'ഏഴ് വർഷമായി കാത്തിരിക്കുന്നു... എന്റെ രാജിയും ഒന്ന് സ്വീകരിക്കൂ'; മോദിയെ പരിഹസിച്ച് കണ്ണൻ ഗോപിനാഥൻ
"‘Please Accept My Resignation Too, It's Been Seven Years’: Kannan Gopinathan Takes a Swipe at PM Modi"
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യമിട്ട് പരിഹാസവുമായി മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ. "എന്റെ രാജിയും ഒന്ന് സ്വീകരിക്കൂ... ഏഴ് വർഷമായി കാത്തിരിക്കുകയാണ്" എന്നായിരുന്നു അദ്ദേഹം ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്. കേന്ദ്ര മന്ത്രിസഭയിലെ ചില രാജികൾ സ്വീകരിക്കപ്പെട്ട പശ്ചാത്തലത്തിലാണ് ഈ പ്രതികരണം.
കണ്ണന്റെ പോസ്റ്റിന് താഴെ നിരവധി രസകരമായ പ്രതികരണങ്ങളാണ് എത്തിയത്. "സർ, അദ്ദേഹം ഫെയ്‌സ്ബുക്കിലും എക്സിലും അത്ര സജീവമല്ല. ഇപ്പോൾ ഇൻസ്റ്റാഗ്രാമിലെ റീലുകളിലൂടെയാണ് ഭരണം നടത്തുന്നത്" എന്നായിരുന്നു ഒരു ഉപയോക്താവിന്റെ കമന്റ്. ഇതിന് മറുപടിയായി, "അതെ... ഇൻസ്റ്റാഗ്രാമിൽ എങ്ങനെ രാജിക്കത്ത് സമർപ്പിക്കാമെന്ന് ഞാൻ തിരയുകയാണ്" എന്നായിരുന്നു കണ്ണൻ ഗോപിനാഥന്റെ പരിഹാസ മറുപടി.
2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന കണ്ണൻ ഗോപിനാഥൻ 2019-ലാണ് സർവീസിൽ നിന്ന് രാജി സമർപ്പിച്ചത്. കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ ശക്തമായ വിമർശനം ഉന്നയിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പടിയിറക്കം. എന്നാൽ, തന്റെ രാജി ഇതുവരെ ഔദ്യോഗികമായി സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം പലവട്ടം പൊതുവേദികളിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കോട്ടയം ജില്ലയിലെ കൂരോപ്പട സ്വദേശിയായ കണ്ണൻ ഗോപിനാഥൻ, സർവീസ് വിട്ടതിന് ശേഷം പൗരാവകാശ-ജനകീയ പ്രക്ഷോഭങ്ങളിൽ സജീവ സാന്നിധ്യമായി. 2025-ൽ അദ്ദേഹം കോൺഗ്രസിൽ അംഗത്വം സ്വീകരിക്കുകയും സജീവ രാഷ്ട്രീയത്തിലേക്ക് കടക്കുകയും ചെയ്തു.