വിദ്യാർത്ഥികൾക്കൊപ്പം രാഹുൽ; ജെൻസിയെ ചേർത്തുപിടിക്കാൻ കോൺഗ്രസിന്റെ പുതിയ തന്ത്രം

വിദ്യാർത്ഥി പ്രക്ഷോഭങ്ങളിൽ അടിച്ചമർത്തപ്പെട്ട യുവാക്കൾക്കൊപ്പം നിൽക്കുകയും നേരിട്ടുള്ള സംവാദങ്ങളിലൂടെ ജെൻസിയിലേക്ക് അടുക്കുകയും ചെയ്യുന്ന രാഹുൽ ഗാന്ധിയുടെ പുതിയ രാഷ്ട്രീയ സമീപനം ശ്രദ്ധ നേടുന്നു.

Aug 24, 2026 - 13:27
0
വിദ്യാർത്ഥികൾക്കൊപ്പം രാഹുൽ; ജെൻസിയെ ചേർത്തുപിടിക്കാൻ കോൺഗ്രസിന്റെ പുതിയ തന്ത്രം

സമരം നടത്താനും നേതാവാകാനും ആർക്കും കഴിഞ്ഞേക്കാം. എന്നാൽ തെരുവിൽ ഒപ്പം നിൽക്കുന്ന സാധാരണക്കാരായ പ്രവർത്തകരുടെയും വിദ്യാർത്ഥികളുടെയും പ്രയാസങ്ങളെ സ്വന്തം പ്രയാസമായി കണ്ട് അവരെ ചേർത്തുപിടിക്കുന്നവരാണ് യഥാർത്ഥ നേതാവായി മാറുന്നത്. കോക്രോച്ച്  ജനത പാർട്ടി അഥവാ സിജെപി  രാജ്യതലസ്ഥാനത്ത് സംഘടിപ്പിച്ച പ്രക്ഷോഭത്തിൽ അടിച്ചമർത്തപ്പെട്ട വിദ്യാർത്ഥികൾക്ക് നീതി വാങ്ങി നൽകാൻ തീരുമാനിച്ചു കഴിഞ്ഞു രാഹുൽ ഗാന്ധി. ഇന്ത്യയിലെ പുതിയ തലമുറയായ ജെൻസിയുമായി  കൂടുതൽ അടുക്കാനും അവരുടെ വികാരങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലാനും കോൺഗ്രസ് തീരുമാനിച്ചു കഴിഞ്ഞു എന്നതിന്റെ വ്യക്തമായ സൂചന കൂടിയാണ് ഡൽഹിയിലും പൂണെയിലും കണ്ട രാഷ്ട്രീയ നീക്കങ്ങൾ .കഴിഞ്ഞ ജൂലായ് 20-ന് സി.ജെ.പി. രാജ്യതലസ്ഥാനത്ത് നടത്തിയ പ്രതിഷേധ പ്രക്ഷോഭത്തിൽ പങ്കെടുക്കവേ, ക്രൂരമായ പെല്ലറ്റ് ആക്രമണത്തിന് ഇരയായി ശരീരമാസകലം പരിക്കേറ്റ സാഹിൽ ലോച്ചാബ് എന്ന വിദ്യാർത്ഥിയുടെ അനുഭവം രാജ്യത്തെ ഞെട്ടിച്ച ഒന്നായിരുന്നു. ഗുരുതരമായി പരിക്കേറ്റിട്ടും ഡൽഹി പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ചപ്പോൾ, അതിനെതിരെ അതിശക്തമായ നിയമ-രാഷ്ട്രീയ ഇടപെടൽ നടത്തിയത് രാഹുൽ ഗാന്ധിയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥികൾ ഏതു രാഷ്ട്രീയ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നു അല്ലെങ്കിൽ ഏത് പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കുന്നു എന്ന് നോക്കാതെ, അനീതിക്ക് ഇരയായ യുവാക്കൾക്കൊപ്പം നിൽക്കുമെന്ന കൃത്യമായ സന്ദേശമാണ് രാഹുലും കോൺഗ്രസും ഇതിലൂടെ നൽകിയത്. കേവലം ഒരു താൽക്കാലിക പ്രതിഷേധത്തിനപ്പുറം, ആലോചിച്ചുറച്ച രാഷ്ട്രീയ സമീപനത്തിന്റെ ഭാഗമായിരുന്നു ഈ ഇടപെടൽ. പെല്ലറ്റ് പ്രയോഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിലെത്തി വ്യക്തമായ മറുപടി പറയണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന് പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിലുടനീളം കോൺഗ്രസ് പ്രതിഷേധം ആളിക്കത്തിച്ചതും ഈ കാഴ്ചപ്പാടിന്റെ തുടർച്ചയായിരുന്നു.

