വിധവയുടെ പെൻഷൻ വ്യാജ ഒപ്പിട്ട് തട്ടിയെടുത്തെന്ന് പരാതി; സിപിഎം നേതാവായ ബാങ്ക് ജീവനക്കാരന് സസ്പെൻഷൻ
പത്തുമാസത്തെ പെൻഷൻ തുകയായ 20,000 രൂപ തട്ടിയെടുത്തെന്നാണ് പരാതി; ഡിവൈഎഫ്ഐ നേതാവ് കെ.ടി. നൗഫലിനെ സിപിഎമ്മിൽനിന്ന് ഒരു വർഷത്തേക്ക് പുറത്താക്കി.
മലപ്പുറം: മങ്കടയിൽ വീട്ടമ്മയുടെ വിധവാ പെൻഷൻ വ്യാജ ഒപ്പിട്ട് തട്ടിയെടുത്തെന്ന പരാതിയിൽ സിപിഎം മങ്കട ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ നേതാവുമായ കെ.ടി. നൗഫലിനെ ബാങ്ക് അധികൃതർ സസ്പെൻഡ് ചെയ്തു. പെരിന്തൽമണ്ണ അർബൻ ബാങ്കിന്റെ മൂർക്കനാട് ശാഖയിലെ ജീവനക്കാരനാണ് നൗഫൽ.
മൂർക്കനാട് സ്വദേശിയായ വീട്ടമ്മയ്ക്ക് 2025 നവംബർ മുതൽ 2026 ഓഗസ്റ്റ് വരെയുള്ള പത്തുമാസത്തെ പെൻഷൻ തുകയായ 20,000 രൂപയാണ് ലഭിക്കാതിരുന്നത്. പെൻഷൻ ലഭിക്കുന്നില്ലെന്ന് പലതവണ പരാതിപ്പെട്ടെങ്കിലും പഞ്ചായത്ത് തുക അനുവദിച്ചിട്ടില്ലെന്നായിരുന്നു ഇവർക്ക് ലഭിച്ച മറുപടി.
തുടർന്ന് ബാങ്ക് രേഖകൾ പരിശോധിച്ചപ്പോഴാണ് വീട്ടമ്മയുടെ പേരിൽ വ്യാജ ഒപ്പിട്ട് പെൻഷൻ തുക കൈപ്പറ്റിയതായി കണ്ടെത്തിയത്. സംഭവത്തെത്തുടർന്ന് 18,000 രൂപ നൗഫൽ തിരികെ നൽകിയതായും റിപ്പോർട്ടുകളുണ്ട്. വീട്ടമ്മ കൊളത്തൂർ പൊലീസിൽ പരാതി നൽകിയതോടെ അന്വേഷണം ആരംഭിച്ചു.
സംഭവം വിവാദമായതോടെ നൗഫലിനെ ഒരു വർഷത്തേക്ക് പാർട്ടിയിൽനിന്ന് പുറത്താക്കാൻ സിപിഎം തീരുമാനിച്ചു. സഹകരണ ബാങ്ക് ജീവനക്കാർ വഴിയുള്ള പെൻഷൻ വിതരണം അവസാനിപ്പിക്കുന്നതിനെതിരെ നേരത്തെ മൂർക്കനാട് പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടന്ന സിപിഎം സമരത്തിന് നൗഫൽ നേതൃത്വം നൽകിയിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)