റെയിൽവേ വിഭജനം ഉത്തര മലബാറിന് തിരിച്ചടി; ആശങ്കയുമായി കാസർകോട് ജില്ലാ വികസന സമിതി
മംഗളൂരു മേഖലയുടെ വിഭജനം റെയിൽവേ വികസനത്തെയും യാത്രാ സൗകര്യങ്ങളെയും ഗുരുതരമായി ബാധിക്കുമെന്ന് ജില്ലാ വികസന സമിതി
പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് മംഗളൂരു മേഖലയെ മാറ്റി മൈസൂരു ഡിവിഷനിൽ ഉൾപ്പെടുത്താനുള്ള റെയിൽവേ ബോർഡ് തീരുമാനം ഉത്തര മലബാറിലെ റെയിൽവേ വികസനത്തെയും യാത്രാ സൗകര്യങ്ങളെയും ഗുരുതരമായി ബാധിക്കുമെന്ന് കാസർകോട് ജില്ലാ വികസന സമിതി. തീരുമാനം 2026 ഒക്ടോബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരും.
മംഗളൂരു ഉൾപ്പെടെയുള്ള മേഖല പാലക്കാട് ഡിവിഷനിൽനിന്ന് ഒഴിവാകുന്നതോടെ ഡിവിഷന്റെ വരുമാനത്തിലും പ്രവർത്തന ശേഷിയിലും വലിയ കുറവുണ്ടാകുമെന്ന ആശങ്കയാണ് കേരളത്തിൽ ഉയരുന്നത്. മംഗളൂരു മേഖലയിലെ പ്രധാന സ്റ്റേഷനുകളും പനമ്പൂർ ഉൾപ്പെടെയുള്ള തുറമുഖബന്ധിത റെയിൽവേ സംവിധാനങ്ങളും ഇനി മൈസൂരു ഡിവിഷന്റെ നിയന്ത്രണത്തിലാകും.
കാസർകോട് ഉൾപ്പെടെയുള്ള ഉത്തര മലബാർ ജില്ലകളിലെ യാത്രക്കാർക്ക് മംഗളൂരു പ്രധാന റെയിൽവേ കേന്ദ്രമായതിനാൽ പുതിയ ഭരണപരമായ മാറ്റം ഭാവിയിലെ പുതിയ ട്രെയിൻ സർവീസുകൾ, സർവീസ് നീട്ടൽ, സ്റ്റോപ്പുകൾ അനുവദിക്കൽ, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ കാര്യങ്ങളിൽ പ്രത്യാഘാതം സൃഷ്ടിക്കുമോയെന്ന ആശങ്കയും ജില്ലാ വികസന സമിതി ഉന്നയിക്കുന്നു.
മംഗളൂരു നഷ്ടപ്പെടുന്നതോടെ പാലക്കാട് ഡിവിഷന്റെ സാമ്പത്തിക അടിത്തറ ദുർബലമാകുമെന്നും അതുവഴി മലബാറിലെ റെയിൽവേ വികസന പദ്ധതികൾക്ക് ലഭിക്കുന്ന പരിഗണനയും ഫണ്ടും കുറയാനിടയുണ്ടെന്നും കേരളത്തിലെ ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതേസമയം, മംഗളൂരു മേഖലയെ മൈസൂരു ഡിവിഷനിലേക്ക് മാറ്റുന്നത് കർണാടകയിലെ റെയിൽവേ ശൃംഖലയെ കൂടുതൽ ഏകോപിപ്പിക്കാനും പ്രവർത്തന കാര്യക്ഷമത വർധിപ്പിക്കാനും സഹായിക്കുമെന്നാണ് റെയിൽവേയുടെ നിലപാട്.
തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ, വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടിരിക്കുകയാണ് കേരളം. ഉത്തര മലബാറിന്റെ റെയിൽവേ വികസനത്തിന് തിരിച്ചടിയാകുന്ന യാതൊരു നടപടിയും അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് കാസർകോട് ജില്ലാ വികസന സമിതി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)