കോഴിക്കോട്–ബംഗളൂരു KSRTC ബസ് മറിഞ്ഞു; ഡ്രൈവറും കണ്ടക്ടറും മരിച്ചു, നിരവധി പേർക്ക് പരിക്ക്
ബിഡദിക്കടുത്ത് എക്സ്പ്രസ് വേയിൽ സൈൻ ബോർഡിൽ ഇടിച്ചാണ് അപകടം; ബസ് വെട്ടിപ്പൊളിച്ച് യാത്രക്കാരെ രക്ഷപ്പെടുത്തി
ബംഗളൂരു: കോഴിക്കോട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് ബംഗളൂരുവിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസ് കർണാടകയിലെ ബിഡദിക്കടുത്ത് അപകടത്തിൽപ്പെട്ടു. മൈസൂരു–ബംഗളൂരു എക്സ്പ്രസ് വേയിൽ രാവിലെ ഉണ്ടായ അപകടത്തിൽ ബസ് ഡ്രൈവർ ബിജിലേഷും കണ്ടക്ടർ അരുണും മരിച്ചു. ബസിലുണ്ടായിരുന്ന നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ മൂന്ന് മുതൽ നാല് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
കോഴിക്കോട്ടുനിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് ദേശീയപാതയിലെ സൈൻ ബോർഡിൽ ഇടിച്ചശേഷം റോഡിന്റെ വശത്തേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടസമയത്ത് റോഡിൽ മഴയോ മറ്റ് തടസ്സങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് യാത്രികർ പറയുന്നത്.
അപകടത്തെ തുടർന്ന് ബസിൽ കുടുങ്ങിയ യാത്രക്കാരെ രക്ഷാപ്രവർത്തകർ ബസ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
അപകടത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. റോഡിൽ മറ്റ് തടസ്സങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നതിനാൽ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്ന സംശയം.