ആകാശത്ത് കൃഷ്ണൻ "എയറിൽ"; ഇതെങ്ങനെ? തൃപ്പൂണിത്തുറയെ അമ്പരപ്പിച്ച നിശ്ചലദൃശ്യത്തിന് പിന്നിലെ മാജിക് ഇതാണ്!
തൃപ്പൂണിത്തുറ അത്തം ഘോഷയാത്രയിൽ ജനങ്ങളുടെ കണ്ണും മനസ്സും ഒരുപോലെ കവർന്ന കാഴ്ചയായിരുന്നു ആകാശത്ത് ഒരു താങ്ങുമില്ലാതെ നിലയുറപ്പിച്ച കൃഷ്ണരൂപം. പാഞ്ചാലി വസ്ത്രാക്ഷേപ പശ്ചാത്തലത്തിൽ, വായുവിൽ ഉയർന്നു നിന്ന് പാഞ്ചാലിക്ക് സാരി നൽകുന്ന കൃഷ്ണനെ കണ്ടവർ അത്ഭുതത്തോടെയാണ് നോക്കിനിന്നത്. ഐരേറ്റിൽ ബ്രദേഴ്സ് തൃപ്പൂണിത്തുറ അവതരിപ്പിച്ച് ഒന്നാം സമ്മാനം കരസ്ഥമാക്കിയ ഈ നിശ്ചലദൃശ്യം സോഷ്യൽ മീഡിയയിലും വലിയ തരംഗമായി മാറി.
എങ്ങനെയാണ് ഒരു മനുഷ്യനെ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന രീതിയിൽ നിർത്തിയത്? വായുവിൽ നിലയുറപ്പിച്ച ഈ വിസ്മയത്തിന് പിന്നിലെ സാങ്കേതിക രഹസ്യവും നിർമാണ രീതിയും വെളിപ്പെടുത്തുകയാണ് വെൽഡിങ് വർഷോപ് ഉടമ ദിനേശ് കുമാർ.
കൃത്യമായ പ്ലാനിംഗും നിർമാണവും
ശക്തമായ ഇരുമ്പ് ചട്ടക്കൂട്: ലോറിയുടെ പ്ലാറ്റ്‌ഫോമിൽ നിന്ന് 3 ഇഞ്ച് വീതിയും 1.5 ഇഞ്ച് കനവുമുള്ള രണ്ട് ഭാരമേറിയ ഇരുമ്പ് ട്യൂബുകൾ മുകളിലേക്ക് ഉയർത്തി വെൽഡ് ചെയ്തായിരുന്നു നിർമാണത്തിന്റെ തുടക്കം.

കൈയുടെയും ശരീരത്തിന്റെയും ആകൃതി: ഇതിന്റെ മുകളിൽ നിന്ന് കൈയുടെ ആകൃതിയിൽ കമ്പി വളച്ചെടുത്തു. തുടർന്ന് തോളിന്റെ ഭാഗത്തുനിന്ന് താഴേക്ക് കാലുകൾ വരെ ഒരിഞ്ചിന്റെ രണ്ട് സ്ക്വയർ ട്യൂബുകൾ വെൽഡ് ചെയ്ത് ബന്ധിപ്പിച്ചു.
അളവെടുപ്പ്: വസ്ത്രങ്ങൾ തയ്ക്കാൻ അളവെടുക്കുന്നത് പോലെ കൃഷ്ണനായി വേഷമിട്ട നിഖിൽ സത്യൻ എന്ന കലാകാരനെ നിർത്തി കൃത്യമായി അളവെടുത്താണ് സ്റ്റീൽ പ്ലേറ്റുകൾ കട്ട് ചെയ്ത് സപ്പോർട്ട് സിസ്റ്റം തയ്യാറാക്കിയത്.
വസ്ത്രങ്ങൾ കൊണ്ട് മറച്ചു: കൃഷ്ണന്റെ വേഷവിധാനവും പാഞ്ചാലിക്ക് നൽകുന്ന സാരികളും ഉപയോഗിച്ച് ഈ ഇരുമ്പ് നിർമിതി മുഴുവനായി മറച്ചതോടെ, വായുവിൽ നിൽക്കുന്ന കൃഷ്ണൻ മാത്രമായി കാഴ്ചക്കാരുടെ കണ്ണിൽ പതിഞ്ഞു.
സുരക്ഷയ്ക്കായിരുന്നു പ്രഥമ പരിഗണന
60 കിലോഗ്രാം തൂക്കമുള്ള നിഖിലിനെ വായുവിൽ നിർത്തുന്നതിന് മുൻപ് കടുത്ത സുരക്ഷാ പരിശോധനകൾ നടത്തിയിരുന്നു. ഒന്നിലധികം ആളുകൾ ഈ ഇരുമ്പ് ചട്ടക്കൂടുകളിൽ തൂങ്ങിനോക്കിയും, വാഹനം പെട്ടെന്ന് ഓടിച്ചും നിർത്തിയും കുലുക്കം പരിശോധിച്ച് പൂർണ സുരക്ഷിതത്വം ഉറപ്പുവരുത്തിയ ശേഷമാണ് കലാകാരനെ അതിലേക്ക് കയറ്റിയത്.

