ഒരാളുടെ വോട്ടവകാശവും നഷ്ടപ്പെടരുത്; ബേലാ എസ്റ്റേറ്റിൽ രാഹുൽ ഗാന്ധി

728 പേരിൽ 727 പേരുടെ പേരുകൾ വോട്ടർപട്ടികയിൽ നിന്ന് നീക്കിയെന്ന് രാഹുൽ ഗാന്ധി; എസ്.ഐ.ആറിനെതിരെ രൂക്ഷ വിമർശനം

Sep 29, 2026 - 08:27
0
ഒരാളുടെ വോട്ടവകാശവും നഷ്ടപ്പെടരുത്; ബേലാ എസ്റ്റേറ്റിൽ രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഡൽഹിയിലെ യമുനാതീരത്തെ ബേലാ എസ്റ്റേറ്റ് പ്രദേശം സന്ദർശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എസ്.ഐ.ആറിന് പിന്നാലെ പ്രദേശത്തെ വോട്ടർപട്ടികയിൽ വലിയ തോതിൽ പേരുകൾ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിഷയത്തിലാണ് രാഹുൽ ഗാന്ധി പ്രദേശവാസികളെ നേരിൽ കണ്ടത്.

യമുനാതീരത്തെ ബേലാ എസ്റ്റേറ്റിൽ 728 പേർ താമസിക്കുന്നുണ്ടെന്നും എസ്.ഐ.ആറിന് ശേഷം വോട്ടർപട്ടികയിൽ ഒരാളുടെ പേര് മാത്രമാണ് ശേഷിച്ചതെന്നും ബാക്കി 727 പേരുടെ പേരുകൾ വെട്ടിമാറ്റിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പതിറ്റാണ്ടുകളായി ഇവിടെ താമസിക്കുന്നവരാണ് ഇവരെന്നും 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2025ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലും ഇവർ വോട്ട് ചെയ്തിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2023ൽ ഇവരുടെ വീടുകൾ പൊളിച്ചുമാറ്റിയെങ്കിലും പ്രദേശവാസികൾ മറ്റൊരിടത്തേക്ക് പോയിട്ടില്ലെന്നും ഇപ്പോഴും അവിടെത്തന്നെ താമസിക്കുന്നുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വീടുണ്ടോ ഇല്ലയോ എന്നത് ഒരാളുടെ വോട്ടവകാശവുമായി ബന്ധപ്പെടേണ്ട കാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രദേശത്തെ താമസക്കാരുമായി നേരിട്ട് സംസാരിച്ച രാഹുൽ ഗാന്ധി അവരുടെ പ്രശ്നങ്ങൾ കേട്ടു. തുടർന്ന് വിഷയത്തിൽ ബേലാ എസ്റ്റേറ്റിലെ സബ് ഡിവിഷണൽ മജിസ്ട്രേറ്റുമായി ഫോണിൽ സംസാരിക്കുകയും വോട്ടർപട്ടികയിൽ നിന്ന് പേരുകൾ ഒഴിവാക്കിയതിനെക്കുറിച്ച് വിശദീകരണം തേടുകയും ചെയ്തു.

വീടില്ലാത്തവർക്കായി ‘ഹൗസ് നമ്പർ 0’ എന്ന വ്യവസ്ഥ തന്നെയുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ടെന്നും, അങ്ങനെയിരിക്കെ 727 പേരുടെ പേരുകൾ എങ്ങനെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടുവെന്നും രാഹുൽ ഗാന്ധി ചോദിച്ചു. എസ്.ഐ.ആറിന്റെ പേരിൽ രാജ്യത്തെ ഏറ്റവും പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ടവരുടെ വോട്ടവകാശം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വീടുകൾ 2022–23 കാലയളവിൽ പൊളിച്ചുമാറ്റപ്പെട്ടതിനെ തുടർന്ന് രജിസ്റ്റർ ചെയ്ത വിലാസത്തിൽ ഇവർ സാധാരണ താമസക്കാരല്ലെന്ന നിലയിലാണ് പേരുകൾ കരട് പട്ടികയിൽ ഉൾപ്പെടുത്താതിരുന്നതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. അർഹരായവർക്ക് ഫോം 6 വഴി വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനുള്ള അവസരമുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.

വോട്ടവകാശം ഓരോ പൗരന്റെയും ജനാധിപത്യ അവകാശമാണെന്നും വീടില്ലാത്തവരുടെയും ദരിദ്രരുടെയും വോട്ടവകാശം സംരക്ഷിക്കപ്പെടണമെന്നും ആവശ്യപ്പെട്ടാണ് ബേലാ എസ്റ്റേറ്റിലെ സന്ദർശനത്തിന് ശേഷം രാഹുൽ ഗാന്ധി നിലപാട് വ്യക്തമാക്കിയത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User