എന്‍.സി.പി എങ്ങോട്ടേക്ക്; പവാര്‍ ഒരു വഴിക്ക് മകള്‍ മറുവഴിക്ക്

എന്‍.സി.പി എങ്ങോട്ടേക്ക്; പവാര്‍ ഒരു വഴിക്ക് മകള്‍ മറുവഴിക്ക്

മഹാരാഷ്ട്രയിലെ അതികായന്‍ ശരത് പവാര്‍ എങ്ങോട്ടേക്ക് നീങ്ങുമെന്ന് ദേശീയ രാഷ്ട്രീയം ചര്‍ച്ച ചെയ്യവെ എന്‍.സി.പി കലങ്ങി മറിയുന്നു. തന്നെ താനാക്കി മാറ്റിയ കോണ്‍ഗ്രസിലേക്ക് തിരിച്ചുപോവാനുള്ള അതിയായ ആഗ്രഹത്തിലാണ് പവാര്‍. എന്നാല്‍ എന്‍.സി.പിയിലെ വലിയൊരു വിഭാഗം അതിനൊപ്പമില്ലെന്നാണ് വാര്‍ത്തകള്‍. അവരുടെ മുന്നിലുള്ളത് പവാറിന്റെ മകള്‍ സുപ്രിയ സൂലെയാണെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് ലയനത്തിനായി പവാര്‍ ചര്ച്ച നടത്തുന്നതിനിടെ എന്‍.ഡി.എയുമായി സൂലെ സമാന്തര ചര്‍ച്ചകള്‍ ആരംഭിച്ചു. എം.എല്‍.എമാരെയും എം.പിമാരെയും എന്തു വിലകൊടുത്തും കൈക്കലാക്കാനുള്ള കച്ചവടമാണ് മഹാരാഷ്ട്രയില്‍ അരങ്ങേറുന്നത്. അതിന് തടയിടാനാണ് എന്‍.സി.പിയെ കോണ്‍ഗ്രസില്‍ ലയിപ്പിക്കാന്‍ പവാര്‍ ശ്രമിച്ചത്. പവാറിന്റെ എന്‍.സി.പി (എസ്.പി) ക്ക് 10 എം.എല്‍.എമാരും എ്ട്ട് എം.പിമാരുമുണ്ട്. എട്ട് എം.പിമാരില്‍ അഞ്ചു പേര്‍ ഉപമുഖ്യമന്ത്രി ഏകനാഥ് ഷിണ്ഡെയുടെ ശിവസേനയില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. എം.എല്‍.എമാരില്‍ ചിലര്‍ കോണ്‍ഗ്രസ് ലയനത്തെ അനുകൂലിക്കുമ്പോള്‍ ബി.ജെ.പി സഖ്യത്തോടൊപ്പം നില്‍ക്കാനാണ് ബാക്കിയുള്ളവര്‍ നിര്‍ദേശിക്കുന്നത്. 

