ഇറാനിയൻ പൈലറ്റുമാരുടെ തടങ്കൽ ആരോപണം; ഖത്തറിനെതിരെ ഇറാന്റെ പരാതി
മൂന്ന് ഇറാനിയൻ പൈലറ്റുമാരെ ആറുമാസമായി ഖത്തർ തടങ്കലിൽ വെച്ചിരിക്കുകയാണെന്ന ഇറാന്റെ ആരോപണം ഖത്തർ ശക്തമായി നിഷേധിച്ചു.
ദോഹ: യു എസുമായുള്ള യുദ്ധത്തിന്റെ ആരംഭത്തിൽ നടന്ന സൈനിക ആക്രമണത്തിൽ തകർന്ന ഇറാന്റെ യുദ്ധവിമാനത്തിലെ പൈലറ്റുമാരെ ഖത്തർ പിടിച്ചുവച്ചതായി ഇറാന്റെ ആരോപണം. പിടിയിലായ മൂന്ന് പൈലറ്റുമാരെയും ഉടൻ മോചിപ്പിക്കണമെന്ന് ഇറാൻ ഖത്തറിനോട് ആവശ്യപ്പെട്ടു കൊണ്ട് ഇന്റർനാഷണൽ കമ്മിറ്റി ഓഫ് ദി റെഡ് ക്രോസ് (ICRC) മേധാവിക്ക് ഇറാൻ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ബാഗർസാദെ കത്തയച്ചു. ഇറാനിയൻ പൈലറ്റുമാരായ ജവാദ് സലേഹി, അബ്ദുൾ മജീദ് ദഷ്തിയൻ, ഇമ്രാൻ ബെഹ്റോഷിയൻ എന്നീ മൂന്ന് പൈലറ്റുമാരെയാണ് ഖത്തർ ആറ് മാസമായി പിടിച്ചുവെച്ചിരിക്കുന്നതെന്ന് ഇറാൻ ആരോപിക്കുന്നു. അതേസമയം, മാർച്ച് 2 ന് നടന്ന ഇതേ ഓപ്പറേഷനിൽ കൊല്ലപ്പെട്ട മറ്റൊരു പൈലറ്റ് മജീദ് ഖസേമിയുടെ മൃതദേഹം തിരികെ നൽകിയതായും ഇറാൻ കത്തിൽ പറയുന്നുണ്ട്.
എന്നാൽ, ഇറാന്റെ ആരോപണങ്ങൾ പൂർണമായും തള്ളുകയാണ് ഖത്തർ. ഇത്തരത്തിലുള്ള ആരോപണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് ബിൻ മുഹമ്മദ് അൽ-അൻസാരി വ്യക്തമാക്കുന്നത്. ഖത്തർ വ്യോമാതിർത്തി ലംഘിച്ച വിമാനത്തിലെ പൈലറ്റുമാരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് അന്താരാഷ്ട്ര നിയമപ്രകാരം ആവശ്യമായ നടപടികൾ സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മരിച്ച പൈലറ്റിന്റെ ഭൗതികാവശിഷ്ടങ്ങൾ കൈമാറുന്നതിനായി ഇറാനുമായി ഖത്തർ ആശയവിനിമയം നടത്തിയെന്നും ഏപ്രിലിൽ തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ അറിയാൻ ഇറാനിയൻ സംഘത്തെ ഖത്തറിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും അൽ-അൻസാരി വ്യക്തമാക്കി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)