അമ്പൂരി ദുരന്തം: വിനോദയാത്രയ്ക്കിടെ വാഹനം കയറി മരിച്ച മൂന്ന് വയസ്സുകാരിയുടെ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു
Tragic accident in Amboori as a 3-year-old girl is run over by a parked Tempo Traveller after its handbrake cable snaps, leading to a subsequent suicide attempt by her grieving mother
തിരുവനന്തപുരം: അമ്പൂരിയിൽ വിനോദയാത്രാ സംഘം നിർത്തിയിട്ടിരുന്ന ടെമ്പോ ട്രാവലർ ഉരുണ്ടുമാറി മൂന്ന് വയസ്സുകാരി മരിച്ച സംഭവത്തിന് പിന്നാലെ കുട്ടിയുടെ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആര്യങ്കോട് സ്വദേശിനി നിഷയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുട്ടിയുടെ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് സംഭവം. നിഷയെ ഉടൻ തന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില നിലവിൽ ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.
ഞായറാഴ്ച വൈകിട്ടാണ് നാടിനെ നടുക്കിയ ദുരന്തം അരങ്ങേറിയത്. വിനോദയാത്രയ്ക്കെത്തിയ സംഘം അമ്പൂരി കൂട്ടപ്പു മൊട്ടയിൽ വാഹനം നിർത്തിയിട്ട ശേഷം, പാട്ടുവെച്ച് നൃത്തം ചെയ്യുന്നതിനിടെ ടെമ്പോ ട്രാവലർ പെട്ടെന്ന് മുന്നോട്ട് ഉരുളുകയായിരുന്നു. കൺമുന്നിലേക്ക് പാഞ്ഞടുത്ത വാഹനത്തിൽ നിന്ന് മറ്റുള്ളവർ ഓടിമാറിയെങ്കിലും, കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മൂന്ന് വയസ്സുകാരി ഋതുവേദയുടെ മുകളിലൂടെ വണ്ടിയുടെ മുൻചക്രം കയറിയിറങ്ങി. ഹാൻഡ് ബ്രേക്കിന്റെ കേബിൾ പൊട്ടിയതാണ് വാഹനം തനിയെ ഉരുളാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
കുട്ടിയുടെ പിതാവ് അനുപ്രസാദ് ആയിരുന്നു വാഹനത്തിന്റെ ഡ്രൈവർ. മാതാപിതാക്കളുടെ കൺമുന്നിൽ വെച്ചായിരുന്നു അപകടം. ചോരയിൽ കുളിച്ചുകിടന്ന കുഞ്ഞിനെക്കണ്ട് സംഭവസ്ഥലത്തുതന്നെ ബോധരഹിതയായ നിഷ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഋതുവേദയെ ഉടൻ തന്നെ പൂച്ചമുക്കിലെ ക്ലിനിക്കിലും, തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.