പ്രിയദർശിനി പദ്ധതി: സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്ര റദ്ദാക്കണമെന്ന് ആവശ്യം; കോംപറ്റീഷൻ കമ്മിഷന് ഹർജി
Priyadarshini Scheme: Bus Owners Approach Competition Commission; Demand to Scrap Free Travel for Women
കൊച്ചി ∙ യുഡിഎഫ് സർക്കാർ നടപ്പാക്കിയ പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി ഉടൻ റദ്ദാക്കണമെന്ന് അഭ്യർഥിച്ചു തൃശൂർ സ്വദേശിയായ ബസ് ഉടമ കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയെ (സിസിഐ) സമീപിച്ചു. സിസിഐ ഹർജി ഫയലിൽ സ്വീകരിച്ചതോടെ പദ്ധതിയുടെ സാധുത സംബന്ധിച്ചു പുതിയ നിയമ പോരാട്ടത്തിനു കളം തെളിഞ്ഞു.
ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ തൃശൂർ ജില്ലാ പ്രസിഡന്റും ബസ് ഉടമകളുടെ കോഓർഡിനേഷൻ കമ്മിറ്റിയുടെ സംസ്ഥാന പ്രസിഡന്റുമായ ബിബിൻ ടി.ആലപ്പാട്ടാണു ഹർജി സമർപ്പിച്ചത്. കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രാ പദ്ധതി നടപ്പാക്കിയതു സ്വകാര്യ ബസുകളുടെ മത്സര ക്ഷമത ഇല്ലാതാക്കിയെന്നും കെഎസ്ആർടിസിക്കു മാത്രം നേട്ടം ലഭിക്കാൻ ഇടയാക്കിയെന്നുമാണു ഹർജിയിലെ പരാതി.
വിപണിയിലെ തുല്യ മത്സര സാഹചര്യമെന്ന സാമാന്യ നീതിക്കു വിരുദ്ധമാണു സർക്കാർ പദ്ധതി. ഇതു നടപ്പാക്കിയതോടെ പ്രൈവറ്റ് സ്റ്റേജ് കാരിയേഴ്സിൽനിന്നു വൻതോതിൽ സ്ത്രീ യാത്രക്കാർ കെഎസ്ആർടിസിയിലേക്കു യാത്ര മാറ്റി. യാത്ര സൗജന്യമാണ് എന്ന ഏക കാരണത്താലാണ് അവർ കെഎസ്ആർടിസിയിലേക്കു മാറിയത്. അതു മൂലം സ്വകാര്യ ബസുകളുടെ വരുമാനത്തിൽ വലിയ നഷ്ടമാണു സംഭവിച്ചത്. ബസ് സർവീസ് നടത്തുകയെന്നതു സാമ്പത്തികമായി ലാഭകരമല്ലാതായി.
നഷ്ടം മൂലം ഇതിനകം 750 സ്വകാര്യ ബസുകൾ സർവീസ് നിർത്തി. കൂടുതൽ ബസുകൾ സർവീസ് അവസാനിപ്പിക്കുന്നതിന്റെ വക്കിലാണ്. ഓരോ ദിവസവും കൂടുതൽ സ്ത്രീ യാത്രക്കാർ ഒഴിഞ്ഞു പോകുന്നതു സ്വകാര്യ ബസുകളുടെ സാമ്പത്തിക നഷ്ടം വർധിപ്പിക്കുന്നു. സർവീസുകൾ ഇല്ലാതാകുന്നത് ആയിരക്കണക്കിനാളുകളുടെ തൊഴിൽ നഷ്ടത്തിനാണ് ഇടയാക്കുന്നതെന്നും ഹർജിയിൽ പറയുന്നു.

പ്രിയദർശിനി പദ്ധതി: പ്രധാന 5 നേട്ടങ്ങൾ
-
സ്ത്രീ ശാക്തീകരണവും സാമ്പത്തിക ലാഭവും: ദിനംപ്രതി യാത്ര ചെയ്യുന്ന ജോലിചെയ്യുന്ന സ്ത്രീകൾ, വിദ്യാർഥിനികൾ, കച്ചവടക്കാർ എന്നിവർക്ക് യാത്രാച്ചെലവ് പൂർണ്ണമായും ഒഴിവാകുന്നതിലൂടെ വലിയൊരു തുക പ്രതിമാസം സമ്പാദിക്കാൻ സാധിക്കുന്നു.
