കേസ് എടുക്കാതെ പോകില്ല’; രാഹുലിന്റെ സമരത്തിന് മുന്നിൽ ദില്ലി പൊലീസിന് മുട്ടുമടക്കേണ്ടി വന്നു

പെല്ലറ്റ് ആക്രമണത്തിൽ പരുക്കേറ്റ വിദ്യാർത്ഥി സാഹിലിനായി ദില്ലി പൊലീസ് സ്റ്റേഷനിലെത്തി രാഹുൽ ഗാന്ധി നടത്തിയ പ്രതിഷേധത്തിന് പിന്നാലെ ഗുരുതര വകുപ്പുകൾ ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തു.

Aug 22, 2026 - 11:40
0
കേസ് എടുക്കാതെ പോകില്ല’; രാഹുലിന്റെ സമരത്തിന് മുന്നിൽ ദില്ലി പൊലീസിന് മുട്ടുമടക്കേണ്ടി വന്നു

ഇന്നലത്തെ പകൽ അക്ഷരാർത്ഥത്തിൽ രാഹുൽ ഗാന്ധി ദില്ലിയെ വിറപ്പിക്കുന്നതാണ് രാജ്യം കണ്ടത്. സിജെപി സമരത്തിലെ പൊലീസ് അതിക്രമത്തിൽ പരുക്കേറ്റ വിദ്യാർത്ഥികൾക്ക് നീതിക്കായി ലോക്‌സഭാ പ്രതിപക്ഷ നേതാവായ രാഹുൽ സന്ധിയില്ലാ സമരം തുടങ്ങിയിട്ട് ഒരു മാസമായ ദിവസമായിരുന്നു ഇന്നലെ.. ആ ദിനത്തിൽ സമരത്തിനിടെ ഗുരുതരമായി പരുക്കേറ്റ ഒരു വിദ്യാർത്ഥിക്ക് തോളോട് തോൾ ചേർന്ന്  നീതി വാങ്ങി നൽകാൻ രാഹുൽ നടത്തിയ ധീരമായ പോരാട്ടത്തിന് മുന്നിൽ ദില്ലി പോലീസ് മുട്ട് വിറച്ച് കീഴടങ്ങി. എന്താണ് ഇന്നലെ സംഭവിച്ചത്. സാഹിൽ ലോചബ് എന്ന 19 കാരനുമായി രാഹുൽ‌ മന്ദിർമാർഗ് പൊലീസ് സ്റ്റേഷനിലേക്ക് കയറിച്ചെന്നു. ആരാണീ സാഹിൽ.. ജൂലൈ 20 ന് നടന്ന സിജെപിയുടെ സൻസദ് ചലോ മാർച്ചിനിടെ നടന്ന പെല്ലറ്റ് ആക്രമണത്തൽ ഗുരുതരമായി പരുക്കേറ്റ വിദ്യാർത്ഥി.. പെല്ലറ്റുകൾ സാഹിലിന്റെ ശരീരത്തിൽ മാത്രമല്ല കണ്ണിലും തുളച്ചുകയറി. ഒരു കണ്ണിൻ്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു. ഇതിനെതിരെ പരാതി കൊടുത്തിട്ടും കേസെടുക്കാൻ ദില്ലി പോലീസ് തയ്യാറായില്ല. അന്വേഷണ ഉദ്യോഗസ്ഥനെ കുറിച്ചുള്ള വിവരങ്ങൾ പോലും നൽകിയില്ല. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ദില്ലിയിലെ കോൺഗ്രസിൻ്റെ മാധ്യമ ഗ്രൂപ്പിൽ ഒരറിയിപ്പ് വരുന്നു. രാഹുൽ ഗാന്ധി ഉടൻ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നു എന്നായിരുന്നു അത്. പിന്നാലെ രാഹുൽ  സാഹിലിനേയും മാതാവിനേയും കൂട്ടി പൊലീസ് സ്റ്റേഷനിലേക്ക് കയറി ചെന്നു. പരുക്കേറ്റതിൻ്റെ മെഡിക്കൽ രേഖകൾ ഉൾപ്പെടെ മുന്നിലേക്ക് വെച്ച് കേസ് രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പറ്റില്ലെന്നായിരുന്നു നിലപാട്. ഉടൻ അവിടെ നിന്നിറങ്ങി ദില്ലി സ്‌ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തി. അവിടെ ഉണ്ടായിരുന്ന ഡിസിപി ആദ്യം രാഹുലിനെ കാണാൻ വിസമ്മതിച്ചു എന്നാണ് കോൺഗ്രസ് പറയുന്നത്. കേസ് എടുക്കണമെന്ന ആവശ്യം അവിടെയും തള്ളിക്കളഞ്ഞു. പിന്നീട് ഒരു പതിവ് രാഹുൽ സ്‌റ്റൈൽ സർജിക്കൽ സ്‌ട്രൈക് ആണ് പൊലീസുകാർ കണ്ടത്. സ്റ്റേഷന് മുന്നിൽ സാഹിലിനും അമ്മയ്ക്കും ഒപ്പം കുത്തിയിരുന്ന രാഹുൽ കേസെടുക്കാതെ പോകില്ലെന്ന് കട്ടായം പറഞ്ഞു. എത്ര ദിവസം ഇരിക്കേണ്ടി വന്നാലും താൻ തയ്യാറാണെന്ന പ്രഖ്യാപനവും നടത്തി. ഈ സമരം ശരിയല്ലെന്ന് ഡിസിപി പറഞ്ഞെങ്കിലും രാഹുൽ കാര്യമാക്കിയില്ല.

