു. ഇഞ്ചുറി ടൈമിന്റെ പത്താം മിനിറ്റില്‍ ജോണ്‍ സ്‌റ്റോണ്‍സ് നടത്തിയ ടാക്ക്ള്‍ മെക്‌സിക്കോയുടെ അവസാനത്തെ ആക്രമണവും നിര്‍വീര്യമാക്കി. ഒരു മത്സരം ഇത്ര നെഞ്ചിടിപ്പോടെ ഇതിന് മുമ്പ് വീക്ഷിച്ചിട്ടില്ലെന്നാണ് മുന്‍ ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ പോള്‍ റോബിന്‍സണ്‍ അഭിപ്രായപ്പെട്ടത്. ഈ നൂറ്റാണ്ടില്‍ രണ്ടാം തവണയാണ് അസ്‌റ്റെക്ക സ്‌റ്റേഡിയത്തില്‍ മെക്‌സിക്കൊ അല്ലാത്ത ഒരു ടീം ജയിച്ചു കയറുന്നത്. കൈയില്‍ കിട്ടിയ കളി കൈവിട്ടതിന്റെ സങ്കടത്തില്‍ മെക്‌സിക്കന്‍ കളിക്കാര്‍ തേങ്ങി. ഇതേ സ്‌റ്റേഡിയത്തിലാണ് 40 വര്‍ഷം മുമ്പ് ഇംഗ്ലണ്ട് ഡിയേഗൊ മറഡോണയെന്ന മാന്ത്രികന്റെ അവിസ്മരണീയ രണ്ടു ഗോളിന് മുന്നില്‍ കീഴടങ്ങിയത്. ഒന്ന് ദൈവത്തിന്റെ കൈ കൊണ്ട്, രണ്ടാമത്തേത് ദൈവത്തിന്റെ കാല് കൊണ്ട്.