-
തൊഴിൽ-സാമൂഹിക മേഖലകളിലെ പങ്കാളിത്തം: സൗജന്യ യാത്ര ലഭ്യമാകുന്നതോടെ വിദൂര സ്ഥലങ്ങളിൽ പോയി ജോലി ചെയ്യാനും പഠിക്കാനും സ്ത്രീകൾ മുന്നോട്ടുവരുന്നു. ഇത് സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർധിപ്പിക്കുന്നു.
-
സുരക്ഷിതപൊതുഗതാഗതം: പൊതുഗതാഗത സംവിധാനമായ കെഎസ്ആർടിസിയെ കൂടുതൽ സ്ത്രീകൾ ആശ്രയിക്കാൻ തുടങ്ങിയതോടെ യാത്രാ സുരക്ഷിതത്വവും ആത്മവിശ്വാസവും വർധിച്ചു.
-
ഭിന്നലിംഗക്കാരുടെ ഉൾക്കൊള്ളൽ: സ്ത്രീകൾക്ക് പുറമെ ഭിന്നലിംഗക്കാർക്കും (Transgender) പദ്ധതിയിലൂടെ സൗജന്യ യാത്ര ഉറപ്പാക്കിയത് സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് വലിയ പിന്തുണയായി.
-
കെഎസ്ആർടിസിയിലെ യാത്രക്കാരുടെ വർധന: ഓർഡിനറി കെഎസ്ആർടിസി ബസുകളിൽ യാത്രക്കാരുടെ എണ്ണം വലിയ തോതിൽ ഉയരാൻ ഈ പദ്ധതി കാരണമായി.
5 പ്രധാന പ്രതിസന്ധികൾ
-
സ്വകാര്യ ബസ് മേഖലയുടെ തകർച്ച: സ്ത്രീ യാത്രക്കാർ പൂർണ്ണമായും കെഎസ്ആർടിസിയിലേക്ക് മാറിയതോടെ സ്വകാര്യ ബസുകളുടെ വരുമാനം കുത്തനെ ഇടിഞ്ഞു. 750-ഓളം ബസുകൾ ഇതിനകം സർവീസ് നിർത്തിവച്ചു.
-
തൊഴിൽ നഷ്ടം: സ്വകാര്യ ബസുകൾ സർവീസ് അവസാനിപ്പിക്കുന്നതോടെ ഡ്രൈവർമാർ, കണ്ടക്ടർമാർ, ക്ലീനർമാർ ഉൾപ്പെടെ ആയിരക്കണക്കിന് തൊഴിലാളികളുടെ ഉപജീവനമാർഗ്ഗം അപകടത്തിലായി.
-
ഖജനാവിന് വൻ സാമ്പത്തിക ബാധ്യത: പദ്ധതിക്കായി പ്രതിമാസം 65 മുതൽ 75 കോടി രൂപ വരെയും (വർഷത്തിൽ 800 കോടിയോളം രൂപ) സർക്കാർ കെഎസ്ആർടിസിക്ക് നൽകേണ്ടി വരുന്നത് സംസ്ഥാന ഖജനാവിന് ഭാരിച്ച സാമ്പത്തിക ബാധ്യത വരുത്തുന്നു.
-
കെഎസ്ആർടിസിയിലെ തിരക്കും യാത്രാ ദുരിതവും: സൗജന്യ യാത്ര കാരണം ഓർഡിനറി ബസുകളിൽ വൻ തിരക്ക് അനുഭവപ്പെടുകയും, പ്രായമായവർക്കും പുരുഷന്മാർക്കും സമയബന്ധിതമായി യാത്ര ചെയ്യാൻ ബുദ്ധിമുട്ട് നേരിടുകയും ചെയ്യുന്നു. പലപ്പോഴും ജനറൽ സീറ്റുൾപ്പടെ പ്രായം ചെന്ന പുരുഷൻമാർക്ക് പോലും സീറ്റ് കിട്ടാത്ത അവസ്ഥ.
-
പ്രാദേശിക അസമത്വം: മലബാർ മേഖലകളിൽ കെഎസ്ആർടിസി ഓർഡിനറി സർവീസുകൾ കുറവായതിനാൽ അവിടെയുള്ള യാത്രക്കാർക്ക് പദ്ധതിയുടെ പൂർണ്ണ ആനുകൂല്യം ലഭിക്കുന്നില്ലെന്നും തെക്കൻ ജില്ലകൾക്ക് മാത്രമായി ആനുകൂല്യം ഒതുങ്ങുന്നുവെന്നും വിമർശനമുണ്ട്.