അപ്പോഴേക്കും പ്രിയങ്ക ഗാന്ധിയും ജയറാം രമേശും സുർജേവാലയും കുമാരി ഷെൽജയും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും സ്റ്റേഷനിലേക്ക് ഇരച്ചെത്തി. ഇതോടെ വിറച്ച ഡിസിപി പിന്നീട് ഈ പ്രശ്നം പരിഹരിക്കാൻ ഉള്ള ഓട്ടത്തിലായി.. രാഹുലിനേയും പ്രിയങ്കയേയും മാറി മാറി വിളിച്ച് ചർച്ച നടത്തി. ആദ്യം വകുപ്പിടാതെ കേസെടുക്കാം എന്നായി ഡിസിപി. പക്ഷെ വഴങ്ങാൻ രാഹുൽ തയ്യാറായില്ല. ഒടുവിൽ രാഹുലിൻ്റെ പിടിവാശിക്ക് മുന്നിൽ പൊലീസിന് തലകുനിക്കേണ്ടി വന്നു. അങ്ങനെ മാരകായുധങ്ങൾ ഉപയോഗിച്ച് പരുക്കേൽപ്പിക്കൽ, ജീവന് ഭീഷണി ഉണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കൽ എന്നീ ഗുരുതര വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല എന്നാണ് പറയുന്നത്. ആറ് മണിക്കൂർ നീണ്ട രാഹുലിൻ്റെ പൊലീസ് സ്റ്റേഷൻ ഉപരോധത്തിന് ശേഷമാണ് എഫ്ഐആർ ഇട്ടത്. അതായത് തൻ്റെ മിന്നൽ നീക്കത്തിലൂടെ ദില്ലി പൊലീസിനെ മുക്കുകൊണ്ട് ക്ഷ വരപ്പിച്ചിരിക്കുകയാണ് ശരിക്കും രാഹുൽ.

