പ്രവാസികൾക്ക് അന്താരാഷ്ട്ര മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് ഇനി പേടിഎം വഴി യുപിഐ പേയ്മെന്റുകൾ നടത്താം

Paytm introduces a convenient feature allowing NRIs to link their international mobile numbers with NRE/NRO accounts to make hassle-free UPI payments in India without an Indian SIM card.

പ്രവാസികൾക്ക് അന്താരാഷ്ട്ര മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് ഇനി പേടിഎം വഴി യുപിഐ പേയ്മെന്റുകൾ നടത്താം
Ai image ( പ്രതീകാത്മക ചിത്രം)

ന്യൂഡല്‍ഹി: പ്രവാസി മലയാളി അടക്കമുള്ള ഉപയോക്താക്കൾക്കായി നിർണായക അപ്‌ഡേറ്റുമായി പ്രമുഖ ഡിജിറ്റല്‍ പേയ്മെന്റ് കമ്പനിയായ പേടിഎം. രാജ്യാന്തര മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ച് തന്നെ പേടിഎം ആപ്പിലൂടെ യുപിഐ പേയ്മെന്റുകള്‍ നടത്താനുള്ള സൗകര്യമാണ് കമ്പനി പുതുതായി അവതരിപ്പിച്ചിരിക്കുന്നത്.

ഇതോടെ പ്രവാസികള്‍ നാട്ടിലെത്തുമ്പോള്‍ യുപിഐ ഉപയോഗിക്കുന്നതിനായി പുതിയൊരു ഇന്ത്യന്‍ സിം കാര്‍ഡ് എടുക്കുകയോ, വലിയ തുക ഇന്റര്‍നാഷനല്‍ റോമിങ് ചാർജ് നൽകി പഴയ ഇന്ത്യന്‍ സിം ആക്ടീവാക്കി നിലനിർത്തുകയോ ചെയ്യേണ്ടതില്ല.

എങ്ങനെ ഉപയോഗിക്കാം?

ഉപയോക്താക്കളുടെ എന്‍ആര്‍ഇ (NRE) അല്ലെങ്കില്‍ എന്‍ആര്‍ഒ (NRO) ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടുള്ള അന്താരാഷ്ട്ര ഫോൺ സിം ഉപയോഗപ്പെടുത്തി വളരെ എളുപ്പത്തിൽ ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഇതിനായി താഴെ പറയുന്ന ഘട്ടങ്ങൾ പാലിച്ചാൽ മതിയാകും:

നിങ്ങളുടെ ഫോണില്‍ പേടിഎം (Paytm) ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.

നിങ്ങളുടെ കൈവശമുള്ള രാജ്യാന്തര മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

ഒടിപി (OTP) വഴിയുള്ള എസ്എംഎസ് വെരിഫിക്കേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കുക.

നിങ്ങളുടെ രാജ്യാന്തര നമ്പറുമായി ലിങ്ക് ചെയ്തിട്ടുള്ള എന്‍ആര്‍ഇ അല്ലെങ്കില്‍ എന്‍ആര്‍ഒ ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുത്ത് കണക്ട് ചെയ്യുക.

പ്രവാസികൾക്ക് ഏറെ പ്രയോജനകരം

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ മറ്റ് നിരവധി വിദേശ രാജ്യങ്ങളിലെ മലയാളി പ്രവാസികള്‍ക്കും ഈ പുതിയ സംവിധാനം ഏറെ പ്രയോജനപ്പെടും. നിലവില്‍ യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ, സിംഗപ്പൂര്‍, ഹോങ്കോങ്, ഫ്രാന്‍സ്, മലേഷ്യ തുടങ്ങി 12 രാജ്യങ്ങളില്‍ നിന്നുള്ള ഉപയോക്താക്കള്‍ക്കാണ് ഈ സേവനം ആദ്യഘട്ടത്തിൽ ലഭ്യമാക്കിയിട്ടുള്ളത്.

ഈ സംവിധാനം നിലവില്‍ വരുന്നതോടെ നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് സാധാരണക്കാരെപ്പോലെ തടസ്സമില്ലാതെ ഡിജിറ്റല്‍ പേയ്മെന്റുകള്‍ നടത്താം. ഇതിനായി യാതൊരുവിധ പ്രത്യേക രാജ്യാന്തര പേയ്മെന്റ് ഗേറ്റ്വേകളുടെയോ കറന്‍സി കണ്‍വേര്‍ഷന്‍ സംവിധാനങ്ങളുടെയോ ആവശ്യമില്ലെന്നും പേടിഎം വ്യക്തമാക്കിയിട്ടുണ്ട്.

നാഷനല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (NPCI) പൂര്‍ണ പിന്തുണയോടെയാണ് സുരക്ഷിതമായ ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ബീറ്റാ (Beta) ഘട്ടത്തിലാണ് ഈ സേവനം ലഭ്യമാകുക.