നിർത്തിയിട്ട ലോറിയിൽ സിമന്റ് ബൾക്കർ ഇടിച്ച് തീപിടിത്തം; രണ്ട് പേർ മരിച്ചു

മണ്ടൂർ പള്ളിക്ക് സമീപം പുലർച്ചെ അപകടം; തടി ലോറി പൂർണമായും കത്തിനശിച്ചു

Aug 24, 2026 - 10:58
0
നിർത്തിയിട്ട ലോറിയിൽ സിമന്റ് ബൾക്കർ ഇടിച്ച് തീപിടിത്തം; രണ്ട് പേർ മരിച്ചു

പയ്യന്നൂർ: പിലാത്തറ–പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ മണ്ടൂർ പള്ളിക്ക് സമീപം പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. റോഡരികിൽ തകരാറിനെ തുടർന്ന് നിർത്തിയിട്ടിരുന്ന തടി കയറ്റിയ ലോറിയിലേക്ക് നിയന്ത്രണം വിട്ടെത്തിയ സിമന്റ് ബൾക്കർ ഇടിച്ചുകയറിയാണ് അപകടം.

ഇടിയുടെ ആഘാതത്തിൽ തടി ലോറിയിൽ തീപിടിക്കുകയും വാഹനം പൂർണമായും കത്തിനശിക്കുകയും ചെയ്തു. ലോറിയിലുണ്ടായിരുന്ന ഒരാൾ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ് പിന്നീട് മരിച്ചു. മറ്റൊരാൾ ലോറിയിൽ കുടുങ്ങുകയും തീയിൽ വെന്തുമരിക്കുകയും ചെയ്തു. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

തടി ലോറി കഴിഞ്ഞ രണ്ട് ദിവസമായി തകരാറിനെ തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ പെരിയയിൽ നിന്നെത്തിയ ഭാരത് ബെൻസ് മെക്കാനിക്കുകൾ വാഹനത്തിന്റെ തകരാർ പരിഹരിക്കുന്നതിനിടെ 50 ടണ്ണോളം സിമന്റ് കയറ്റിയ ബൾക്കർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.

അപകടത്തിൽ സമീപത്തുണ്ടായിരുന്ന കാറിന് മുകളിലേക്ക് മരം വീണ് വാഹനത്തിനും കേടുപാടുകൾ സംഭവിച്ചു.

വിവരമറിഞ്ഞ് പയ്യന്നൂർ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽ നിന്ന് സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷിന്റെ നേതൃത്വത്തിൽ സംഘം സ്ഥലത്തെത്തി. തീ നിയന്ത്രണവിധേയമാക്കിയ ശേഷം ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ലോറിയുടെ ഭാഗങ്ങൾ മുറിച്ചുമാറ്റിയാണ് കുടുങ്ങിക്കിടന്നയാളെ പുറത്തെടുത്തത്. എന്നാൽ അപ്പോഴേക്കും ഇയാൾ മരിച്ചിരുന്നു.

ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ പി. സത്യൻ, പി.പി. രാഹുൽ, യു.കെ. ലിജീഷ്, എസ്. ജിഷ്ണു, സുർജിത്ത് യദുലാൽ, ജിഷ്ണു ദേവ്, ഹോംഗാർഡുമാരായ ദിനേശൻ, കെ.എം. ഗോവിന്ദൻ, ശ്രീജേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User