സുകുമാരക്കുറുപ്പ് മരിച്ചെന്ന് ക്രൈംബ്രാഞ്ച് നിഗമനം; നാലര പതിറ്റാണ്ടിന് ശേഷം കേസ് അവസാനിപ്പിക്കാൻ നീക്കം

ചാക്കോ കൊലക്കേസിലെ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് വർഷങ്ങൾക്ക് മുമ്പ് ഹൃദ്രോഗത്തെ തുടർന്ന് മരിച്ചിരിക്കാമെന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച് എത്തിയതായി റിപ്പോർട്ട്.

Aug 27, 2026 - 14:56
0
സുകുമാരക്കുറുപ്പ് മരിച്ചെന്ന് ക്രൈംബ്രാഞ്ച് നിഗമനം; നാലര പതിറ്റാണ്ടിന് ശേഷം കേസ് അവസാനിപ്പിക്കാൻ നീക്കം

കൊച്ചി: നാലര പതിറ്റാണ്ടായി കേരള പൊലീസിനെ വലയ്ക്കുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് മരിച്ചെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്. ഹൃദ്രോഗത്തെ തുടർന്ന് വർഷങ്ങൾക്ക് മുമ്പ് കുറുപ്പ് മരിച്ചിരിക്കാമെന്ന സൂചനയാണ് കേസ് വീണ്ടും അന്വേഷിച്ച സംഘത്തിന് ലഭിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ പരിശോധിച്ച ശേഷം അന്തിമ റിപ്പോർട്ട് സമർപ്പിച്ച് അന്വേഷണം അവസാനിപ്പിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ ആലോചന.
1984 ജനുവരി 22ന് പുലർച്ചെയാണ് കേരളത്തെ നടുക്കിയ ചാക്കോ കൊലപാതകം നടന്നത്. സ്വന്തം പേരിലുള്ള ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിനായി താൻ മരിച്ചതായി വരുത്തിത്തീർക്കാനായിരുന്നു സുകുമാരക്കുറുപ്പിന്റെ നീക്കം. ഇതിനായി നിരപരാധിയായ ചാക്കോയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറിലിട്ട് കത്തിക്കുകയായിരുന്നു.

കേസിലെ മറ്റ് നാല് പ്രതികളും പിന്നീട് പിടിയിലായെങ്കിലും സുകുമാരക്കുറുപ്പിനെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ കുറുപ്പിനെക്കുറിച്ചുള്ള അന്വേഷണം പതിറ്റാണ്ടുകളായി തുടരുകയായിരുന്നു. തീർപ്പാകാതെ കിടക്കുന്ന കേസുകൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ഏകദേശം രണ്ട് മാസം മുമ്പാണ് ക്രൈംബ്രാഞ്ച് സുകുമാരക്കുറുപ്പ് കേസ് വീണ്ടും അന്വേഷിക്കാൻ തുടങ്ങിയത്. കൊലയ്ക്ക് ശേഷം കുറുപ്പിനെ നേരിട്ട് കണ്ടതായി പറയപ്പെടുന്ന ഏക മലയാളിയായ ജാർഖണ്ഡിൽ നഴ്സായി ജോലി ചെയ്തിരുന്ന ആലപ്പുഴ സ്വദേശിനി രത്നമ്മയിൽനിന്നും അന്വേഷണസംഘം മൊഴിയെടുത്തു.

രത്നമ്മ ജോലി ചെയ്തിരുന്ന ആശുപത്രിയിൽ ഹൃദ്രോഗത്തെ തുടർന്ന് കുറുപ്പ് ചികിത്സയിലായിരുന്നുവെന്നാണ് മൊഴിയിൽനിന്ന് ലഭിച്ച വിവരം. അന്ന് ഏകദേശം 40 വയസ്സുണ്ടായിരുന്ന കുറുപ്പ് ഹൃദ്രോഗബാധിതനായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായതായി റിപ്പോർട്ടുകളുണ്ട്.
ഹൃദ്രോഗബാധിതനായിരുന്ന ഒരാൾ പിന്നീട് ഇത്രയും വർഷം ജീവിച്ചിരിക്കാനുള്ള സാധ്യത കുറവാണെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. കുറുപ്പിന്റെ ഭാര്യ ഉൾപ്പെടെയുള്ള ബന്ധുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയെങ്കിലും കുറുപ്പുമായി അടുത്തകാലത്ത് ബന്ധമുണ്ടായിരുന്നതായി തെളിവുകളൊന്നും ലഭിച്ചില്ലെന്നാണ് സൂചന.

ഇവയെല്ലാം പരിഗണിച്ചാണ് സുകുമാരക്കുറുപ്പ് ഇപ്പോൾ ജീവനോടെയില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച് എത്തിയത്. എന്നാൽ ഏതാനും വിവരങ്ങൾ കൂടി പരിശോധിച്ച ശേഷമേ ഔദ്യോഗികമായി അന്തിമ തീരുമാനമെടുക്കൂ.അന്വേഷണസംഘം ഒരു മാസത്തിനുള്ളിൽ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് വിവരം. റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും കേസ് ഫയൽ എന്നെന്നേക്കുമായി അടയ്ക്കണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുക. നാലര പതിറ്റാണ്ടായി കേരള പൊലീസിന്റെ അന്വേഷണ ചരിത്രത്തിലെ ഏറ്റവും വലിയ ദുരൂഹതകളിലൊന്നായി തുടരുന്ന സുകുമാരക്കുറുപ്പ് കേസ് ഇതോടെ അവസാനത്തിലേക്ക് നീങ്ങുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User