പത്ത് വർഷത്തെ എൽഡിഎഫ് ഭരണം കേരളത്തിന്റെ ഊർജമേഖലയിൽ പ്രതിസന്ധിയുണ്ടാക്കി: പി.കെ. ഫൈസൽ

കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കുമായിരുന്ന കരാർ റദ്ദാക്കിയതാണ് ഇന്നത്തെ പ്രതിസന്ധിക്ക് കാരണമെന്നും പികെ ഫൈസൽ

Sep 12, 2026 - 19:15
0
പത്ത് വർഷത്തെ എൽഡിഎഫ് ഭരണം കേരളത്തിന്റെ ഊർജമേഖലയിൽ പ്രതിസന്ധിയുണ്ടാക്കി: പി.കെ. ഫൈസൽ

കാസർകോട്: പത്ത് വർഷക്കാലത്തെ ഇടതുമുന്നണി സർക്കാരിന്റെ വികലമായ ഭരണനയങ്ങൾ കേരളത്തിന്റെ ഊർജമേഖലയിലും സമ്പദ്ഘടനയിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചെന്ന് ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ. വൈദ്യുതി ഉൽപാദന രംഗത്ത് മുൻ യുഡിഎഫ് സർക്കാർ നടപ്പാക്കിയിരുന്ന പദ്ധതികൾ മുന്നോട്ടുകൊണ്ടുപോയിരുന്നെങ്കിൽ സംസ്ഥാനത്തിന് വലിയ നേട്ടമുണ്ടാക്കാനാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

യൂണിറ്റിന് 4 രൂപ 27 പൈസ നിരക്കിൽ ലക്ഷക്കണക്കിന് യൂണിറ്റ് വൈദ്യുതി 25 വർഷത്തേക്ക് ലഭ്യമാക്കുന്നതിനുള്ള കരാർ റദ്ദാക്കിയതും, തുടർന്ന് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്നതിനുള്ള കരാറുകളിൽ ഏർപ്പെട്ടതുമാണ് നിലവിലെ ഊർജപ്രതിസന്ധിക്ക് കാരണമായതെന്ന് പി.കെ. ഫൈസൽ ആരോപിച്ചു. വൈദ്യുതി ഉൽപാദനത്തിലും ദീർഘകാല ഊർജ ആസൂത്രണത്തിലും ഉണ്ടായ വീഴ്ചകളുടെ ഭാരം ഇന്ന് സംസ്ഥാനത്തെ ജനങ്ങളും സമ്പദ്ഘടനയും നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് മാസം മാത്രം പ്രായമായ യുഡിഎഫ് സർക്കാർ ജനക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതിനൊപ്പം ഗുരുതരമായ ഊർജപ്രതിസന്ധി മറികടക്കുന്നതിനുള്ള പ്രായോഗിക പദ്ധതികൾ ആവിഷ്കരിച്ച് നടപടികൾ സ്വീകരിച്ചുവരികയാണ്. ഈ ശ്രമങ്ങൾക്ക് ജനപിന്തുണ ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പ്രസ്ഥാനത്തിനകത്ത് സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സേവാദൾ പോലുള്ള സംഘടനകൾ സർക്കാരിന്റെ പ്രവർത്തനങ്ങളും ഊർജമേഖലയിലെ യാഥാർഥ്യങ്ങളും ജനങ്ങളിലെത്തിക്കുന്നതിനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും ഫൈസൽ ആവശ്യപ്പെട്ടു.

കാസർകോട് ഡിസിസി ഓഫീസിൽ സേവാദൾ ജില്ലാ ചെയർമാനായി നിയമിതനായ പ്രസാദ് ഒളവറയുടെ ചുമതലയേൽക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സേവാദൾ ജില്ലാ ചെയർമാൻ പ്രസാദ് ഒളവറ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി എം.സി. പ്രഭാകരൻ മുഖ്യപ്രഭാഷണം നടത്തി. സേവാദൾ ഭാരവാഹികളായ കെ.സി. മോഹനൻ, രാഹുൽ കാടാങ്കോട്, അഫ്സൽ ഹാജി, രാജൻ മാവിലാടം, അജിത്ത്, ഓം കൃഷ്ണ, രത്നാകരൻ, സുനിത രവീന്ദ്രൻ, ചിത്രലേഖ എന്നിവർ സംസാരിച്ചു. സേവാദൾ സംഘടനാ ജനറൽ സെക്രട്ടറി പീതാംബരൻ പി. സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് വി. കണ്ണൻ നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User