ഡൽഹിയിൽ കോൺഗ്രസ് മാർച്ചിനെതിരെ പൊലീസ് ബലപ്രയോഗം; രാഹുലും പ്രിയങ്കയും അടക്കം അറസ്റ്റിൽ

Police Action on Congress Protest: Rahul Gandhi Injured, Top Leaders Taken into Custody

ഡൽഹിയിൽ കോൺഗ്രസ് മാർച്ചിനെതിരെ പൊലീസ് ബലപ്രയോഗം; രാഹുലും പ്രിയങ്കയും അടക്കം അറസ്റ്റിൽ
ഡൽഹിയിൽ കോൺഗ്രസ് മാർച്ചിനെതിരെ പൊലീസ് ബലപ്രയോഗം; രാഹുലും പ്രിയങ്കയും അടക്കം അറസ്റ്റിൽ

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും രാജി ആവശ്യപ്പെട്ടും, ജന്തർമന്ദിറിൽ സിജെപി നടത്തുന്ന സമരത്തിന് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാർജിൽ പ്രതിഷേധിച്ചും കോൺഗ്രസ് നടത്തിയ പ്രകടനത്തിന് നേരെ ഡൽഹി പൊലീസിന്റെ ശക്തമായ ബലപ്രയോഗം. എഐസിസി ആസ്ഥാനത്തുനിന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാർച്ചിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ തുടങ്ങിയ മുതിർന്ന നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഒഴിപ്പിക്കൽ ശ്രമത്തിനിടെ ഡൽഹി പൊലീസും റാപ്പിഡ് ആക്ഷൻ ഫോഴ്സും (RAF) നടത്തിയ കടുത്ത ബലപ്രയോഗത്തിൽ രാഹുൽ ഗാന്ധിയുടെ മുഖത്ത് പരുക്കേറ്റു. പ്രതിഷേധത്തിൽനിന്ന് പിന്മാറാൻ തയ്യാറാകാതിരുന്ന രാഹുൽ ഗാന്ധിയെയും കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും പൊലീസ് ബലമായി എടുത്തുയർത്തിയാണ് വാഹനത്തിൽ കയറ്റിയത്.

എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം നടന്നത്. കേരളത്തിൽനിന്നുള്ള നേതാക്കളായ വി.ഡി. സതീശൻ, മന്ത്രി പി.സി. വിഷ്ണുനാഥ്, വിവിധ എംപിമാർ തുടങ്ങിയവരും സമരമുഖത്ത് സജീവമായിരുന്നു. പ്രതിഷേധത്തിൽ പങ്കെടുത്ത മന്ത്രി പി.സി. വിഷ്ണുനാഥ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെയെല്ലാം പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഡൽഹിയിലെ മല്ലികാർജുൻ ഖർഗെയുടെ വസതിക്കു മുൻപിൽനിന്നുമാണ് പ്രതിഷേധ സമരം ആരംഭിച്ചത്. ഒരു കിലോമീറ്റർ അകലെയുള്ള അതീവ സുരക്ഷാമേഖലയായ പ്രധാനമന്ത്രിയുടെ വസതി ലക്ഷ്യമാക്കി അപ്രതീക്ഷിതമായിരുന്നു കോൺഗ്രസിന്റെ നീക്കം. മിന്നൽ സമരത്തിനെത്തിയ നേതാക്കളെ അടക്കം ബലപ്രയോഗത്തിലൂടെയാണ് പൊലീസ് നീക്കിയത്. പൊലീസ് നടപടികളെ എംപിമാരടക്കം ചോദ്യം ചെയ്തത് സംഘർഷത്തിന് ഇടയാക്കി. ഇടുക്കി എംപി ഡീൻ കുര്യാക്കോസിനെ തറയിലൂടെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിൽ കയറ്റിയത്. മുഴുവൻ എംപിമാരെയും അണിനിരത്തിയായിരുന്നു കോൺഗ്രസിന്റെ പ്രതിഷേധം. ഇവർക്ക് പിന്തുണയുമായിട്ടാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ അടക്കമുള്ള മുതിർന്ന നേതാക്കൾ എത്തിയത്. പകുതിയോളം എംപിമാരെ നിലവിൽ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്.