‘ഓണസമ്മാനം’: കൊച്ചി മെട്രോ നാല് സ്റ്റേഷനുകളിൽ പാർക്കിങ് ഫീസ് കുത്തനെ കൂട്ടി
കൊച്ചി: നിത്യേന യാത്രക്കായി മെട്രോയെ ആശ്രയിക്കുന്ന യാത്രക്കാരുടെ പോക്കറ്റടിക്കുന്ന തീരുമാനവുമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. നഗരത്തിലെ തിരക്കേറിയ പ്രധാന നാല് സ്റ്റേഷനുകളിൽ പാർക്കിങ് നിരക്കുകൾ കുത്തനെ കൂട്ടി ഉത്തരവിറക്കിയതോടെ അധികൃതർക്കെതിരെ ശക്തമായ ജനരോഷമാണ് ഉയരുന്നത്. ഇന്ധനവില വർധനവിലും ഗതാഗതക്കുരുക്കിലും വലയുന്ന സാധാരണക്കാരന് ഇരുട്ടടിയാവുന്നതാണ് കൊച്ചി മെട്രോയുടെ ഈ നീക്കം.
ആലുവ, എം.ജി. റോഡ്, വടക്കേകോട്ട, തൃപ്പൂണിത്തുറ എന്നീ നാല് പ്രധാന സ്റ്റേഷനുകളിലാണ് ഇപ്പോൾ ഫീസ് കൂട്ടിയിരിക്കുന്നത്. ഇരുചക്രവാഹനങ്ങൾക്ക് ആദ്യ രണ്ട് മണിക്കൂറിന് അഞ്ച് രൂപയായിരുന്നത് ഇപ്പോൾ പത്ത് രൂപയാക്കി കാറുകൾക്ക് 15 രൂപയായിരുന്നത് 20 രൂപയായും ഉയർത്തിയിട്ടുണ്ട്.
മെട്രോയിൽ യാത്ര ചെയ്യാതെ പാർക്കിങ് സ്ഥലം മാത്രം ഉപയോഗിക്കുന്നവർക്ക് വൻ തുകയാണ് പുതുതായി നിശ്ചയിച്ചിരിക്കുന്നത്. ഇത്തരക്കാരിൽ നിന്ന് ഇരുചക്ര വാഹനങ്ങൾക്ക് പ്രതിമാസം 1,500 രൂപയും കാറുകൾക്ക് 4,500 രൂപയോളവും ഈടാക്കാനാണ് തീരുമാനം.
വാഹനങ്ങളുടെ എണ്ണം കുത്തനെ വർധിക്കുന്നതും പാർക്കിങ് സ്ഥല സൗകര്യങ്ങളുടെ പരിമിതിയുമാണ് ഫീസ് വർധിപ്പിക്കാൻ കാരണമായി അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ പൊതുഗതാഗതം പ്രോത്സാഹിപ്പിക്കേണ്ട സ്ഥാപനം തന്നെ യാത്രക്കാരെ പിഴിഞ്ഞൂറ്റുകയാണെന്നാണ് കൊച്ചിയിലെ യാത്രക്കാരുടെ പരാതി. നിലവിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ എത്തുന്ന നാല് സ്റ്റേഷനുകളിലാണ് നിരക്ക് കൂട്ടിയതെങ്കിലും, ബാക്കിയുള്ള 10 സ്റ്റേഷനുകളിലും ഉടൻ തന്നെ ഈ നിരക്കുവർധന ബാധകമാക്കാൻ സാധ്യതയുണ്ടെന്നാണ് യാത്രക്കാർ ആരോപിക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)