ബ്രസീലിൻ്റെ സാംബ താളം എവിടെയാണ് പോയിമറഞ്ഞത്?
Brazil, eliminating the five-time champions in the 2026 FIFA World Cup Round of 16

ബ്രസീൽ ലോകകപ്പിൽ നിന്ന് ഒരിക്കൽ കൂടി കണ്ണീരോടെ മടങ്ങുന്നു. ഇത്തവണ കടുത്ത ബ്രസീൽ ആരാധകർ പോലും ഈ ടീമിൽ നിന്ന് അധികമൊന്നും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം. ഫുട്ബോളിന്റെ ഈറ്റില്ലമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മഞ്ഞപ്പടയുടെ സ്വപ്നങ്ങൾക്ക് മുന്നിൽ നോർവീജിയൻ ഉരുക്കുകോട്ട തകർക്കാനാവാതെ വീണപ്പോൾ, 2026-ലെ ഫിഫ ലോകകപ്പ് വേദികളിൽ നിന്ന് ഒരു സാംബ യുഗം കൂടി വിടപറയുകയാണ്.
ഈ തോൽവി വെറുമൊരു ടീമിൻ്റെ പരാജയമല്ല മറിച്ച് ബ്രസീൽ ഫുട്ബോളിന്റെ തന്ത്രപരമായ ദിശാബോധമില്ലായ്മയുടെ പ്രതിഫലനമാണ്. തോറ്റത് സാക്ഷാൽ ബ്രസീലാണ്. കോച്ച് കാർലോ ആൻസലോട്ടിയുടെ 4-2-3-1 ഫോർമേഷൻ കടലാസിൽ സുശക്തമായിരുന്നെങ്കിലും, മൈതാനത്ത് അത് തീർത്തും നിർജീവമായിരുന്നു.
കളി നിയന്ത്രിക്കേണ്ട കാസിമിറോയുടെ മധ്യനിര നോർവേയുടെ ഹൈ-പ്രസ്സിംഗിന് മുന്നിൽ തകർന്നു. വേഗത കുറഞ്ഞ കാസിമിറോ നോർവീജിയൻ കൗണ്ടർ അറ്റാക്കുകളെ പ്രതിരോധിക്കുന്നതിൽ അമ്പേ പരാജയപ്പെട്ടു. ഇത് നോർവേയ്ക്ക് മൈതാനത്തിന്റെ മധ്യഭാഗത്ത് പൂർണ്ണ ആധിപത്യം നൽകി.
ഹാലൻഡിനെ പൂട്ടിയിടാൻ നിയോഗിക്കപ്പെട്ട മാർക്വിഞ്ഞോസും ഗബ്രിയേൽ മഗലാസും ശാരീരികമായി ഹാലൻഡിന്റെ കരുത്തിന് മുന്നിൽ പകച്ചുനിന്നു. പ്രത്യേകിച്ചും, ഡിഫൻസീവ് ഏരിയയിൽ ഹാലൻഡിനെ മാർക്ക് ചെയ്യുന്നതിൽ ബ്രസീലിയൻ പ്രതിരോധം കാണിച്ച അനാസ്ഥയാണ് രണ്ട് ഗോളുകൾക്കും വഴിതുറന്നത്.
13-ാം മിനിറ്റിൽ ഗിമാരസ് പാഴാക്കിയ പെനാൽറ്റി കേവലം ഒരു ഗോളവസരമായിരുന്നില്ല, അതൊരു വൻ തിരിച്ചടിയായിരുന്നു. ആ പെനാൽറ്റി നഷ്ടപ്പെടുത്തിയത് ടീമിന്റെ ആത്മവിശ്വാസത്തെ പൂർണ്ണമായും തകർത്തു.
കളി തിരിച്ചുപിടിക്കാൻ ആൻസലോട്ടി നടത്തിയ സബ്സ്റ്റിറ്റ്യൂഷനുകൾ കാര്യങ്ങൾ കൂടുതൽ വഷളാക്കുകയാണുണ്ടായത്. ജപ്പാനെതിരെ കോച്ചിൻ്റെ തന്ത്രങ്ങളും സബ്റ്റിറ്റ്യൂഷനും ഗംഭീരമായാണ് കളി പ്രേമികൾ കൊണ്ടാടിയത് എന്നും ഇതോടൊപ്പം ചേർത്തു വായിക്കണം.
വിനീഷ്യസ് ജൂനിയറിന്റെ മുന്നേറ്റങ്ങൾ പലപ്പോഴും പാഴായിപ്പോയി. എൻഡ്രിക്കിനും മാർട്ടിനെല്ലിക്കും ലഭിച്ച അവസരങ്ങൾ ഗോളാക്കാൻ കഴിയാത്തത് ബ്രസീലിന്റെ ഈ ലോകകപ്പിലെ പ്രധാന ദൗർബല്യമായിരുന്നു. നെയ്മർ പരിക്കിന്റെ പിടിയിൽ നിന്ന് തിരിച്ചെത്തിയെങ്കിലും, കാലം ബാക്കിവെച്ച ആ നിമിഷം ടീമിനെ രക്ഷിക്കാൻ പര്യാപ്തമായിരുന്നില്ല.
ഇഞ്ചുറി ടൈമിൽ നെയ്മർ നേടിയ പെനാൽറ്റി ഗോൾ, മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ നിറഞ്ഞ ആരാധകരുടെ കണ്ണീരിനൊപ്പം അലിഞ്ഞുചേർന്നു. ബ്രസീലിന്റെ ഈ മടക്കം വെറും തോൽവി മാത്രമല്ല, അടുത്ത തലമുറയിലേക്ക് ടീമിനെ എങ്ങനെ പരുവപ്പെടുത്തണം എന്നതിനെക്കുറിച്ചുള്ള വലിയൊരു ചോദ്യചിഹ്നം കൂടിയാണ്.
മറ്റൊരു ലോകകപ്പ് സ്വപ്നം കൂടി മെറ്റ്ലൈഫിലെ പുൽത്തകിടിയിൽ അസ്തമിക്കുമ്പോൾ, സാംബ ആരാധകരുടെ ഹൃദയങ്ങളിൽ ഉയരുന്നത് ഒരേയൊരു ചോദ്യം മാത്രം: "ഇനി എന്നാണ് വീണ്ടും പഴയ ശക്തിയോടെ സാംബ താളം ലോകകപ്പിൽ കേൾക്കുക?" എതിരാളികള്‍ ഭയന്നിരുന്ന ബ്രസീല്‍ ടീമിന് ഇതെന്ത് പറ്റി. ഫുട്‌ബോള്‍ ആരാധകര്‍ ഒന്നടങ്കം ചോദിക്കുന്ന ചോദ്യമാണിത്. പുതിയ പരിശീലകന്‍ എത്തിയിട്ടും തിരിച്ചടികളില്‍ നിന്ന് കരകയറാന്‍ കാനറിക്കൂട്ടങ്ങള്‍ക്കായില്ല. ഇനിയിപ്പോ പതിവു പോലെ ഞങ്ങടെ സി ടീമാണ് കളിച്ചതെന്നും മറ്റും പറഞ്ഞ് ന്യായീകരിക്കാൻ ഒന്നുമില്ല. തോറ്റു, അന്തസ്സായി തോറ്റു, അത്ര തന്നെ.