മിഷന്‍ യു.പി: യോഗിയെ വീഴ്ത്താന്‍ അഖിലേഷിന്റെ മാസ്റ്റര്‍ പ്ലാന്‍

മിഷന്‍ യു.പി: യോഗിയെ വീഴ്ത്താന്‍ അഖിലേഷിന്റെ മാസ്റ്റര്‍ പ്ലാന്‍

ഉത്തര്‍പ്രദേശില്‍ രാഷ്ട്രീയ ഭൂകമ്പത്തിന്റെ അലയൊലികള്‍. രാമക്ഷേത്രത്തിലെ കാണിക്കക്കൊള്ളയുള്‍പ്പെടെ പ്രശ്‌നങ്ങളില്‍ വിട്ട് നട്ടംതിരിയുന്ന യോഗി ആദിത്യനാഥ് സര്‍ക്കാരിനെ വീഴ്ത്താന്‍ സമാജ് വാദി പാര്‍ട്ടിയുടെയും കോണ്‍ഗ്രസിന്റെയും മിഷന്‍ യു.പി 2027. രണ്ട് പാര്‍ട്ടികളും വലിയ സോഷ്യല്‍ എഞ്ചിനിയറിംഗ് പരീക്ഷണങ്ങള്‍ക്കാണ് ഒരുങ്ങുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാനത്ത് ബി.ജെ.പിയുടെ ആധിപത്യം തകര്‍ക്കാന്‍ ദലിത് വോട്ടുകളിലാണ് അവര്‍ കണ്ണുനട്ടിരിക്കുന്നത്.  അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ദലിതുകള്‍ക്കും ഗോത്രവര്‍ഗക്കാര്‍ക്കും നൂറോളം സീറ്റുകള്‍ മാറ്റിവെക്കാനാണ് സമാജ് വാദി പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. സംവരണ സീറ്റുകളിലെ സ്ഥാനാര്‍ഥികള്‍ക്കു പുറമെ പൊതു സീറ്റുകളിലാണ് ഇത്രയും പേരെ മത്സരിപ്പിക്കുക. യാദവ-മുസലിം പാര്‍ട്ടിയെന്ന പ്രതിഛായ കുടഞ്ഞു കളയുകയും ദലിത്, പിന്നാക്ക വിഭാഗങ്ങളിലേക്ക് കൂടി അടിത്തറ വ്യാപിപ്പിക്കുകയുമാണ് അഖിലേഷ് യാദവിന്റെ ലക്ഷ്യം. മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ വോട്ട് ബാങ്കിലേക്ക് കടന്നുകയറാനുള്ള വ്യക്തമായ പദ്ധതിയാണ് ഒരുങ്ങുന്നത്. ദലിത് വോട്ടുകള്‍ ഒരു കാലത്ത് ബി.എസ്.പിയുടെ കുത്തകയായിരുന്നു. പിന്നാക്ക വിഭാഗങ്ങളുടെ അനിഷേധ്യ ശബ്ദമായാണ് കാന്‍ഷി റാമും മായാവതിയും യു.പിയില്‍ നിലകൊണ്ടത്. എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടി മെലിഞ്ഞുണങ്ങിയിരിക്കുകയാണ്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളില്‍ ബി.എസ്.പിയെ ജനങ്ങള്‍ കൈവിട്ടു. ഇത് വലിയ രാഷ്ട്രീയ ശൂന്യതയാണ് ദലിത്, പിന്നാക്ക വിഭാഗങ്ങളില്‍ സൃഷ്ടിച്ചിരിക്കുന്നത്. ആ ശൂന്യതയില്‍ ഇടമുറപ്പിക്കാനാണ് അഖിലേഷ് ആഗ്രഹിക്കുന്നത്. പി.ഡി.എ എന്നു പേരിട്ട പുതിയ പദ്ധതി ചെറിയ തോതില്‍ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എസ്.പി പരീക്ഷിച്ചിരുന്നു. പിച്ഡ (പിന്നാക്ക), ദലിത്, അല്‍പസംഖ്യ് (ന്യനപക്ഷം) എന്നാണ് പി.ഡി.എയുടെ പൂര്‍ണരൂപം. ആ തന്ത്രം കൂടുതല്‍ ശക്തമായി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ വിഭാഗങ്ങളില്‍ നിന്നുള്ള സ്ഥാനാര്‍ഥികളെ സാധാരണഗതിയില്‍ സംവരണ സീറ്റുകളില്‍ മാത്രമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിപ്പിക്കാറ്. ആ സ്ഥിതി വന്‍തോതില്‍ മാറ്റുകയും ജനറല്‍ സീറ്റുകള്‍ ഗണ്യമായ തോതില്‍ ഈ വിഭാഗക്കാര്‍ക്ക് മാറ്റിവെക്കുകയുമാണ് അഖിലേഷിന്റെ ഉദ്ദേശ്യം. കോണ്‍ഗ്രസും സമാനമായ രീതിയിലാണ് തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. കോണ്‍ഗ്രസിന്റെ ഭരണഘടനാ സംരക്ഷണ കാമ്പയിന്‍ പിന്നാക്ക, ദലിത് വിഭാഗങ്ങളെ ലക്ഷ്യമിട്ടായിരുന്നു. സാമൂഹിക നീതിയും സംവരണവുമായിരുന്നു കാമ്പയിനിലെ പ്രധാന മുദ്രാവാക്യങ്ങള്‍. റായ്ബറേലിയില്‍ സ്വാതന്ത്ര്യ സമര സേനാനി വീര പാസിയുടെ പ്രതിമ രാഹുല്‍ ഗാന്ധി അനാഛാദനം ചെയ്തു. ദലിതുകളുമായി വൈകാരിക ബന്ധം വളര്‍ത്തിയെടുക്കുകയായിരുന്നു ഉദ്ദേശ്യം. 

ബി.ജെ.പിയും അടങ്ങിയിരിക്കുന്നില്ല. പിന്നാക്ക വിഭാഗങ്ങളിലുള്ളവര്‍ക്ക് കൂടുതല്‍ മന്ത്രിസ്ഥാനം നല്‍കി പ്രതിപക്ഷത്തിന്റെ മുനയൊടിക്കാനാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 2027ലെ ഇലക്ഷന്‍ പതിവ് പോലെ യാദവ-മേല്‍ജാതി വോട്ടുകള്‍ക്കായുള്ള പോരാട്ടമായിരിക്കില്ല. ദലിത്, പിന്നാക്ക വിഭാഗ വോട്ടുകള്‍ക്കായുള്ള അതിശക്തമായ മത്സരമായിരിക്കും. ബി.എസ്.പി ഇട്ടേച്ചു പോയ ഇടം കൈക്കലാക്കാനുള്ള മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ ജീവന്മരണ പോരാട്ടമായിരിക്കും. ലഖ്‌നോ ദര്‍ബാറിലേക്കുള്ള പാത പിന്നാക്ക വോട്ടുകളിലൂടെയായിരിക്കും.