വഴിത്തിരിവായി കുടിവെള്ള ഇടവേള;കോംഗോക്ക് സങ്കടക്കണ്ണീര്‍

Jul 02, 2026 - 16:04
Updated: 1 month ago
0
വഴിത്തിരിവായി കുടിവെള്ള ഇടവേള;കോംഗോക്ക് സങ്കടക്കണ്ണീര്‍

ലോകകപ്പിന്റെ നോക്കൗട്ട് മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഞെട്ടിക്കുന്ന തോല്‍വിയില്‍ നിന്ന് രക്ഷിച്ച ഹാരി കെയ്ന്‍. ഏഴാം മിനിറ്റ് മുതല്‍ ഡി.ആര്‍ കോംഗോക്കെതിരെ പിന്നില്‍ നിന്ന ഇഗ്ലണ്ടിനെ അവസാന വേളയില്‍ കെയ്ന്‍ നേടിയ രണ്ടു ഗോളുകളാണ് വിജയത്തിലേക്ക് നയിച്ചത്. 75ാം മിനിറ്റിലും കളി തീരാന്‍ മൂന്നു മിനിറ്റ് മാത്രം ശേഷിക്കുമ്പോഴുമാണ് കോംഗോയെ ഞെട്ടിച്ച് കെയ്‌നിന്റെ ഗോളുകള്‍ പിറന്നത്. ബ്രയാന്‍ സിപേംഗയിലൂടെ ഏഴാം മിനിറ്റില്‍ ലീഡ് നേടിയ കോംഗൊ അതിശക്തരായ എതിരാളികളെ ഒരു മണിക്കൂറിലേറെ വരച്ച വരയില്‍ നിര്‍ത്തിയിരുന്നു. കോംഗൊ ഗോളി ലയണല്‍ എംപാസി ഒന്നിനു പിറകെ ഒന്നായി മിന്നുന്ന സെയവുകള്‍ പുറത്തെടുത്തതോടെ മറുപടി ഗോള്‍ കണ്ടെത്താനാവാതെ ഇംഗ്ലണ്ട് മുന്‍നിര വിയര്‍ത്തു. പകരക്കാരന്‍ ആന്റണി ഗോര്‍ഡന്റെ ക്രോസാണ് ഒടുവില്‍ ഗോളിലേക്ക് വഴി തുറന്നത്. കെയ്‌നിന്റെ ഹെഡര്‍ മപാസിയുടെ വന്‍ മതില്‍ ഭേദിച്ചു. എണ്‍പത്താറാം മിനിറ്റില്‍ ബോക്‌സിന്റെ മൂലയിലേക്ക് കയറി കെയ്ന്‍ വിജയ ഗോളടിച്ചപ്പോള്‍ ഇംഗ്ലണ്ട് ക്യാമ്പില്‍ ആഹ്ലാദത്തെക്കാളേറെ ആശ്വാസമായിരുന്നു. പ്രി ക്വാര്‍ട്ടറില്‍ ആതിഥേയരായ മെക്‌സിക്കൊ കാത്തുനില്‍ക്കവെ, ഈ കളി കൊണ്ട് ഇംഗ്ലണ്ട് രക്ഷപ്പെടില്ലെന്നാണ് ആരാധകര്‍ ആശങ്കിക്കുന്നത്. ഈ ലോകകപ്പില്‍ കെയ്‌നിന് അഞ്ച് ഗോളായി. മൊത്തം 13 ലോകകപ്പ് ഗോളുകളും. ഫ്രാന്‍സിന്റെ കീലിയന്‍ എംബാപ്പെയും അര്‍ജന്റീനയുടെ ലിയണല്‍ മെസ്സിയും ആറ് ഗോളുമായി മുന്നിലുണ്ട്. ലോകകപ്പ് ഗോളുകളുടെയും കാര്യത്തില്‍ അവരിലേക്കെത്താന്‍ മുന്നേറുകയാണ് കെയ്ന്‍. യൂറോ 2024ല്‍ നിറം മങ്ങിയപ്പോള്‍ തന്റെ കാലം കഴിഞ്ഞുവെന്ന കരുതിയ വിമര്‍ശകരുടെ വായടപ്പിച്ചിരിക്കുകയാണ് മുപ്പത്തിരണ്ടുകാരന്‍. 
അവസാന കുടിവെള്ള ഇടവേളയാണ് ഇംഗ്ലണ്ടിന്റെ തിരിച്ചുവരവിന് വഴി തുറന്നത്. അറ്റ്‌ലാന്റ സ്റ്റേഡിയം പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്തതാണെന്നിരിക്കെ എന്തിനാണ് കുടിവെള്ള ഇടവേളയെന്ന് ചോദിച്ച് കാണികള്‍ കൂവിയിരുന്നു. എന്നാല്‍ രണ്ട് കുടിവെള്ള ഇടവേളകളും ഇംഗ്ലണ്ടിനെ സഹായിച്ചു. കോംഗോ വലക്കു നേരെ ഇംഗ്ലണ്ട ആദ്യ ഷോട്ടെടുത്തത് മുപ്പതാം മിനിറ്റിലാണ്. പിന്നീട് ആദ്യ പകുതിയില്‍ അഞ്ച് അവസരങ്ങള്‍ അവര്‍ തുറന്നെടുത്തു. 

രണ്ടാം പകുതിയിലും നിറംകെട്ട തുടക്കമായിരുന്നു ഇംഗ്ലണ്ടിന്റേത്. വലിയ താരങ്ങളൊന്നുമില്ലാത്ത ആഫ്രിക്കന്‍ ടീമിനോട് തോറ്റ് നാണംകെട്ട് ഇംഗ്ലണ്ട് മടങ്ങാനുള്ള സാധ്യത അന്തരീക്ഷത്തില്‍ നിറഞ്ഞുനിന്നു. ബുകായൊ സാകക്ക് ഒരു പാസ് നിയന്ത്രിക്കാനാവാതെ വന്നപ്പോഴാണ് രണ്ടാം പകുതിയിലെ കുടിവെള്ള ഇടവേളക്ക് റഫറി വിസിലൂതിയത്. തിരിച്ചുവന്ന ഇംഗ്ലണ്ട് വര്‍ധിത വീര്യത്തിലായിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User