കലാവിരുതും കൂട്ടായ്മയും
മുൻപും സമാനമായ രീതിയിൽ വിസ്മയിപ്പിക്കുന്ന നിശ്ചലദൃശ്യങ്ങൾ ഐരേറ്റിൽ ബ്രദേഴ്സ് നിർമിച്ചിട്ടുണ്ട്. നിഖിൽ സത്യന് പുറമെ കണ്ണൻ പണ്ടാത്തിൽ, സിബിൽ ജോബ്, ആർ. ശബരിനാഥ്, സുദേവ് വി. അനിൽകുമാർ, കെ.എസ്. പ്രണവ് എന്നിവരും നിശ്ചലദൃശ്യത്തിൽ വേഷമിട്ടു. ടി. അരുൺ, അജയ് കൃഷ്ണൻ, അശ്വൻ ഭാസി, സിൽബിൻ ജോബ്, അജയ് രഘു, യദു ജയപ്രകാശ്, ഗൗതം കൃഷ്ണ, ബാബു പുളിമൂട്ടിൽ എന്നിവരായിരുന്നു അണിയറയിൽ ഈ അത്ഭുതം ഒരുക്കിയത്.

കലയും സാങ്കേതികവിദ്യയും കൃത്യമായ പ്ലാനിംഗും ഒത്തുചേർന്നപ്പോൾ പിറന്നത് കേവലം ഒരു നിശ്ചലദൃശ്യം മാത്രമായിരുന്നില്ല, മററിച്ച് അത്തം ഘോഷയാത്രയുടെ ചരിത്രത്തിൽ തന്നെ ഇടംപിടിച്ച അപൂർവ്വ വിസ്മയക്കാഴ്ചയായിരുന്നു. വിരസമായ പരമ്പരാഗത കാഴ്ചകളിൽ നിന്ന് മാറി ചിന്തിക്കാനും, ക്രിയേറ്റിവിറ്റിയും എൻജിനീയറിങ് ബുദ്ധിയും കൂട്ടിച്ചേർത്ത് ജനങ്ങളെ അത്ഭുതപ്പെടുത്താനും സാധിക്കുമെന്നതിന്റെ മികച്ച തെളിവാണ് ഐരേറ്റിൽ ബ്രദേഴ്‌സിന്റെ ഈ ഒന്നാം സമ്മാന നേട്ടം. ജനമനസ്സുകളിൽ ഒരേസമയം കൗതുകവും ആദരവും നിറച്ച കാഴ്ചക്കുപിന്നിൽ ഏറെ സമയവും ചിന്തയും കലാവിരുതും ആവശ്യമാണെന്ന് മനസ്സിലാക്കി തരുന്നതാണിത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)