ദൃശ്യങ്ങളില്‍ തെളിയുന്നത് കൊള്ളയുടെ ചിത്രങ്ങള്‍
അയോധ്യ രാമക്ഷേത്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ തെളിയുന്നത് കൊള്ളയുടെ പച്ചയായ ചിത്രങ്ങള്‍. കൈനീട്ടക്കൊള്ളയുമായി ബന്ധപ്പെട്ട് 45 ദിവസത്തെ സി.സി.ടി.വി ഫൂട്ടേജുകളാണ് പോലീസ് പരിശോധിച്ചത്. സംഭാവനയായി കിട്ടുന്ന പണം എണ്ണുന്ന പില്‍ഗ്രിം ഫെസിലിറ്റി സെന്ററിലെ ഈ ദൃശ്യങ്ങളില്‍ പണക്കെട്ടുകള്‍ അടിച്ചു മാറ്റുന്നതിന്റെ വ്യക്തമായ തെളിവുകളുണ്ടെന്നാണ് പോലീസ് പറയുന്നത്. അറസ്റ്റിലായ എട്ടു പേരില്‍ അഞ്ചു പേരും പണക്കെട്ടുകള്‍ വസ്ത്രങ്ങള്‍ക്കുള്ളിലും സോക്‌സിലുമൊക്കെയായി പൂഴ്ത്തിവെക്കുന്നതും എടുത്തു കൊണ്ടുപോവുന്നതുമായ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പരമാവധി 45 ദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ മാത്രമാണ് സക്ഷിക്കുന്നത് എന്നതിനാല്‍ അതിന് മുമ്പ് നടന്നിട്ടുണ്ടാവുമായിരുന്ന അഴിമതിയുടെ ദൃശ്യങ്ങള്‍ ലഭ്യമല്ല. ഈ വ്യക്തികളുടെയൊക്കെ വീടുകളിലും മറ്റും പോലീസ് നടത്തിയ പരിശോധനകളിലാണ് 80 ലക്ഷത്തോളം രൂപ പിടിച്ചെടുത്തത്. അറസ്റ്റ് ചെയ്യപ്പെട്ട എട്ടു പേരില്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയും വി.എച്ച്.പി വൈസ് പ്രസിഡന്റുമായ ചമ്പത് റായിയുടെ ഡ്രൈവര്‍ ടിന്നു യാദവുമുണ്ട്. മറ്റൊരാള്‍ ടിന്നു യാദവിന്റെ അനന്തരവന്‍ മനീഷ് യാദവാണ്. പോലീസ് പണം പിടിച്ചെടുത്തവരുടെ കൂട്ടത്തില്‍ മനീഷുമുണ്ട്.
ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ഭണ്ഡാരങ്ങളില്‍ ഭക്തന്മാര്‍ നിക്ഷേപിക്കുന്ന സംഭാവനകള്‍ എണ്ണാന്‍ അമ്പതോളം പേരെയാണ് ട്രസ്റ്റ് നിക്ഷേപിച്ചിരിക്കുന്നത്. ക്ഷേത്രത്തിലേക്ക് ജീവനക്കാരെ തെരഞ്ഞെടുക്കുന്ന പ്രക്രിയ കുത്തഴിഞ്ഞ രീതിയിലാണ് നടന്നിരുന്നതെന്ന് അ്‌ന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. പല ജീവനക്കാരും പരസ്പരം കുടുംബ ബന്ധമുള്ളവരോ ട്രസ്റ്റ് അംഗങ്ങളുടെ ബന്ധുക്കളോ ആണെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. പണം എണ്ണിത്തിട്ടപ്പെടുത്തുന്ന ജീവനക്കാരെ ഒരു പരിശോധനയും കൂടാതെയാണ് നിയമിച്ചത്. മാത്രമല്ല കൗണ്ടിംഗ് സെന്ററിലേക്ക് പ്രവേശിക്കുന്നതിനും പുറത്തുപോവുന്നതിനും നിയന്ത്രണങ്ങളില്ല -ഉദ്യോഗസ്ഥര്‍ പറയുന്നു. ചമ്പത് റായിയുടെ സഹായികള്‍ സി.സി.ടി.വിയെ വെട്ടിക്കുന്ന ദൃശ്യങ്ങള്‍ ടൈംസ് നൗ ചാനല്‍ പുറത്തുവിട്ടിരിക്കുകയാണ്.
മറ്റ് പ്രധാന ക്ഷേത്രങ്ങളായ തിരുപ്പതി, ജഗന്നാഥ്, വൈഷ്ണവദേവി, സിദ്ധിവിനായക്, കാശിവിശ്വനാഥ് തുടങ്ങിയ ക്ഷേത്രങ്ങളില്‍ സംഭാവന ശേഖരിക്കുന്നതിനും എണ്ണിത്തിട്ടപ്പെടുത്തുന്നതിനും സുതാര്യമായ സംവിധാനങ്ങളുണ്ട്. അതുകൊണ്ട് ത്‌ന്നെ അയോധ്യ ക്ഷേത്രക്കൊള്ള ആര്‍.എസ്.എസും മോഡി സര്‍ക്കാരും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇതുവരെ പ്രതികരിച്ചിട്ടില്ല.