ഇന്ത്യയുടെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കുന്നതിൽ ഏറ്റവും പ്രാധാന്യം നൽകേണ്ട ശക്തിയായി ഉയർന്നുവരുന്നത് പുതിയ തലമുറയാണെന്ന് രാഹുൽ ഗാന്ധി ഇതിനോടകം തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. തൊഴിലില്ലായ്മയും വിദ്യാഭ്യാസ മേഖലയിലെ തകർച്ചയും ഭരണകൂട അടിച്ചമർത്തലുകളും നേരിടുന്ന ജെൻസി വിഭാഗത്തെ ചേർത്തുപിടിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. വിദ്യാർത്ഥി പ്രക്ഷോഭങ്ങളിൽ പെൺകുട്ടികൾ വഹിക്കുന്ന നിർണ്ണായക പങ്കിനെക്കുറിച്ച് രാഹുൽ ഗാന്ധി നിരന്തരം സംസാരിക്കുന്നുണ്ട്. കഴഞ്ഞ ദിവസം പൂണെയിൽ സംഘടിപ്പിച്ച 'ഛാത്രോം കീ ഗൂഞ്ച്' എന്ന പരിപാടിയിൽ പെൺകുട്ടികളുമായി പ്രത്യേകമായി സംവാദത്തിൽ ഏർപ്പെടുമെന്ന് അദ്ദേഹം മുൻകൂട്ടി പ്രഖ്യാപിച്ചിരുന്നു. പൂണെയിലെ ഈ സംവാദത്തിനിടെ മനുസ്മൃതി പോലുള്ള ആശയങ്ങളെ പരസ്യമായി കടന്നാക്രമിച്ചതും രാഷ്ട്രീയമായി ഏറെ ശ്രദ്ധ നേടുകയുണ്ടായി. വരാനിരിക്കുന്ന ഉത്തർപ്രദേശ് അടക്കമുള്ള നിർണ്ണായക സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ എതിരാളികൾ തനിക്കെതിരെ ഈ പരാമർശങ്ങൾ എങ്ങനെ ആയുധമാക്കുമെന്ന വ്യക്തമായ ധാരണ രാഹുലിനുണ്ട്.എങ്കിലും, താൻ സംവദിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ സാമൂഹിക സമ്മർദ്ദ ശക്തിയായ യുവാക്കളോടും പെൺകുട്ടികളോടുമാണെന്ന ബോധ്യത്തിൽ തന്നെയാണ് ഇത്തരം ഉറച്ച നിലപാടുകൾ അദ്ദേഹം സ്വീകരിക്കുന്നത്. പരമ്പരാഗത രാഷ്ട്രീയ ശൈലികളിൽ നിന്നും മാറി, പുതിയ തലമുറയുടെ മാധ്യമങ്ങളിലൂടെ അവരിലേക്ക് നേരിട്ടെത്താനും രാഹുൽ ശ്രമിക്കുന്നുന്ദ്. അടുത്തിടെ ഇൻസ്റ്റഗ്രാമിൽ 'ആസ്‌ക് മി എനിതിങ്' എന്ന പേരിൽ ആരംഭിച്ച  സംവാദ പരമ്പര ഇതിന്റെ ഭാഗമാണ്. രാഷ്ട്രീയവും വ്യക്തിപരവുമായ ഏതൊരു ചോദ്യത്തിനും ഉത്തരം നൽകാൻ തയ്യാറായി എത്തുന്നതോടെ, ജെൻസീക്ക് യാതൊരു മടിയുമില്ലാതെ തുറന്നു ഇടപെടാൻ കഴിയുന്ന ജനാധിപത്യ നേതാവ് എന്ന പ്രതിച്ഛായ കൈവരിക്കാൻ രാഹുൽ ഗാന്ധിക്ക് സാധിക്കുന്നുണ്ട്. അധികാര രാഷ്ട്രീയത്തിന് അപ്പുറം, യുവാക്കളുടെ അവകാശ പോരാട്ടങ്ങളിൽ വിശ്വസ്തനായ ഒരു കൂട്ടുകാരനായി മാറാനുള്ള കോൺഗ്രസിന്റെയും രാഹുലിന്റെയും ഈ ദീർഘവീക്ഷണം ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരു പക്ഷെ വഴിവെച്ചേക്കാം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User