കോൺഗ്രസിൽ നിർണായക നീക്കം; പുതിയ കെ.പി.സി.സി അധ്യക്ഷനെ ഉടൻ പ്രഖ്യാപിച്ചേക്കും
കെ.പി.സി.സി അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള കോൺഗ്രസ് ഹൈക്കമാൻഡ് ചർച്ചകൾ അവസാന ഘട്ടത്തിലെത്തിയതോടെ സെപ്റ്റംബർ ആദ്യവാരത്തിൽ പ്രഖ്യാപനമുണ്ടാകുമെന്ന സൂചന ശക്തമാകുന്നു.
കെ.പി.സി.സി അധ്യക്ഷൻ ആരാകുമെന്ന ആകാംഷ നിറഞ്ഞ കാത്തിരിപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. നേതാക്കളും പ്രവർത്തകരും ഒരുപോലെ ഉറ്റുനോക്കുന്ന ഈ പ്രഖ്യാപനം സെപ്റ്റംബർ ആദ്യ വാരം ഉണ്ടാകുമെന്ന സൂചനകളാണ് ദില്ലിയിൽ നിന്ന് പുറത്തുവരുന്നത്. ഡൽഹിയിലും കേരളത്തിലുമായി കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ കേന്ദ്ര നേതൃത്വവുമായി നടത്തിയ നിർണായക കൂടിക്കാഴ്ചകൾ ചർച്ചകളുടെ വേഗം കൂട്ടിയിട്ടുണ്ട്. എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, മുഖ്യമന്ത്രി വി.ഡി. സതീശൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി എന്നിവർ ഒരേ നിലപാടിൽ എത്തുന്നതോടെ പുതിയ അധ്യക്ഷന്റെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും. സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നിലപാടാണ് ഹൈക്കമാൻഡ് തീരുമാനത്തിൽ ഏറെ നിർണായകമാവുക. പരസ്യമായി പക്ഷം പിടിക്കില്ലെന്ന് പറയുമ്പോഴും, തന്റെ താല്പര്യങ്ങൾ കൂടി മുൻനിർത്തിയാകും പുതിയ അമരക്കാരനെ കെ.സി. വേണുഗോപാൽ നിർദ്ദേശിക്കുക.അതേസമയം, ഡി.സി.സി പുനഃസംഘടനയും പുതിയ അധ്യക്ഷ നിയമനവും വൈകുന്നതിലുള്ള ശക്തമായ അതൃപ്തി വ്യക്തമാക്കി രമേശ് ചെന്നിത്തല ദില്ലിയിലെത്തി ഹൈക്കമാൻഡ് നേതാക്കളെ കണ്ടത് ചർച്ചകളെ പുതിയ വഴിത്തിരിവിലാക്കി. രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവരെ നേരിട്ടുകണ്ട ചെന്നിത്തല, പാർട്ടിക്ക് മുഴുവൻ സമയ പ്രസിഡന്റ് വേണമെന്ന ശക്തമായ ആവശ്യമാണ് മുന്നോട്ടുവെച്ചത്. എം.പിമാർ പ്രസിഡന്റാകുന്നതിനെതിരെ പാർട്ടിയിൽ ഉയർന്ന അമർഷവും മുഴുവൻ സമയ പ്രസിഡന്റ് വേണമെന്ന ആവശ്യവും ചർച്ചകളിൽ സജീവമാണ്. കെ. മുരളിധരനും മുല്ലപ്പള്ളി രാമചന്ദ്രനും അടക്കമുള്ള മുൻ കെ.പി.സി.സി പ്രസിഡന്റുമാരും ഈ നിലപാടിനെ പരസ്യമായി പിന്തുണയ്ക്കുന്നുണ്ട്. മറ്റ് മുൻ അധ്യക്ഷന്മാരുമായി കൂടിയാലോചിച്ച് അന്തിമ തീരുമാനമെടുക്കാനാണ് ഹൈക്കമാൻഡ് ആലോചിക്കുന്നത്.