എഐ മുതൽ കായികം വരെ; വിജയ് സർക്കാരിന്റെ ആദ്യ ബജറ്റിൽ വമ്പൻ പദ്ധതികൾ

ടിവികെ സർക്കാരിന്റെ ആദ്യ ബജറ്റിൽ എഐ നഗരം, ഒളിമ്പിക് എക്സലൻസ് സെന്ററുകൾ, നൈപുണ്യ വികസനം ഉൾപ്പെടെ നിരവധി പ്രഖ്യാപനങ്ങൾ; ചില തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഒഴിവായതോടെ പ്രതിപക്ഷ വിമർശനവും ശക്തം.

എഐ മുതൽ കായികം വരെ; വിജയ് സർക്കാരിന്റെ ആദ്യ ബജറ്റിൽ വമ്പൻ പദ്ധതികൾ

ചെന്നൈ: രാഷ്ട്രീയ ജീവിതത്തിൽ അരങ്ങേറ്റം കുറിച്ചയുടൻ തമിഴ്നാടിന്റെ മുഖ്യമന്ത്രി പദത്തിലെത്തിയ ജോസഫ് വിജയിയുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാർ അവതരിപ്പിച്ച ആദ്യ ബജറ്റ് ജനശ്രദ്ധ നേടുകയാണ്. വെറും വരവുചെലവ് കണക്കുകളുടെ രേഖ എന്നതിലുപരി സംസ്ഥാനത്തിന്റെ ഭാവി വികസനത്തിന്റെ ദിശ വ്യക്തമാക്കുന്നതാണ് കന്നി ബജറ്റെന്ന് വിലയിരുത്തപ്പെടുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നൽകിയ വാഗ്ദാനങ്ങൾ ഘട്ടംഘട്ടമായി നടപ്പാക്കുന്നതിനൊപ്പം വിദ്യാഭ്യാസം, വികസനം, കൃത്രിമ ബുദ്ധി (AI) തുടങ്ങിയ മേഖലകളിൽ നിരവധി സുപ്രധാന പ്രഖ്യാപനങ്ങളും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ടിവികെ സർക്കാരിന്റെ ആദ്യ ബജറ്റ് തമിഴ്നാട്ടിലെ രാഷ്ട്രീയ-വികസന ചർച്ചകളിൽ പ്രധാന വിഷയമായി മാറിയിരിക്കുകയാണ്. 

സംസ്ഥാനത്തെ എഐയും ഡീപ്-ടെക് മേഖലയുടെയും വളർച്ച ലക്ഷ്യമിട്ട് 'അറിവകം' എന്ന പേരിൽ അത്യാധുനിക വിജ്ഞാനനഗരം സ്ഥാപിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു. എഐ സർവകലാശാല അന്താരാഷ്ട്ര നിലവാരത്തിലുള്ള നൈപുണ്യ വികസന കേന്ദ്രം, സെമികണ്ടക്ടർ ഹാർഡ്‌വെയർ ടെസ്റ്റിംഗ് ലാബ്, വിവിധ മേഖലകളിലെ ഇന്നോവേഷൻ ഇൻകുബേറ്ററുകൾ, ആധുനിക താമസസൗകര്യങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഭാവി സാങ്കേതികവിദ്യകളിൽ തമിഴ്നാടിനെ മുൻനിരയിലെത്തിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. 

അതേസമയം, കായിക രംഗത്തെ വികസനത്തിനായും വമ്പൻ പ്രഖ്യാപനങ്ങളാണ് ബജറ്റിൽ നടത്തിയിരിക്കുന്നത്.  കായികരംഗത്ത് അന്താരാഷ്ട്ര നേട്ടങ്ങൾ ലക്ഷ്യമിട്ട് സംസ്ഥാനത്ത് പത്ത് ഒളിമ്പിക് എക്സലൻസ് സെന്ററുകൾ സ്ഥാപിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു. ഒളിമ്പിക്സിൽ കൂടുതൽ സ്വർണമെഡലുകൾ നേടാൻ കഴിയുന്ന പ്രതിഭകളെ ചെറുപ്പം മുതൽ കണ്ടെത്തി പരിശീലിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി 50 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. സാമൂഹിക ക്ഷേമത്തിനും യുവജന ശാക്തീകരണത്തിനും പ്രാധാന്യം നൽകുന്ന നിരവധി പദ്ധതികളും ബജറ്റിലുണ്ട്. ട്രാൻസ്‌ജെൻഡർ സമൂഹത്തിന് സുരക്ഷിതമായ താമസം, ഭക്ഷണം, കൗൺസിലിങ് തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി 'അരൻ' എന്ന പേരിൽ ഷെൽട്ടർ ഹോം പദ്ധതി നടപ്പാക്കും. അതോടൊപ്പം, 2031-ഓടെ അഞ്ച് ലക്ഷം യുവാക്കൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പരിശീലനം നൽകാനും, ഏകദേശം 12 ലക്ഷം കോളേജ് വിദ്യാർഥികൾക്കും ഒരു ലക്ഷം തൊഴിലില്ലാത്ത യുവാക്കൾക്കും നൈപുണ്യ വികസന പരിശീലന പരിപാടികൾ നടപ്പാക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. 

എന്നാൽ,  തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നൽകിയ ചില പ്രധാന വാഗ്ദാനങ്ങൾ ബജറ്റിൽ ഇടംപിടിക്കാത്തത് ശ്രദ്ധേയമായി. സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്ന പദ്ധതി ആദ്യ ബജറ്റിൽ പ്രഖ്യാപിക്കുമെന്നായിരുന്നു വ്യാപകമായ പ്രതീക്ഷ. എന്നാൽ ഈ വിഷയത്തിൽ യാതൊരു പ്രഖ്യാപനവും സർക്കാർ നടത്തിയില്ല. അതുപോലെ, ഓരോ കുടുംബത്തിനും പ്രതിവർഷം ആറ് സൗജന്യ എൽപിജി ഗ്യാസ് സിലിണ്ടറുകൾ നൽകുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനത്തെക്കുറിച്ചും ബജറ്റിൽ പരാമർശമുണ്ടായില്ല. ഇതിനെ ചൂണ്ടിക്കാട്ടി പ്രതിപക്ഷം സർക്കാരിനെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിൽ സർക്കാർ പിന്നാക്കം പോകുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.