വോട്ടര്‍ പട്ടികയില്‍ കയറിക്കൂടിയത് എത്ര വിദേശികള്‍? കണക്കുകള്‍ പറയുന്നത്

Jul 06, 2026 - 16:25
0
വോട്ടര്‍ പട്ടികയില്‍ കയറിക്കൂടിയത് എത്ര വിദേശികള്‍? കണക്കുകള്‍ പറയുന്നത്

കോടിക്കണക്കിന് ഇന്ത്യക്കാരോടാണ് ഇലക്ഷന്‍ കമ്മീഷന്‍ പൗരത്വ രേഖകള്‍ ആവശ്യപ്പെട്ടത്. ലക്ഷണക്കണക്കിന് പേരുകള്‍ പട്ടികയില്‍നിന്ന് നീക്കം ചെയ്യപ്പെട്ടു. എല്ലാത്തിനുമൊടുവില്‍ എത്ര അനധികൃത കുടിയേറ്റക്കാരെയാണ് ഇലക്ഷന്‍ കമ്മീഷന്‍ കണ്ടെത്തുകയും ഒഴിവാക്കുകയും ചെയ്തത്? തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ കനപ്പെട്ട ചോദ്യങ്ങളുന്നയിച്ച് എത്തിയിരിക്കുന്നത് മറ്റാരുമല്ല, മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസയാണ്. ലവാസയെ ഓര്‍മയുണ്ടോ? തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ഭരണപക്ഷ നേതാക്കള്‍ പരസ്യമായി ലംഘിച്ചതിന് നടപടിയെടുത്തതിന്റെ പേരില്‍ ഇലക്ഷന്‍ കമ്മീഷനില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഉദ്യോഗസ്ഥനാണ് ലവാസ. ലളിതമാണ് ലവാസയുടെ ചോദ്യം. എത്ര വോട്ടര്‍മാരെ കുടിയേറ്റക്കാരാണെന്ന് ഇലക്ഷന്‍ കമ്മീഷന്‍ കണ്ടെത്തി, എത്ര ആളുകളുടെ രേഖകള്‍ പരിശോധിക്കാന്‍ ഫോറിനേഴ്‌സ് ട്രൈബ്യൂണലിന് നിര്‍ദേശം നല്‍കി? സ്‌പെഷ്യല്‍ ഇന്റന്‍ന്‍സിവ് റിവിഷന്റെ (എസ്.ഐ.ആര്‍) പ്രധാന ഉദ്ദേശ്യമെന്ന് എന്‍.ഡി.എ നേതാക്കള്‍ ആവര്‍ത്തിച്ചു പറയുന്നത് അനധികൃത കുടിയേറ്റക്കാരെ വോട്ടര്‍പട്ടികയില്‍നിന്ന് നീക്കം ചെയ്യുകയെന്നതാണ്. എങ്കില്‍ എന്തുകൊണ്ട് കണ്ടെത്തിയ അനധികൃത കുടിയേറ്റക്കാരുടെ കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിടുന്നില്ല? ഒരു വോട്ടറുടെ രേഖകളില്‍ ഇലക്ഷന്‍ കമ്മീഷന് സംശയമുണ്ടെങ്കില്‍ പൗരത്വ നിയമമനുസരിച്ച് ബന്ധപ്പെട്ട അതോറിറ്റിക്ക് ആ പേരുകള്‍ നിര്‍ദേശിക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവ്. ആ പ്രക്രിയ നടന്നോ? എങ്കില്‍ എത്ര ആളുകളുടെ പേരുകള്‍ റഫര്‍ ചെയ്തു? അയോഗ്യരായ എത്ര വോട്ടര്‍മാരെ കണ്ടെത്തി, ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍ പരിശോധിച്ച എത്ര പേര്‍ കുടിയേറ്റക്കാരാണെന്ന് തെളിഞ്ഞു? ഈ ചോദ്യങ്ങള്‍ക്ക് ഇതുവരെ ഇലക്ഷന്‍ കമ്മീഷന്‍ ഉത്തരം നല്‍കിയിട്ടില്ലെന്ന് ലവാസ പറയുന്നു. 