രമേശ് ചെന്നിത്തല ഉന്നയിക്കുന്ന ആവശ്യത്തിന് പിന്നിൽ ജോസഫ് വാഴയ്ക്കന്റെ പേരിനാണ് മുൻതൂക്കം ലഭിക്കുന്നത്. സംഘടനാ മികവും മുതിർന്ന നേതാക്കളുടെ പിന്തുണയും വാഴയ്ക്കന് അനുകൂല ഘടകങ്ങളായി മാറുന്നുണ്ട്. എന്നാൽ, എം.പിയോ എം.എൽ.എയോ എന്നതിനേക്കാൾ പാർട്ടിയെ കാര്യക്ഷമമായി നയിക്കാനുള്ള പ്രാപ്തിയാണ് നോക്കേണ്ടതെന്നാണ് കെ.സി. വേണുഗോപാൽ വിഭാഗത്തിന്റെ നിലപാട്. സംസ്ഥാന സർക്കാരുമായി പൂർണമായും സഹകരിച്ചുപോകുന്ന വ്യക്തിയാകണം പാർട്ടി അധ്യക്ഷനെന്ന ശക്തമായ നിലപാടിലാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഭരണവും സംഘടനാ നേതൃത്വവും തമ്മിൽ മികച്ച ഏകോപനം വേണമെന്ന സതീശന്റെ തന്ത്രപരമായ നീക്കം ചില പ്രമുഖരുടെ സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട്. സർക്കാരുമായി കൊമ്പുകോർക്കുന്ന അധ്യക്ഷനെ നിയമിച്ച് അനാവശ്യ പരീക്ഷണങ്ങൾക്ക് മുതിരാൻ ഹൈക്കമാൻഡിനും താല്പര്യമില്ല.
യുവത്വത്തിന് മുൻഗണന നൽകണമെന്ന പൊതുവികാരം പാർട്ടിയിൽ ഉയർന്നാൽ ഷാഫി പറമ്പിലിന്റെയും മാത്യു കുഴൽനാടന്റെയും പേരുകൾ സജീവ പരിഗണനയിലെത്തും. എന്നാൽ, എം.പിമാർ സംഘടനാ ചുമതല വഹിക്കുന്നതിനെതിരെയുള്ള എതിർപ്പും സർക്കാരുമായി സഹകരിച്ചു പോകണമെന്ന നിർദ്ദേശവും ഇവരുടെ സാധ്യതകൾക്ക് വലിയ വെല്ലുവിളിയാകുന്നുണ്ട്. കോൺഗ്രസിന് ആദ്യമായി ഒരു ദളിത് കെ.പി.സി.സി പ്രസിഡന്റ് വേണമെന്ന ശക്തമായ അവകാശവാദവുമായി മുതിർന്ന എം.പി കൊടിക്കുന്നിൽ സുരേഷും കളം നിറയുന്നുണ്ട്. മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്റെ പിന്തുണയും കൊടിക്കുന്നിലിനുണ്ട്. സാമുദായിക സമവാക്യങ്ങൾ പരിഗണിച്ചാൽ കൊടിക്കുന്നിലിന്റെ പേരിന് കനത്ത തൂക്കമുണ്ടാകും.ബെന്നി ബെഹ്നാൻ, ആന്റോ ആന്റണി, യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എന്നിവരുടെ പേരുകളും അവസാന വട്ട ചർച്ചകളിൽ സജീവമായി നിലനിൽക്കുന്നുണ്ട്. എന്നാൽ ദില്ലിയിലെയും തിരുവനന്തപുരത്തെയും ഗ്രൂപ്പ് സമവാക്യങ്ങളും നീക്കുപോക്കുകളും എങ്ങനെയെല്ലാം മാറുമെന്നതിനെ ആശ്രയിച്ചായിരിക്കും ഇവരുടെ ഭാവി നിർണയിക്കപ്പെടുക. എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി നേതാക്കളുടെ അഭിപ്രായം ആരാഞ്ഞ ശേഷം നൽകുന്ന അവസാന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും പ്രഖ്യാപനം. മുഖ്യമന്ത്രിയും മറ്റ് പ്രമുഖ നേതാക്കളും ഒരേ ധാരണയിലെത്തിയാൽ, ആകാംഷകൾക്ക് വിരാമമിട്ട് കെ.പി.സി.സിയുടെ പുതിയ അമരക്കാരൻ വൈകാതെ തന്നെ രംഗത്തെത്തും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)