ലോകകപ്പിലെ മികച്ച കളി; അവസാനിച്ചത് 'വാര്‍' നാടകത്തില്‍

ലോകകപ്പിലെ മികച്ച കളി; അവസാനിച്ചത് 'വാര്‍' നാടകത്തില്‍

20 മിനിറ്റോളം നീണ്ട നാടകീയമായ ഇഞ്ചുറി ടൈമിനൊടുവില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ പോര്‍ചുഗല്‍ ലോകകപ്പ് പ്രി ക്വാര്‍ട്ടറില്‍. ഇഞ്ചുറി ടൈമിന്റെ പതിമൂന്നാം മിനിറ്റില്‍ സമനില ഗോള്‍ നേടിയെന്നു കരുതി ആഘോഷിച്ച ലൂക്ക മോദ്‌റിച്ചിന്റെ ക്രൊയേഷ്യന്‍ ടീം ധീരമായ പോരാട്ടത്തിനൊടുവില്‍ കണ്ണീരോടൈ കളം വിട്ടു. ഈ ലോകകപ്പ് കണ്ട ഏറ്റവും മികച്ച മത്സരത്തില്‍ വിവാദമായ ഓഫ്‌സൈഡ് വിധിയാണ് ക്രൊയേഷ്യക്ക് സമനില ഗോള്‍ നിഷേധിച്ചത് 90 മിനിറ്റ് അവസാനിക്കുമ്പോള്‍ 1-1 സമനിലയായിരുന്നു മത്സരം. ഏതു സമയവും എക്‌സ്ട്രാ ടൈമിലേക്ക് വിസില്‍ മുഴങ്ങുമെന്ന് കരുതിയിരിക്കവെ ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ പകരക്കാരന്‍ ഗോണ്‍സാലൊ റാമോസ് പോര്‍ചുഗലിന് ലീഡ് സമ്മാനിച്ചു. അതോടെ സമനില ഗോളിനായി ക്രൊയേഷ്യ ഇരമ്പിക്കയറി. 10 മിനിറ്റ് ഇഞ്ചുറി ടൈം അതും കടന്ന് മുന്നേറി. അല്‍പം മുമ്പ് മാത്രം കളത്തിലിറങ്ങിയ ജോസ്‌കൊ ഗാര്‍ദിയോളിലൂടെ ഒടുവില്‍ അവര്‍ വല കുലുക്കി. ഇഞ്ചുറി ടൈമിന്റെ പതിമൂന്നാം മിനിറ്റില്‍. പക്ഷെ സുദീര്‍ഘമായ വീഡിയൊ പരിശോധനക്കൊടുവില്‍ ഓഫ്‌സൈഡിന്റെ പേരില്‍ ഗോള്‍ നിഷേധിക്കപ്പെട്ടു. കഴിഞ്ഞ രണ്ട് ലോകകപ്പിലും സെമി കളിച്ച ക്രൊയേഷ്യന്‍ ടീം വിധി വിശ്വസിക്കാനാവാതെ കളം വിട്ടു. 


എന്തുകൊണ്ട് അത് ഓഫ്‌സൈഡായി എന്ന് ദീര്‍ഘമായ ചര്‍ച്ച അരങ്ങേറി. ക്രോസ് ഒരു പോര്‍ചുഗല്‍ ഡിഫന്ററുടെ തലയില്‍ തട്ടിയ ശേഷമാണ് ഗ്വാര്‍ദിയോലിന് കിട്ടുന്നത് എന്നാണ് നഗ്നനേത്രങ്ങള്‍ക്കു മനസ്സിലായത്. എങ്കില്‍ അത് ഗോളായിരുന്നു. എന്നാല്‍ അതിന് തൊട്ടുമുമ്പ് ക്രൊയേഷ്യന്‍ താരം ഇഗോര്‍ മാറ്റനോവിച്ചിന്റെ തലയില്‍ ചെറുതായി സ്പര്‍ശിക്കുന്നുണ്ടെന്നും ആ സമയത്ത് ക്രൊയേഷ്യയുടെ മാരിയൊ പസാലിച് ഓഫ്‌സൈഡ് പൊസിഷനിലായിരുന്നുവെന്നും റീപ്ലേകളില്‍ തെളിഞ്ഞു. 
നേരത്തെ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ ചരിത്ര ഗോളിലൂടെ പോര്‍ചുഗലാണ് ആദ്യം സ്‌കോര്‍ ചെയ്തത്. ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടില്‍ റൊണാള്‍ഡോയുടെ ആദ്യ ഗോളാണ് ഇത്. രണ്ടാം പകുതിയുടെ എട്ടാം മിനിറ്റില്‍ ഇവാന്‍ പെരിസിച് ഗോള്‍ മടക്കി. ആദ്യ പകുതിയില്‍ പോര്‍ചുഗലും രണ്ടാം പകുതിയില്‍ ക്രൊയേഷ്യയും ആധിപത്യം ചെലുത്തിയ മത്സരം ഈ ലോകകപ്പിലെ ഏറ്റവും മികച്ച പോരാട്ടമായിരുന്നു.