പൗരന്മാര്‍ അടിമകളോ? പോലീസിനെ കുടഞ്ഞ് കോടതി

Jul 03, 2026 - 16:28
0
പൗരന്മാര്‍ അടിമകളോ? പോലീസിനെ കുടഞ്ഞ് കോടതി

കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങളെ പോലീസ് അടിച്ചമര്‍ത്തുന്ന രീതിയില്‍ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ച് കോടതി. ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങളെ ശ്വാസം മുട്ടിച്ചു കൊല്ലുന്ന പോലീസ് നടപടികളെ ബോംബെ ഹൈക്കോടതിയാണ് അതിരൂക്ഷമായി വിമര്‍ശിച്ചത്. പ്രതിഷേധം പൗരന്റെ അവകാശമാണെന്നും ഭരിക്കുന്നവരുടെ സേവകരല്ല പോലീസ് എന്നും ജസ്റ്റിസ് മാധവ് ജെ ജാംദാര്‍ പറഞ്ഞു. ബി.ജെ.പിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നതും അമിത് ഷാ മുര്‍ദാബാദ് എന്ന് വിളിക്കുന്നതും ദേശദ്രോഹമല്ലെന്നും ജനാധിപത്യക്രമത്തില്‍ പൗരന്റെ അവകാശമാണെന്നും പോലീസിനെ കോടതി ഓര്‍മിപ്പിച്ചു. എന്തുകൊണ്ടാണ് ബി.ജെ.പിക്കെതിരെ മുദ്രാവാക്യം വിളിക്കുന്നത് കുറ്റകരമാവുന്നതെന്നും എന്തുകൊണ്ടാണ് കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച പോലുള്ള വിഷയങ്ങളില്‍ വലിയ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. എന്തുകൊണ്ട് അതിനെതിരെ പ്രതിഷേധിച്ചു കൂടാ? പോലീസ് ജനങ്ങളുടെ സംരക്ഷകരാണ്. ഭരണചക്രം തിരിക്കുന്നവരുടെ സേവകരല്ല -ജഡ്ജി ഓര്‍മിപ്പിച്ചു. പ്രതിഷേധപ്രകടനങ്ങള്‍ നടത്തുന്നവരെ പുറംതള്ളാനുള്ള പോലീസ് നടപടികള്‍ അസാധാരണമാണെന്നും സ്വതന്ത്രമായി സഞ്ചരിക്കാനുള്ള മൗലികാവകാശം ധ്വംസിക്കുന്നതാണെന്നും ജസ്റ്റിസ് ജാംദാര്‍ ചൂണ്ടിക്കാട്ടി. 

കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചതിന് എസ്.ഡി.പി.ഐ നേതാവ് സഈദ് അഹമദ് അദ്ബുല്‍ വാഹിദ് ചൗധരിയെ മുംബൈയില്‍ പ്രവേശിക്കുന്നതില്‍നിന്ന് ഒരു വര്‍ഷത്തേക്ക് വിലക്കിയതാണ് കോടതിയെ ചൊടിപ്പിച്ചതും പോലീസിനെതിരെ രൂക്ഷമായ പ്രതികരണത്തിന് പ്രേരിപ്പിച്ചതും. പൗരന്മാരെ അടിമകളായാണോ അതോ സ്വതന്ത്രരായാണോ പോലീസ് കാണുന്നത്?  ജനവിരുദ്ധമന്നു കരുതുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നതിനെ എന്തര്‍ത്ഥത്തിലാണ് വിലക്കുന്നത്?  ജഡ്ജി ചോദിച്ചു. 2005 ഡിസംബര്‍ മൂന്നിനാണ് സഈദ് അഹമ്മദിനെ മുംബൈയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഒരു വര്‍ഷത്തേക്ക് വിലക്കിയത്. നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കാതെയാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും അതിനാല്‍ ഉത്തരവ് റദ്ദാക്കണമെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു. വ്യക്തികള്‍ക്കോ സ്വത്തുവകകള്‍ക്കോ നാശമുണ്ടാക്കുന്ന രീതിയിലുള്ള ഒരു പ്രവര്‍ത്തനവും പ്രതിയില്‍ നിന്നുണ്ടായി എന്നതിന് തെളിവില്ലെന്നും അതിനാല്‍ പോലീസിന്റെ ഉത്തരവ് നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User