ചൊറിയൻപുഴ യുദ്ധം അരങ്ങിലെത്തി; സി.ആർ. മഹേഷിന് പ്രഥമ സാംസ്കാരിക പുരസ്കാരം

വൈക്കം മുഹമ്മദ് ബഷീറിന്റെ ആശയലോകത്തുനിന്ന് പ്രചോദനം ഉൾക്കൊണ്ട നാടകത്തിന് മികച്ച പ്രേക്ഷകശ്രദ്ധ; സാമൂഹിക-സാംസ്കാരിക രംഗത്തെ സംഭാവനകൾ പരിഗണിച്ചാണ് സി.ആർ. മഹേഷിന് പുരസ്കാരം സമ്മാനിച്ചത്.

Nov 09, 2026 - 19:21
0
ചൊറിയൻപുഴ യുദ്ധം അരങ്ങിലെത്തി; സി.ആർ. മഹേഷിന് പ്രഥമ സാംസ്കാരിക പുരസ്കാരം

പത്തനംതിട്ട: പത്തനംതിട്ട സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ പഴയ സ്വകാര്യ ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച 'ചൊറിയൻപുഴ യുദ്ധം' നാടകം ശ്രദ്ധേയമായി. കെ.പി.സി.സി സാഹിതി തിയേറ്റേഴ്സ് അവതരിപ്പിച്ച നാടകം സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങൾ കലയുടെ ഭാഷയിൽ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടി.

സാംസ്കാരിക സമ്മേളനം അബിൻ വർക്കി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി മികച്ച സാംസ്കാരിക പ്രവർത്തനത്തിനുള്ള പത്തനംതിട്ട സാംസ്കാരിക കൂട്ടായ്മയുടെ പ്രഥമ പുരസ്കാരം കരുനാഗപ്പള്ളി എം.എൽ.എ സി.ആർ. മഹേഷിന് സമ്മാനിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ പ്രൊഫ. സതീഷ് കൊച്ചുപറമ്പിലാണ് പുരസ്കാരം കൈമാറിയത്. സാമൂഹിക, സാംസ്കാരിക മേഖലകളിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും പൊതുസമൂഹത്തോടുള്ള പ്രതിബദ്ധതയും പരിഗണിച്ചാണ് പുരസ്കാരം നൽകിയത്.

രാഷ്ട്രീയത്തിനപ്പുറം കലയും സംസ്കാരവും സാമൂഹിക ഇടപെടലുകളും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം സി.ആർ. മഹേഷ് എം.എൽ.എ ചടങ്ങിൽ ചൂണ്ടിക്കാട്ടി.

അധികാരത്തിനും സ്വാർത്ഥതാൽപര്യങ്ങൾക്കും വേണ്ടി നേതാക്കൾ യുദ്ധങ്ങൾ ആഗ്രഹിക്കുമ്പോൾ സാധാരണ മനുഷ്യർ അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങളാണ് നാടകത്തിന്റെ പ്രമേയം. വൈക്കം മുഹമ്മദ് ബഷീറിന്റെ ആശയലോകത്തുനിന്ന് പ്രചോദനം ഉൾക്കൊണ്ട അവതരണം സമകാലിക സമൂഹത്തോടുള്ള ശക്തമായ കലാപ്രതികരണമായി മാറി.

നാടകാവതരണവും സാംസ്കാരിക പുരസ്കാര സമർപ്പണവും ഒരേ വേദിയിൽ സംഘടിപ്പിച്ചതിലൂടെ പത്തനംതിട്ടയിലെ കലാ-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് പുതിയ ഊർജം പകരുന്നതിനും മികച്ച സാംസ്കാരിക പ്രവർത്തനങ്ങളെ ആദരിക്കുന്നതിനുമാണ് കൂട്ടായ്മ ലക്ഷ്യമിട്ടത്.

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട അധ്യക്ഷത വഹിച്ചു. യുഡിഎഫ് കൺവീനർ എ. ഷംസുദീൻ, നഗരസഭ ചെയർപേഴ്സൺ സിന്ധു അനിൽ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റോജി പോൾ ഡാനിയൽ, ഫാത്തിമ എസ്., നജിം രാജൻ, ആരിഫ് ഖാൻ എം.സി., അംബരീഷ് തട്ട, പ്രേം സാഗർ, അബിരാജ് പാടം, നസീം കുമ്മണ്ണൂർ, റ്റിജോ സാമുവൽ, ഫ്രിബിൻ ഫ്രാൻസിസ്, ഷെമീർ തടത്തിൽ, മുഹമ്മദ് റാഫി, മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മഞ്ചു വിശ്വനാഥ്, അജ്മൽ അലി, സുഹൈൽ നജീബ്, മുഹമ്മദ് റോഷൻ തുടങ്ങിയവരും സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User