തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മുൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ; 2028-ൽ മത്സരിക്കില്ല

പ്രായവും ആരോഗ്യപ്രശ്നങ്ങളും അഴിമതി നിറഞ്ഞ രാഷ്ട്രീയ സാഹചര്യവും തീരുമാനത്തിന് കാരണമെന്ന് മുൻ കർണാടക മുഖ്യമന്ത്രി; പൊതുരാഷ്ട്രീയത്തിൽ സജീവമായി തുടരുമെന്ന് പ്രഖ്യാപനം

Jul 26, 2026 - 17:55
Updated: 1 month ago
0
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മുൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ;  2028-ൽ മത്സരിക്കില്ല

ബെംഗളൂരു: കർണാടകയുടെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. 2028-ൽ നടക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും എന്നാൽ പൊതുരാഷ്ട്രീയത്തിൽ സജീവമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. എക്‌സിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് നിർണായക പ്രഖ്യാപനം.

ഇന്നത്തെ രാഷ്ട്രീയം അഴിമതി നിറഞ്ഞതാണെന്നും സത്യസന്ധമായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്ക് വിജയിക്കാൻ വളരെ പ്രയാസമുള്ള സാഹചര്യമാണുള്ളതെന്നും സിദ്ധരാമയ്യ പറഞ്ഞു. മുമ്പ് ജനങ്ങളാണ് സ്വന്തം പണം ചെലവഴിച്ച് തന്നെ വിജയിപ്പിച്ചിരുന്നത്. എന്നാൽ ഇന്ന് തിരഞ്ഞെടുപ്പുകൾ വൻ സാമ്പത്തിക ചെലവുകളിലേക്ക് മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രായവും ആരോഗ്യപരമായ പരിമിതികളും തീരുമാനത്തിന് കാരണമായതായി അദ്ദേഹം വ്യക്തമാക്കി. 

2028-ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് തീരുമാനിച്ചെങ്കിലും ജനങ്ങളോടൊപ്പമുള്ള തന്റെ രാഷ്ട്രീയജീവിതം അവസാനിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ സന്തോഷത്തിലും ദുഃഖത്തിലും അവരുടെ ശബ്ദമായി തുടരുമെന്നും സാമൂഹികനീതിക്കും ജനാധിപത്യ മൂല്യങ്ങൾക്കും വേണ്ടി പ്രവർത്തനം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയജീവിതത്തിനൊടുവിലാണ് സിദ്ധരാമയ്യയുടെ ഈ പ്രഖ്യാപനം. കർണാടകയിലെ പിന്നാക്ക വിഭാഗങ്ങളുടെ പ്രധാന നേതാക്കളിൽ ഒരാളായ അദ്ദേഹം ജനതാദളിലൂടെയാണ് രാഷ്ട്രീയരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് കോൺഗ്രസിൽ ചേർന്ന അദ്ദേഹം രണ്ട് തവണ കർണാടക മുഖ്യമന്ത്രിയായി സേവനമനുഷ്ഠിക്കുകയും സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായക സ്വാധീനം ചെലുത്തുകയും ചെയ്തു. 

സിദ്ധരാമയ്യയുടെ പ്രഖ്യാപനം കർണാടക കോൺഗ്രസിൽ പുതിയ തലമുറ നേതൃത്വത്തിന് വഴിയൊരുക്കുന്ന നീക്കമായാണ് രാഷ്ട്രീയവൃത്തങ്ങൾ വിലയിരുത്തുന്നത്. വരുണ മണ്ഡലത്തിൽ നിന്ന് മകൻ യതീന്ദ്ര സിദ്ധരാമയ്യയെ ഭാവിയിൽ മത്സരിപ്പിക്കാനാണ് ആലോചിക്കുന്നതെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User