E20 ഇന്ധനം: പെട്രോൾ വാഹന ഉടമകളിൽ 53 ശതമാനത്തിനും കടുത്ത അതൃപ്തിയെന്ന് സർവേ
53% of vehicle owners rate the E20 rollout as disastrous or ineffective
2023 നു മുമ്പ് നിർമിച്ച വാഹനങ്ങൾ ഉപയോഗിക്കുന്നവരിലാണ് E20 ഇന്ധന ഉപയോഗം സംബന്ധിച്ച ആശങ്ക കൂടുതൽ
നിങ്ങളുടെ പെട്രോൾ വാഹനത്തിന്റെ മൈലേജ് പെട്ടെന്ന് കുറഞ്ഞതായി തോന്നുന്നുണ്ടോ? എൻജിൻ തകരാറുകളും അറ്റകുറ്റപ്പണി ചെലവുകളും മുൻപത്തേക്കാൾ വർദ്ധിച്ചോ? എങ്കിൽ നിങ്ങൾ മാത്രമല്ല, രാജ്യത്തെ പകുതിയിലധികം വാഹന ഉടമകളും പങ്കുവെക്കുന്നത് ഇതേ ആശങ്കയാണ്. കേന്ദ്ര സർക്കാർ പ്രതീക്ഷയോടെ നടപ്പിലാക്കുന്ന E20 (20% എഥനോൾ കലർത്തിയ) പെട്രോൾ പദ്ധതി വൻ തിരിച്ചടിയാകുന്നു എന്ന സൂചന നൽകി ഞെട്ടിക്കുന്ന ഒരു സർവേ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. എഥനോൾ മിശ്രിതത്തെ കേന്ദ്രം ശക്തമായി ന്യായീകരിക്കുമ്പോഴും, താഴെത്തട്ടിൽ വാഹന ഉടമകൾക്കിടയിൽ കടുത്ത അതൃപ്തിയാണ് പുകയുന്നത്; പ്രത്യേകിച്ച് പഴയ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്കിടയിൽ.
രാജ്യത്തെ 316 ജില്ലകളിലെ 22,567 പെട്രോൾ വാഹന ഉടമകൾക്കിടയിലാണ് ലോക്കൽ സർക്കിൾസ് സർവേ നടത്തിയത്. പ്രതികരിച്ചവരിൽ 53 ശതമാനം പേർ E20 പെട്രോൾ വിഷയം കൈകാര്യം ചെയ്യുന്നതിൽ റോഡ് ട്രാൻസ്‌പോർട്ട്, പെട്രോളിയം മന്ത്രാലയങ്ങളുടെ പ്രവർത്തനം 'ദുരന്തപൂർണമോ' 'അപര്യാപ്തമോ' ആണെന്ന് വിലയിരുത്തി. സർവേയിൽ പങ്കെടുത്ത 42 ശതമാനം പേർ നടപടിയെ 'ദുരന്തപൂർണം' എന്ന് വിശേഷിപ്പിച്ചു. 13 ശതമാനം പേർക്ക് മാത്രമാണ് നീക്കത്തെ അനുകൂലിച്ചത്.
2023-ന് മുമ്പ് നിർമിച്ച വാഹനങ്ങൾ ഉപയോഗിക്കുന്നവരിൽ ആശങ്ക
ഇന്ധനക്ഷമതയും വാഹന പരിപാലനം സംബന്ധിച്ച ആശങ്കകളും ഉയർത്തിക്കാട്ടുന്നതായിരുന്നു സർവേ ഫലം. 2023-ന് മുമ്പ് നിർമ്മിച്ച പെട്രോൾ വാഹനങ്ങളുടെ ഉടമകളിൽ 66 ശതമാനം പേരും വാഹനങ്ങളുടെ മൈലേജ് കുറഞ്ഞുവെന്ന് പറയുന്നു. E20 പെട്രോൾ ഉപയോഗിച്ച് തുടങ്ങിയശേഷം 10 ശതമാനം മൈലേജ് കുറഞ്ഞു എന്നാണ് അവർ പറയുന്നത്.