വോട്ടര്‍ പട്ടിക പുതുക്കുന്ന സാധാരണ പ്രക്രിയ അപര്യാപ്തമാണെന്നും കൂടുതല്‍ കര്‍ക്കശമായ പരിശോധനകള്‍ ആവശ്യമാണെന്നുമുള്ള ഇലക്ഷന്‍ കമ്മിഷന്റെ അഭ്യര്‍ഥന മാനിച്ചാണ് സുപ്രീം കോടതി എസ്.ഐ.ആറിന് അനുമതി നല്‍കിയത്. കര്‍ക്കശമായ പരിശോധനക്കു ശേഷം വോട്ടര്‍ പട്ടിക ശുദ്ധമായോ? എന്താണ് ഇലക്ഷന്‍ കമ്മിഷന് പറയാനുള്ളതെന്ന് ലവാസ ചോദിച്ചു. ഭരണഘടനാ നിബന്ധനകളനുസരിച്ച് ഇന്ത്യയില്‍ വോട്ട് ചെയ്യാന്‍ അയോഗ്യതയുള്ള എത്ര പേരെ എസ്.ഐ.ആര്‍ കണ്ടെത്തി, അതിന്റെ കണക്കുകള്‍ എവിടെ? നിലവില്‍ ലക്ഷക്കണക്കിന് വോട്ടര്‍മാരെ എസ്.ഐ.ആറിനു ശേഷം ഇലക്ഷന്‍ കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. എന്നാല്‍ അതില്‍ മഹാഭൂരിപക്ഷവും ആളുകള്‍ സ്ഥലം മാറിപ്പോയെന്ന കാരണത്താലാണ്. പൗരന്മാരല്ലെന്ന് കണ്ടതു കൊണ്ടല്ലെന്ന് ലവാസ ചൂണ്ടിക്കാട്ടി.  എന്തുകൊണ്ടാണ് എസ്.ഐ.ആര്‍ പ്രക്രിയ വേണ്ടിവന്നതെന്ന് തെളിയിക്കുന്ന ഒരു രേഖയും ഇലക്ഷന്‍ കമ്മീഷന്റെ കൈവശമില്ലെന്ന് ആക്ടിവിസ്റ്റ് അഞ്ജലി ഭരദ്വാജ് ആരോപിച്ചു. എസ്.ഐ.ആര്‍ ആവശ്യമാണെന്ന തീരുമാനം ഇലക്ഷന്‍ കമ്മിഷനല്ല കൈക്കൊണ്ടതെങ്കില്‍, മറ്റാരാണ് ആ തീരുമാനമെടുത്തത്? വോട്ടര്‍മാര്‍ക്ക് വലിയ പ്രയാസങ്ങള്‍ സൃഷ്ടിച്ച് എസ്.ഐ.ആര്‍ പ്രക്രിയ നടപ്പാക്കിയതിന്റെ പ്രധാന ഉദ്ദേശ്യം അനധികൃതമായി രാജ്യത്ത് താമസിക്കുന്ന കുടിയേറ്റക്കാരെ കണ്ടെത്തലാണ്. അത്തരമൊരു പ്രക്രിയയാണ് നടപ്പാക്കുന്നതെന്നാണ് സുപ്രീം കോടതിയെ ഇലക്ഷന്‍ കമ്മീഷന്‍ വിശ്വസിപ്പിച്ചത്. എങ്കില്‍ എത്ര കുടിയേറ്റക്കാരെ കണ്ടെത്തുകയും ഒഴിവാക്കുകയും ചെയ്തുവെന്ന കണക്ക് ഔദ്യോഗികമായി പുറത്തുവിടേണ്ടേ? മാസങ്ങള്‍ നീണ്ട വെരിഫിക്കേഷന്‍ പ്രക്രിയക്കൊടുവിലും ഇക്കാര്യത്തില്‍ ഇലക്ഷന്‍ കമ്മിഷന്‍ പുലര്‍ത്തുന്ന മൗനം ദുരൂഹമാണ്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User