ജഡ്ജി നിയമനം സുതാര്യമല്ല; ശമ്പളം 20 ലക്ഷമാക്കണം: രാജ്യസഭയിൽ ഹാരിസ് ബീരാൻ എം.പി

Opaque Judge Appointments & Low Pay Undermine Judiciary: Haris Beeran in Rajya Sabha

ജഡ്ജി നിയമനം സുതാര്യമല്ല; ശമ്പളം 20 ലക്ഷമാക്കണം: രാജ്യസഭയിൽ ഹാരിസ് ബീരാൻ എം.പി
ഹാരിസ് ബീരാൻ

ന്യൂഡൽഹി: രാജ്യത്തെ ജഡ്ജി നിയമനങ്ങളിൽ സുതാര്യതയില്ലെന്നും, മിടുക്കരായ അഭിഭാഷകരെ ജുഡീഷ്യറിയിലേക്ക് ആകർഷിക്കാൻ ജഡ്ജിമാരുടെ പ്രതിമാസ ശമ്പളം 20 ലക്ഷം രൂപയായി ഉയർത്തണമെന്നും രാജ്യസഭയിൽ ഹാരിസ് ബീരാൻ എം.പി. ആവശ്യപ്പെട്ടു. സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള ഭേദഗതി ബില്ലിന്മേലുള്ള ചർച്ചയിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

നിയമനങ്ങളിൽ പങ്കില്ലെന്ന് കേന്ദ്രം അവകാശപ്പെടുമ്പോഴും, കൊളീജിയം നൽകുന്ന ശുപാർശകളിൽ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോകുന്ന വഴിയിലൂടെ കേന്ദ്ര സർക്കാർ ഇടപെടൽ നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കേരള ഹൈക്കോടതിയിലേക്ക് കൊളീജിയം ശുപാർശ ചെയ്ത രണ്ടുപേരുടെ നിയമനം കേന്ദ്രം ഇതുവരെ അംഗീകരിക്കാത്തത് ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം കാലതാമസമാണ് കോടതികളിൽ ഒഴിവുകൾ പെരുകാനും കേസുകൾ കെട്ടിക്കിടക്കാനും കാരണമാകുന്നത്.

കേവലം ജഡ്ജിമാരുടെ എണ്ണം കൂട്ടിയതുകൊണ്ടുമാത്രം കാര്യമില്ലെന്നും നീതിന്യായ മേഖലയിൽ സമഗ്രമായ മാറ്റങ്ങളാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ ബിൽ ഒരു താത്കാലിക പരിഹാരം മാത്രമാണ്.

പ്രധാന ആവശ്യങ്ങൾ:

  • വിരമിക്കൽ പ്രായം ഏകീകരിക്കുക: ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം 62-ൽ നിന്ന് 65 ആയി ഉയർത്തി സുപ്രീം കോടതി ജഡ്ജിമാർക്ക് തുല്യമാക്കണം. ഇത് പരിചയസമ്പന്നരായ ആളുകളുടെ സേവനം കൂടുതൽ കാലം ലഭ്യമാക്കാൻ സഹായിക്കും.

  • അർഹമായ വേതനം: മികച്ച വക്കീന്മാർ സ്വകാര്യ പ്രാക്ടീസിലൂടെ ഒരു ദിവസം ഒരു കോടി രൂപ വരെ സമ്പാദിക്കുന്ന കാലമാണിത്. അതിനാൽ കഴിവുള്ള നിയമപ്രതിഭകളെ ജഡ്ജി പദവിയിലേക്ക് ആകർഷിക്കാൻ ശമ്പളം മാസം 20 ലക്ഷം രൂപയാക്കണം.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ ഹാജരാകാത്തതിൽ പ്രതിഷേധിച്ച് പ്രസംഗം പൂർത്തിയാക്കാതെ ഹാരിസ് ബീരാൻ സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.