സർവേയിൽ പങ്കെടുത്ത 45 ശതമാനം പേർ യന്ത്രഭാഗങ്ങളുടെ തേയ്മാനം വർധിച്ചുവെന്നും അറ്റകുറ്റപ്പണി കാര്യമായി വർധിച്ചെന്നും പറയുന്നു. കൂടുതൽ വില നൽകേണ്ടി വന്നാലും E0 അല്ലെങ്കിൽ E10 പെട്രോൾ വാങ്ങുന്നത് നല്ലതാണെന്ന് 2023-ന് മുമ്പുള്ള പെട്രോൾ വാഹന ഉടമകളിൽ ഏകദേശം 31 ശതമാനം പേരും അഭിപ്രായപ്പെടുന്നു.
പെട്രോളിൽ എഥനോൾ കലർത്തുന്ന പരിപാടിയെ കേന്ദ്ര സർക്കാർ തുടർച്ചയായി ന്യായീകരിക്കുന്നതിനിടെയാണ് സർവ്വേ ഫലം പുറത്തു വരുന്നത്. എഥനോൾ കലർത്തുന്നതിന്റെ ദീർഘകാല ഫലം 2027-ഓടെ വ്യക്തമാകുമെന്ന് കേന്ദ്രം അടുത്തിടെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
2023 ഏപ്രിലിന് മുമ്പ് നിർമ്മിച്ച വാഹനങ്ങൾ E10 ഇന്ധനം ഉപയോഗിക്കുന്നതിനായി രൂപകൽപ്പന ചെയ്തവയാണ്. 2025 ഏപ്രിൽ മുതൽ നിർമിക്കുന്ന വാഹനങ്ങൾ മാത്രമാണ് പൂർണ്ണമായും E20-അനുയോജ്യമായി കണക്കാക്കപ്പെടുന്നത്. 2023 നു മുമ്പ് നിർമിച്ച വാഹനങ്ങൾ ഉപയോഗിക്കുന്നവരിലാണ് E20 ഇന്ധന ഉപയോഗം സംബന്ധിച്ച ആശങ്ക കൂടുതൽ.
'എഥനോളിന്റെ അളവ് കുറഞ്ഞ ഇന്ധനവും വേണം'
എഥനോൾ കലർത്തലിനെ എതിർക്കുന്നില്ലെന്നും എന്നാൽ എഥനോളിന്റെ അളവ് കുറഞ്ഞ ഇന്ധം വാങ്ങാനുള്ള അവസരം വേണമെന്ന് പല വാഹന ഉടമകളും അഭിപ്രായപ്പെടുന്നു. സർവേയിൽ പങ്കെടുത്തവരിൽ 31 ശതമാനം പേർ E0 അല്ലെങ്കിൽ E10 പെട്രോളിന് അധികം പണം നൽകാൻ തയ്യാറാണെന്ന് വ്യക്തമാക്കുന്നു. പഴയ വാഹനങ്ങൾക്കായി കുറഞ്ഞ അളവിൽ എഥനോൾ കലർത്തിയ ഇന്ധനം സമാന്തരമായി ലഭ്യമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ലോക്കൽ സർക്കിൾസ് സർവേയിൽ ഇന്ത്യയിലെ 316 ജില്ലകളിലുള്ള 22,567 പെട്രോൾ വാഹന ഉടമകളാണ് പങ്കെടുത്തത്. പ്രതികരിച്ചവരിൽ 69 ശതമാനം പേർ പുരുഷന്മാരും 31 ശതമാനം സ്ത്രീകളുമായിരുന്നു. ഏകദേശം 46 ശതമാനം പേർ ടയർ-1 ജില്ലകളിൽ നിന്നും, 32 ശതമാനം പേർ ടയർ-2 ജില്ലകളിൽ നിന്നും, ബാക്കിയുള്ള 22 ശതമാനം പേർ ടയർ-3, ടയർ-4, ടയർ-5, ഗ്രാമീണ ജില്ലകളിൽ നിന്നുമായിരുന്നു. സർവേയിൽ പങ്കെടുത്ത എല്ലാവരും തങ്ങളുടെ പ്ലാറ്റ്‌ഫോമിലെ രജിസ്റ്റർ ചെയ്ത ഉപയോക്താക്കളായിരുന്നുവെന്ന് ലോക്കൽ സർക്കിൾസ് പറയുന്നു.
ക്രൂഡ് ഓയിൽ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇന്ത്യ പെട്രോളിൽ എഥനോൾ കലർത്തുന്നതിന് തുടക്കം കുറിച്ചത്. ഈ നീക്കം കാർബൺ പുറന്തള്ളൽ കുറയ്ക്കുകയും, കർഷകർക്ക് അധിക വരുമാനം നൽകുകയും ചെയ്യുമെന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത്.