കൊട്ടക്കണക്കിന് ചാന്‍സുകള്‍, പെനാല്‍ട്ടി; തോല്‍വി വിശ്വസിക്കാനാവാതെ മഞ്ഞപ്പട

കൊട്ടക്കണക്കിന് ചാന്‍സുകള്‍, പെനാല്‍ട്ടി; തോല്‍വി വിശ്വസിക്കാനാവാതെ മഞ്ഞപ്പട

ലോകകപ്പ് ഫുട്‌ബോളില്‍ മറ്റൊരു അവിശ്വസനീയ രാവ്. ചാന്‍സുകള്‍ക്കു പിന്നാലെ ചാന്‍സുകള്‍ സൃഷ്ടിച്ചിട്ടും പെനാല്‍ട്ടി നേടിയെടുത്തിട്ടും ഗോളടിക്കാനാവാതെ ബ്രസീലിന്റെ കാനറിപ്പട നോര്‍വെക്കു മുന്നില്‍ തകര്‍ന്നടിഞ്ഞു. കേപ് വെര്‍ദെ എന്ന കൊച്ചുരാഷ്ട്രത്തിന് മുന്നില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത് അര്‍ജന്റീന ആരാധകര്‍ക്ക് ആശ്വാസമായപ്പോള്‍ ബ്രസീല്‍ ആരാധകര്‍ക്ക് നഷ്ടബോധത്തിന്റെ രാവുകളാണ് ഇനി. 80 മിനിറ്റോളം കളി പൂര്‍ണമായും നിയന്ത്രിച്ച ബ്രസീല്‍ 1-2 തോല്‍വിയുമായി കളം വിട്ടു. എര്‍ലിംഗ് ഹാലാന്റിന്റെ ഇരട്ട ഗോളുകള്‍ അവരുടെ നെഞ്ചകം തകര്‍ത്തു. രണ്ട് പെനാല്‍ട്ടികള്‍ ബ്രസീലിന് കിട്ടിയെങ്കിലും ആദ്യ പകുതിയില്‍ ബ്രൂണൊ ഗ്വിമേറേസ് എടുത്ത ആദ്യ പെനാല്‍ട്ടി നോര്‍വെ ഗോളി ഓറിയന്‍ നൈലാന്റ് രക്ഷിച്ചു. അത് ഗോളായിരുന്നുവെങ്കില്‍ കളിയുടെ ഗതി മാറിയേനേ. അത് കളിയിലെ വഴിത്തിരിവായി. 
79ാം മിനിറ്റില്‍ ഹെഡറിലൂടെയായിരുന്നു ഹാലാന്റിന്റെ ആദ്യ ഗോള്‍. സടകുടഞ്ഞെഴുന്നേറ്റ് തിരിച്ചടിക്കാന്‍ കൂട്ടത്തോടെ ഇറങ്ങിയ ബ്രസീലിനെ ഹാലാന്റ് വീണ്ടും ഞെട്ടിച്ചു. ബോക്‌സിന് പുറത്തുനിന്നുള്ള ഹാലാന്റിന്റെ നിലംപറ്റെയുള്ള ഷോട്ട് ആലിസനെ കീഴടക്കി വല തുളച്ചുകയറിയതോടെ നോര്‍വെ ആഹ്ലാദനൃത്തം ചവിട്ടി. ലോകമെങ്ങുമുള്ള ബ്രസീല്‍ ആരാധകര്‍ വാ പൊളിച്ചു നിന്നു. 

ഇഞ്ചുറി ടൈമില്‍ നെയ്മാര്‍ പെനാല്‍ട്ടിയിലൂടെ ഒരു ഗോള്‍ മടക്കിയെങ്കിലും വൈകിപ്പോയിരുന്നു. എളുപ്പം കളി പുനരാരംഭിക്കാന്‍ ശ്രമിക്കുന്നതിനു പകരം ഗോളിയെ പ്രകോപിപ്പിക്കാന്‍ നെയ്മര്‍ നടത്തിയ ശ്രമം ആരാധകര്‍ക്ക് അശ്ലീലമായി തോന്നി. ബ്രസീല്‍ അങ്ങനെയങ്ങ് തീരില്ലെന്ന ആരാധകരുടെ അവസാന പ്രതീക്ഷകള്‍ക്കും വിരാമമിട്ട് ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങി. 2002ലാണ് ബ്രസീല്‍ അഞ്ചാം ലോകകപ്പ് നേടിയത്. റൊണാള്‍ഡോയും റൊമാരിയോയും റോബര്‍ടൊ കാര്‍ലോസുമൊക്കെയുള്‍പ്പെട്ട ആ താരനിരയുടെ പാരമ്പര്യം അവകാശപ്പൊന്‍ ബ്രസീലിലിന് ഇനി പുതിയ നിര വേണ്ടി വരും. ഫുട്‌ബോള്‍ വെറും സൗന്ദര്യമല്ലെന്ന തിരിച്ചറിവാണ് ഈ പരാജയം ബ്രസീലിന് നല്‍കുന്നത്. 80 മിനിറ്റോളം അവര്‍ പാസുകള്‍ കൂട്ടിയിണക്കി മൈതാനത്ത് ചിത്രങ്ങള്‍ വരച്ചു, ഒന്നൊന്നായി അവസരങ്ങള്‍ സൃഷ്ടിച്ചു. പക്ഷെ കിട്ടിയ അവസരങ്ങള്‍ മുതലാക്കിയത് നോര്‍വെയാണ്. ആദ്യമായാണ് നോര്‍വെ ലോകകപ്പിന്റെ ക്വാര്‍ട്ടറിലെത്തുന്നത്. ഫൈനല്‍ വിസിലിന് ശേഷം ബ്രസീല്‍ കളിക്കാര്‍ നിലത്തു വീണ് കരഞ്ഞു. മറ്റൊരു ലോകകപ്പ് ദുരന്തം അവര്‍ക്ക് താങ്ങാനായില്ല. ബ്രസീല്‍ ജഴ്‌സിയില്‍ ഇനിയില്ലെന്ന് നെയ്മാര്‍ പ്രഖ്യാപിച്ചു. ഒരു ഇതിഹാസ താരം ലോകകപ്പിന്റെ നക്ഷത്രച്ചിഹ്നമില്ലാതെ ബ്രസീലിന്റെ ജഴ്‌സി അഴിച്ചു.