മകള്‍ സൂലെക്കും അടുത്ത അനുയായികള്‍ക്കും അര്‍ഹമായ പരിഗണന നല്‍കിയാല്‍ കോണ്‍ഗ്രസില്‍ ലയിക്കാം എന്ന നിലപാടിലാണ് പവാര്‍. തന്റെ അനുയായികളിലൊരാളെ മഹാരാഷ്ട്ര കോണ്‍ഗ്രസ് പ്രസിഡന്റും ലോക്‌സഭാ എം.പി കൂടിയായ മകള്‍ സൂലെയെ വൈസ് പ്രസിഡന്റും ആക്കണമെന്നാണ് പവാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ പാര്‍ട്ടിയിലെ വലിയൊരു വിഭാഗം മഹാരാഷ്ട്രയിലും കേന്ദ്രത്തിലും ഭരണകക്ഷിയുടെ ഭാഗമാവണമെന്നാണ് ആഗ്രഹിക്കുന്നത്. സൂലെ ഇവര്‍ക്കൊപ്പമാണെന്നാണ് സൂചന. സൂലെയുടെ മകളെ സമീപകാലത്ത് കല്യാണം കഴിച്ചത് നാഗ്പൂരിലെ ആര്‍.എസ്.എസ് കുടുംബത്തില്‍ നിന്നാണ്. ആ കുടുംബമാണ് പവാറിനെ എന്‍.ഡി.എയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്നാണ് സൂചന. പവാറിനെ ബി.ജെ.പി പക്ഷത്തെത്തിക്കാന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് അതീവ താല്‍പര്യമുണ്ട്. എന്‍.സി.പിയെ വീതം വെക്കാനുള്ള ബി.ജെ.പി-ഷിണ്ഡെ പക്ഷ ശിവസേനാ മത്സരത്തിന്റെ ഭാഗം കൂടിയാണ് ഈ താല്‍പര്യം. 
എന്‍.ഡി.എയെ പിന്തുണച്ചാല്‍ സൂലെക്ക് കേന്ദ്ര കാബിനറ്റ് മന്ത്രി സ്ഥാനവും കൂടാതെ രണ്ട് മന്ത്രി പദവികളുമാണത്രേ ആവശ്യപ്പെടുന്നത്. പവാര്‍ കോണ്‍ഗ്രസിലേക്ക വരുമോയെന്ന് കോണ്‍ഗ്രസിലെ തന്നെ മുതിര്‍ന്ന നേതാക്കള്‍ക്ക് സംശയമുണ്ട്. ബി.ജെ.പിയുമായുള്ള ചര്‍ച്ചയില്‍ മേല്‍ക്കൈ കിട്ടാന്‍ വേണ്ടി മാത്രമാണ് കോണ്‍ഗ്രസ് ലയനത്തെക്കുറിച്ച് പവാര്‍ സംസാരിക്കുന്നതെന്നും അവര്‍ കരുതുന്നു. 


പവാര്‍ കോണ്‍ഗ്രസുമായും സൂലെ ബി.ജെ.പിയുമായും സമാന്തരമായി ചര്‍ച്ച തുടരുകയാണെന്നും ആരാണ് മികച്ച ഓഫര്‍ നല്‍കുന്നതെന്നനുസരിച്ച് തീരുമാനമുണ്ടാവുമെന്നും എന്‍.സി.പി വൃത്തങ്ങള്‍ പറയുന്നു. എന്‍.സി.പി (എസ്.പി) യുടെ ലോക്‌സഭാ എം.പി അമോല്‍ കോലെ തങ്ങള്‍ കേന്ദ്രത്തിലും മഹാരാഷ്ട്രയിലും ബി.ജെ.പി പക്ഷത്തേക്കാണെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം തിരുത്തി. എല്ലാ എം.പിമാരും പവാറിനൊപ്പമാണെന്നും അദ്ദേഹത്തിന്റെ വാക്കാണ് അന്തിമമെന്നും അദ്ദേഹം പറഞ്ഞു. എന്‍.സി.പി എം.പിമാര്‍ പലരും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നും തങ്ങളുടെ മണ്ഡലത്തിലേക്ക് വികസന പദ്ധതികള്‍ നേടിയെടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നുമാണ് വാര്‍ത്തകള്‍. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനില്‍ സുപ്രധാന ഭരണഘടനാ ഭേദഗതികള്‍ ലക്ഷ്യമിടുന്ന കേന്ദ്ര സര്‍ക്കാര്‍ പരമാവധി എം.പിമാരെ എന്തു വില കൊടുത്തും എന്‍.ഡി.എ പക്ഷത്തേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. മാതൃപ്രസ്ഥാനത്തിലേക്ക് തിരിച്ചുപോവാനുള്ള പവാറിന്റെ മോഹത്തിന് തുരങ്കം വെക്കാന്‍ എല്ലാ പ്രലോഭനങ്ങളുമായി അവര്‍ രംഗത്തുണ്ട്. എന്‍.സി.പി എങ്ങോട്ടേക്കാണെന്നത് മഹാരാഷ്ട്രയിലെയും ദേശീയ രാഷ്ട്രീയത്തിന്റെയും ഗതി നിര്‍ണയിക്കും. വരും ദിവസങ്ങള്‍ നിര്‍ണായകമാണ്.