AIക്ക് മനുഷ്യരുടെ ജോലി നഷ്ടപ്പെടുത്താമോ? ഉബർ കേസിൽ നിർണായക വിധി

ഡ്രൈവർമാരുടെ അക്കൗണ്ടുകൾ സസ്‌പെൻഡ് ചെയ്യാനും ഡീആക്ടിവേറ്റ് ചെയ്യാനും AI സംവിധാനങ്ങൾ ഉപയോഗിച്ചെന്ന പരാതിയിൽ ഉബറിന് ഡച്ച് അധികൃതർ വൻ പിഴ ചുമത്തിയതോടെ AIയുടെ തീരുമാനാധികാരം വീണ്ടും ചർച്ചയാകുന്നു.

Aug 24, 2026 - 17:02
0
AIക്ക് മനുഷ്യരുടെ ജോലി നഷ്ടപ്പെടുത്താമോ? ഉബർ കേസിൽ നിർണായക വിധി

ഒറ്റ ക്ലിക്കിൽ ജോലി നഷ്പ്പെടുന്ന കാലമാണോ വരാൻ പോകുന്നതെന്ന ആശങ്കയിലാണ് ലോകം എത്തി നിൽക്കുന്നത്. ഇന്നത്തെ കാലത്ത് മനുഷ്യരുടെ ജോലി എളുപ്പമാക്കുന്നതിനു വേണ്ടിയാണ് കൃത്രിമ ബുദ്ധി (AI) പോലെയുള്ള സംവിധാനങ്ങൾ സൃഷ്ടിക്കുന്നത്. എന്നാൽ ഇതേ കൃത്രിമ ബുദ്ധി മൂലം മനുഷ്യരുടെ ഉള്ള ജോലി കൂടെ പോകുന്ന അവസ്ഥ വന്നാലോ? അതെ, അതുപോലൊരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഓൺലൈൻ ടാക്സി കമ്പനിയായ ഉബറിനെതിരെ യൂറോപ്പിൽ നടന്ന നിയമനടപടിയുടെ വാർത്തകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച വിഷയമായിരിക്കുന്നത്. ഡ്രൈവർമാരുടെ അക്കൗണ്ടുകൾ സസ്‌പെൻഡ് ചെയ്യാനും ഡീആക്ടിവേറ്റ് ചെയ്യാനും ഓട്ടോമേറ്റഡ് സംവിധാനങ്ങൾ ഉപയോഗിച്ചെന്ന കേസിൽ ഉബറിന് വൻ പിഴ ചുമത്തിയതോടെയാണ് ‘AI തീരുമാനിക്കട്ടെ, മനുഷ്യൻ പുറത്താകട്ടെ’ എന്ന രീതിക്ക് നിയന്ത്രണം വേണമെന്ന വാദം ശക്തമാകുന്നത്. 

ഡ്രൈവർമാരുടെ അക്കൗണ്ടുകൾ സസ്‌പെൻഡ് ചെയ്യുന്നതിനും ഡീആക്ടിവേറ്റ് ചെയ്യുന്നതിനും ഓട്ടോമേറ്റഡ് സംവിധാനങ്ങൾ ഉപയോഗിച്ചെന്ന പരാതിയിൽ ഉബറിന് ഡച്ച് ഡാറ്റ പ്രൊട്ടക്ഷൻ അതോറിറ്റി വൻ പിഴയാണ് ചുമത്തിയിരിക്കുന്നത്. 82.5 കോടി യൂറോയാണ് പിഴ. ഏകദേശം 9,244 കോടി രൂപ വരുമിത്. ഒരു വ്യക്തിയുടെ തൊഴിലും ഉപജീവനവും നേരിട്ട് ബാധിക്കുന്ന തീരുമാനങ്ങൾ AI സംവിധാനങ്ങൾ മാത്രം കൈക്കൊള്ളുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ഡച്ച് അധികൃതരുടെ നിലപാട്. ഡ്രൈവർമാരുടെ കസ്റ്റമർ റേറ്റിങ് ഉൾപ്പെടെയുള്ള വിവരങ്ങൾ പരിശോധിച്ചാണ് ചില തീരുമാനങ്ങൾ AI സംവിധാനം എടുത്തതെന്നും ഇതിന്റെ അടിസ്ഥാനത്തിൽ ചിലരുടെ അക്കൗണ്ടുകൾ സ്ഥിരമായി ഡീആക്ടിവേറ്റ് ചെയ്തതായും അധികൃതർ ചൂണ്ടിക്കാട്ടി. ഇത്തരം നിർണായക തീരുമാനങ്ങൾക്ക് മുൻപ് മനുഷ്യരുടെ മേൽനോട്ടവും വിശദീകരിക്കാനുള്ള അവസരവും ഉറപ്പാക്കേണ്ടതുണ്ടെന്നും അവർ വ്യക്തമാക്കി. എന്നാൽ, AI സംവിധാനം മാത്രം ഉപയോഗിച്ച് ഡ്രൈവർമാരുടെ അക്കൗണ്ടുകൾ സ്ഥിരമായി ഡീആക്ടിവേറ്റ് ചെയ്തിട്ടില്ലെന്നാണ് കമ്പനിയുടെ വാദം.

ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെയുള്ള സസ്‌പെൻഷനുകൾ താത്കാലികമാണെന്നും സ്ഥിരമായി അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്യുന്നതിന് മുമ്പ് മനുഷ്യരുടെ പരിശോധന നടത്താറുണ്ടെന്നും ഉബർ വ്യക്തമാക്കി. ഡച്ച് അധികൃതരുടെ നടപടിക്കെതിരെ അപ്പീൽ നൽകുമെന്നും കമ്പനി അറിയിച്ചു.ഫ്രാൻസിലെ ഉബർ ഡ്രൈവർമാരുടെ പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.2019-ൽ അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്യപ്പെട്ട ഒരു മുൻ ഡ്രൈവറാണ് സമാന നടപടി നേരിട്ട മറ്റ് ഡ്രൈവർമാരുടെ വിവരങ്ങൾ ശേഖരിച്ചത്. ഏകദേശം 170 ഡ്രൈവർമാരുടെ വിവരങ്ങൾ ശേഖരിച്ച ശേഷം അദ്ദേഹം നെതർലാൻഡ്സിലെ ഉബറിന്റെ യൂറോപ്യൻ ആസ്ഥാനത്തിനെതിരെ പരാതി നൽകി.
ഉബറിന്റെ AI സംവിധാനങ്ങൾ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എങ്ങനെയാണ് എടുക്കുന്നതെന്ന് മനസ്സിലാക്കാൻ ഡ്രൈവർമാരെ സഹായിച്ചത് സ്വിസ് ഡിജിറ്റൽ റൈറ്റ്സ് സംഘടനയായ PersonalData.io ആയിരുന്നു. 

ഈ കേസിലൂടെ തൊഴിൽ നഷ്ടപ്പെടുന്നത് പോലുള്ള ഗുരുതരമായ പ്രത്യാഘാതങ്ങളുള്ള തീരുമാനങ്ങൾ AI-ക്ക് പൂർണമായി വിട്ടുകൊടുക്കാമോ എന്ന ചോദ്യമാണ് ലോകത്തിനു മുന്നിൽ ഉയരുന്നത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User