പരീക്ഷാ ക്രമക്കേട് : ഝാർഖണ്ഡ് പി.എസ്.സി മുൻ ചെയർമാൻ എൽ. ഖിയാങ്‌ടെ അറസ്റ്റിൽ
Former JPSC chairman L. Khiangte has been arrested by the Jharkhand CID in connection with alleged irregularities in recruitment examinations, amid ongoing protests by aspirants
റാഞ്ചി: ഝാർഖണ്ഡ് പബ്ലിക് സർവീസ് കമീഷൻ (ജെ.പി.എസ്.സി) നടത്തിയ നിയമന പരീക്ഷകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മുൻ ചെയർമാൻ എൽ. ഖിയാങ്‌ടെയെ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപാർട്ട്‌മെന്റ് (സി.ഐ.ഡി) അറസ്റ്റ് ചെയ്തു. ഉദ്യോഗാർഥികളുടെ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെയാണ് അറസ്റ്റ്.
പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് ഉദ്യോഗാർഥികൾ നടത്തുന്ന സമരം 17-ാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് നടപടി. ഇതിനിടെ റാഞ്ചിയിൽ ഉദ്യോഗാർഥികളുടെ നേതൃത്വത്തിൽ നിയമസഭയിലേക്ക് പ്രതിഷേധ മാർച്ചും നടന്നു.
നിയമസഭാ സമുച്ചയത്തിലേക്ക് നീങ്ങാൻ ശ്രമിച്ച പ്രതിഷേധക്കാരെ തടയാൻ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. ബാരിക്കേഡുകൾ മറികടന്ന് മുന്നോട്ട് പോകാൻ ശ്രമിച്ചതോടെ ജലപീരങ്കിയും ലാത്തിച്ചാർജും പ്രയോഗിച്ചു. പൊലീസ് നടപടിയിൽ നിരവധി പേർക്ക് പരിക്കേറ്റതായി പ്രതിഷേധക്കാർ ആരോപിച്ചു.
ഝാർഖണ്ഡിന്റെ മുൻ ചീഫ് സെക്രട്ടറിയായിരുന്ന ഖിയാങ്‌ടെ 2025 ഫെബ്രുവരിയിലാണ് ജെ.പി.എസ്.സി ചെയർമാനായി ചുമതലയേറ്റത്. പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവാദങ്ങൾ ശക്തമായതിനെ തുടർന്ന് ജൂലൈ 22ന് അദ്ദേഹം ചെയർമാൻ സ്ഥാനം രാജിവെച്ചിരുന്നു.
അറസ്റ്റിന് മുമ്പ് സി.ഐ.ഡി ഖിയാങ്‌ടെയെ പലതവണ ചോദ്യം ചെയ്തിരുന്നു. ആഗസ്റ്റ് മൂന്നിന് ഏകദേശം ഏഴ് മണിക്കൂറോളം അദ്ദേഹത്തെ ചോദ്യം ചെയ്തതായി റിപ്പോർട്ടുകളുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തുകയും രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
ഇതിനിടെ ജെ.പി.എസ്.സിയിലെ മൂന്ന് അംഗങ്ങളുടെ രാജി ഗവർണർ അംഗീകരിച്ചു. അജിത ഭട്ടാചാര്യ, അനിമ ഹാൻസ്ദ, ജമാൽ അഹമ്മദ് എന്നിവരുടെ രാജിയാണ് അംഗീകരിച്ചത്.
ജെ.പി.എസ്.സിയുടെയും ഝാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമീഷന്റെയും പ്രവർത്തനങ്ങളിൽ സമഗ്രമായ പരിഷ്കാരം വേണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. ക്രമക്കേട് ആരോപണം ഉയർന്ന നിയമന പരീക്ഷകൾ റദ്ദാക്കുക, സ്വതന്ത്ര അന്വേഷണം നടത്തുക, അന്വേഷണം സി.ബി.ഐക്ക് കൈമാറുക തുടങ്ങിയ ആവശ്യങ്ങളും ഉദ്യോഗാർഥികൾ ഉന്നയിക്കുന്നുണ്ട്.
14-ാം ഝാർഖണ്ഡ് പി.എസ്.സി സിവിൽ സർവീസ് പരീക്ഷ ഉൾപ്പെടെ നിരവധി പരീക്ഷകൾ റദ്ദാക്കണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം. 13 പരീക്ഷകൾ റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ചപ്പോൾ സർക്കാർ മൂന്ന് പരീക്ഷകൾ മാത്രം റദ്ദാക്കാൻ സമ്മതിച്ചെന്നാണ് സമരക്കാരുടെ ആരോപണം. എന്നാൽ ഉദ്യോഗാർഥികളുടെ ആവശ്യങ്ങളിൽ 98 ശതമാനവും സർക്കാർ അംഗീകരിച്ചുവെന്നാണ് ഔദ്യോഗിക വിശദീകരണം.
സർക്കാരും വിദ്യാർഥി സംഘടനകളും തമ്മിൽ നടന്ന ചർച്ചകളും സമവായത്തിലെത്തിയില്ല. ആറാം ഘട്ട ചർച്ചയിൽ 14-ാം ജെ.പി.എസ്.സി പരീക്ഷ റദ്ദാക്കാനുള്ള ആവശ്യം സർക്കാർ അംഗീകരിച്ചെങ്കിലും സി.ബി.ഐ അന്വേഷണം നടത്തണമെന്ന ആവശ്യം അംഗീകരിക്കാൻ സർക്കാർ തയ്യാറായില്ല.
എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് വിദ്യാർഥി സംഘടനകളുടെ നിലപാട്. അതിനിടെയാണ് കേസിലെ പ്രധാന നടപടിയായി മുൻ ജെ.പി.എസ്.സി ചെയർമാന്റെ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.