സമരത്തിന് നേരെ പെല്ലറ്റ് ഗൺ ഉപയോഗിച്ചിട്ടേ ഇല്ല എന്നാണ് പൊലീസും കേന്ദ്രസർക്കാരും തുടക്കം മുതൽ വാദിക്കുന്നത്. എന്നാൽ സാഹിലിൻ്റെ കണ്ണിൽ നിന്നും ശരീരത്തിൽ നിന്നും നീക്കം ചെയ്ത പെല്ലറ്റുകൾ ഒരു കുപ്പിയിലിട്ട് കൊണ്ട് വന്ന് അത് മാധ്യമങ്ങൾക്കും പൊലീസിനും മുന്നിൽ ഉയർത്തിക്കാട്ടി ആ വാദത്തെ രാഹുൽ തകർത്തെറിഞ്ഞു. വ്യാഴാഴ്ചയാണ് സിജെപിയുടെ പാർലമെൻ്റ് മാർച്ചിലെ അക്രമവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി സുപ്രധാനമായ ഒരു വിധി പുറപ്പെടുവിച്ചത്. സമരത്തിനിടെ ഉണ്ടായ അതിക്രമത്തെ കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി മുൻ ജഡ്ജി ആർ സുഭാഷ് റെഡിയുടെ നേതൃത്വത്തിൽ അഞ്ചംഗ സമിതിയെ രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിൽ നിന്ന് ഉണ്ടായത്.. ആ സമിതിക്ക് മുന്നിലേക്കാണ് രാഹുൽ ഈ എഫ് എഫ്ഐആർ സമർപ്പിക്കുന്നത് എന്നതാണ് പ്രസക്തം. സത്യത്തിൽ രാഹുൽ എന്ന രാഷ്ട്രീയ നേതാവിൻ്റെ ഒരു വലിയ വിജയമായിട്ടാണ് കഴിഞ്ഞ ദിവസത്തെ സംഭവത്തെ വിലയിരുത്താവുന്നത്. കോൺഗ്രസ് ഇതിനോടകം തന്നെ ആ രീതിയിലുള്ള പ്രചരണങ്ങൾ ആരംഭിച്ച് കഴിഞ്ഞു. ഹീറോ ആയിട്ടാണ് പാർട്ടി രാഹുലിനെ വാഴ്ത്തുന്നത്. സിജെപി സമരവുമായി ബന്ധപ്പെട്ട് രാഹുൽ ആദ്യമായല്ല ഇത്തരമൊരു ചടുല നീക്കം നടത്തി ദേശീയ ശ്രദ്ധ നേടുന്നത്. ജൂലൈ 20 ന് സിജെപി പാർലമെൻ്റ് മാർച്ചിനെ പൊലീസ് തല്ലിച്ചതച്ചപ്പോൾ തൊട്ടടുത്ത ദിവസം പാർലമെൻ്റിൽ നിന്നിറങ്ങി രാഹുൽ നേരെ മോദിയുടെ വീടിന് മുന്നിൽ പോയി കുത്തിയിരുന്ന് പ്രതിഷേധിച്ചത് നാം കണ്ടതാണ്. ബിജെപിയും കേന്ദ്രസർക്കാരും ശരിക്കും ഞെട്ടിയ സംഭവമായിരുന്നു അത്. ഇൻ്റലിജൻസ് സംവിധാനത്തിൻ്റെ പരാജയമായി ആ സമരം ചർച്ചചെയ്യപ്പെട്ടു. പിന്നീട് തുടർച്ചയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ആക്രമിച്ച് പ്രതിരോധത്തിലാക്കി. വിദ്യാർത്ഥികളെ തല്ലിച്ചതച്ചതിൻ്റെ ഉത്തരവാദി അമിത് ഷായെന്ന വിമർശനത്തിന് മറുപടി ഇല്ലാതായി. ഷാ പാർലമെൻ്റിൽ പ്രസ്താവന നടത്തണമെന്ന നിലപാടിൽ ഉറച്ച് നിന്നു. ഇതോടെ 19 ദിവസം നീണ്ടുനിന്ന പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനത്തിൽ അവസാന ദിനം വന്ദേമാതരം ചൊല്ലി പിരിയാൻ മാത്രമാണ് മോദിയും ഷായും എത്തിയത്.

സിജെപി സമരങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ ശക്തമായി ഉയർന്ന് വരികയാണ്. നിലവിലെ സംവിധാനത്തിൽ അസ്വസ്ഥരായ വിദ്യാർത്ഥികളും യുവാക്കളും രണ്ടും കൽപ്പിച്ച് ഇറങ്ങിത്തിരിക്കുകയാണ്. രാജ്യത്തിൻ്റെ ഭാവി വാഗ്ദാനങ്ങളായ ഇവരുടെ ശബ്ദം കേട്ട് മാത്രമേ ഏതൊരാൾക്കും മുന്നോട്ട് പോകാൻ കഴിയു. തങ്ങളെ കേൾക്കാൻ ഒരാളുണ്ട് എന്ന തോന്നൽ അവർക്ക് നൽകാനുള്ള ശ്രമത്തിലാണ് രാഹുൽ. അത് തുടർച്ചയായി വിജയിക്കുന്നതാണ് രാജ്യം കാണുന്നത്. ഇതിനോടകം ഛാത്രോം കീ ഗൂഞ്ച് എന്ന രാഹുലിൻ്റെ സംവാദ പരിപാടി വലിയ തരംഗമായി കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതിയിൽ 800 ഓളം സംവാദങ്ങൾ നടത്താനുള്ള തീരുമാനമാണ് ഉണ്ടായത്. അങ്ങനെ രാജ്യത്തെ യുവത തങ്ങളുടെ നായകനായി അംഗീകരിക്കുന്ന നിലയിലേക്ക് രാഹുൽ വളരുന്നതാണ് ഈ ദിവസങ്ങളിൽ കാണുന്നത് എന്നതിൽ സംശയമില്ല..

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User