ഗ്യാസ് വില കുറഞ്ഞു; ഇനി ചായക്കപ്പിന്റെ ചൂട് പോക്കറ്റിനും കുറയുമോ?

10 രൂപയുടെ ചായ 15–20 രൂപയായി, ഭക്ഷ്യവസ്തുക്കൾക്ക് 50%–100% വരെ വർധന; വിലക്കുറവിന്റെ ഗുണം ജനങ്ങൾക്കും ലഭിക്കണമെന്ന് ആവശ്യം ശക്തം.

Jul 01, 2026 - 08:53
0
ഗ്യാസ് വില കുറഞ്ഞു; ഇനി ചായക്കപ്പിന്റെ ചൂട് പോക്കറ്റിനും കുറയുമോ?

വാണിജ്യ ഗ്യാസ് വില കുറഞ്ഞു; ഹോട്ടൽ ഭക്ഷണത്തിനും നിത്യോപയോഗ സാധനങ്ങൾക്കും വില കുറയ്ക്കണമെന്ന് ആവശ്യം ശക്തം

ഈ വർഷം ആദ്യമായി രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വില കുറച്ചതോടെ ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും ചെലവുഭാരം കുറയുമെന്ന് വിലയിരുത്തപ്പെടുന്നു. ഇതോടെ ഭക്ഷണവിലയും നിത്യോപയോഗ സാധനങ്ങളുടെ വിലയും കുറയ്ക്കണമെന്ന് പൊതുജനങ്ങളിൽ നിന്ന് ശക്തമായ ആവശ്യം ഉയരുകയാണ്.

 വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോഗ്രാം എൽപിജി സിലിണ്ടർ വില കുറഞ്ഞു. 180 രൂപ കുറഞ്ഞ് 2951 രൂപയായി. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള 14.2 കിലോഗ്രാം എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. ഈ വർഷം ആദ്യമായാണ് വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചത്.

വിവിധ നഗരങ്ങളിൽ 173 രൂപ മുതൽ 183.50 രൂപ വരെയുള്ള കുറവാണ് 19 കിലോഗ്രാമിന്റെ വാണിജ്യ സിലിണ്ടറുകൾക്ക് ഇത്തവണ ഉണ്ടായിരിക്കുന്നത്. ദില്ലി, ലഖ്‌നൗ എന്നീ നഗരങ്ങളിൽ വിലയിൽ 183.50 രൂപയുടെ കുറവുണ്ടായപ്പോൾ, കൊൽക്കത്തയിൽ 174 രൂപയാണ് കുറഞ്ഞത്. ചണ്ഡീഗഢിൽ 181.50 രൂപയുടെയും പട്നയിൽ 173 രൂപയുടെയും കുറവ് സിലിണ്ടറിന് രേഖപ്പെടുത്തി.

പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെയാണ് വാണിജ്യ സിലിണ്ടർ വില കുതിച്ചുയർന്ന് മൂവായിരത്തിന് മുകളിൽ എത്തിയത്. യുഎസും ഇറാനും തമ്മിൽ 60 ദിവസത്തെ പുതിയ വെടിനിർത്തൽ കരാർ വന്നതോടെ അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില ഗണ്യമായി ഇടിഞ്ഞു. ആഗോള എണ്ണ - വാതക ഗതാഗതത്തിന്റെ 20 ശതമാനത്തോളം കൈകാര്യം ചെയ്യുന്ന ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സജീവമായതും വിപണിക്ക് അനുകൂലമായി.

വില വർധിച്ചതിനെ തുടർന്ന് പല ഹോട്ടലുകളും ഭക്ഷ്യവസ്തുക്കളുടെ വില ഉയർത്തിയിരുന്നു. മുമ്പ് 10 രൂപയ്ക്ക് ലഭിച്ചിരുന്ന ഒരു ചായയ്ക്ക് ഇന്ന് പല ഇടങ്ങളിലും 15 മുതൽ 20 രൂപ വരെ ഈടാക്കുന്ന സാഹചര്യമാണുള്ളത്. പൊറോട്ട, ചപ്പാത്തി, വിവിധയിനം സ്നാക്സ് എന്നിവയുൾപ്പെടെ നിരവധി ഭക്ഷ്യവസ്തുക്കൾക്ക് 50 ശതമാനം മുതൽ 100 ശതമാനം വരെയുള്ള വിലവർധന ഉണ്ടായതായാണ് ഉപഭോക്താക്കൾ ചൂണ്ടിക്കാട്ടുന്നത്.

ഗ്യാസ് വില വർധിച്ചതാണ് വില കൂട്ടാനുള്ള പ്രധാന കാരണമായി അന്ന് വ്യാപാരികളും ഹോട്ടൽ ഉടമകളും വിശദീകരിച്ചിരുന്നത്. അതിനാൽ ഇപ്പോൾ വാണിജ്യ ഗ്യാസ് വില കുറഞ്ഞ സാഹചര്യത്തിൽ അതിന്റെ ഗുണം ഉപഭോക്താക്കൾക്കും ലഭിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.

അതേസമയം, ഗ്യാസ് വില മാത്രമല്ല പച്ചക്കറികൾ, പാചക എണ്ണ, തൊഴിലാളികളുടെ വേതനം, കെട്ടിട വാടക തുടങ്ങിയ ചെലവുകളും വില നിർണയത്തിൽ പ്രധാന ഘടകങ്ങളാണെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും, വില വർധനയുടെ സമയത്ത് പൊതുജനങ്ങൾ അധികഭാരം ഏറ്റുവാങ്ങിയതിനാൽ ഇപ്പോൾ വില കുറയ്ക്കാനുള്ള നടപടിയും ഉണ്ടാകണമെന്ന് ഉപഭോക്താക്കൾ ആവശ്യപ്പെടുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User