പോരാടി, വീരോചിതം : കേപ്പ് വെർഡയുടെ തോൽവി അർജൻ്റീനയെ വിറപ്പിച്ച്

Cape Verde pushes world champions Argentina to the absolute limit in a dramatic 3-2 extra-time thriller

പോരാടി, വീരോചിതം : കേപ്പ് വെർഡയുടെ തോൽവി അർജൻ്റീനയെ വിറപ്പിച്ച്
പോരാടി, വീരോചിതം : കേപ്പ് വെർഡയുടെ തോൽവി അർജൻ്റീനയെ വിറപ്പിച്ച്

മിയാമി : പ്രതീക്ഷിച്ചതിലും വമ്പോടെ, വെറുതെ വന്നവരല്ല തങ്ങളെന്ന് ലോക ചാമ്പ്യൻമാരെ അറിയിച്ചുകൊടുത്ത് കേപ്പ് വെർഡക്ക് ലോകകപ്പിൽ നിന്ന് വീരോചിത മടക്കം. 10 കളിക്കാരെ മറികടന്ന് ഗോളടിക്കാമെന്ന് വെച്ചാൽ അവിടെ വൻമതിൽ പോലെ അവർക്കൊരു ഗോളിയും. പല്ലും നഖവും തലയും കൈയും മാറി മാറി ഉപയോഗിച്ച് നെഞ്ച് വിരിച്ച് പാറ പോൽ ഗോൾ പോസ്റ്റിന് കീഴെ 40 കാരനായ വൊസീഞ്ഞോ എന്ന ഗോൾകീപ്പർ! ലോക ചാമ്പ്യൻമാരുടെ പകിട്ടോടെ, ഗാലറിയിൽ തിങ്ങി നിറഞ്ഞ ആരാധകക്കൂട്ടത്തിൻ്റെ ആരവങ്ങളുടെ കരുത്തിൽ ഗോൾ മഴ തീർക്കാനെത്തിയ മെസ്സിയും കൂട്ടരും മറക്കാനാഗ്രഹിക്കുന്ന വിജയം!

​അതെ! ഗംഭീരമായി പോരാടിയാണ് കേപ്പ് വെർഡ ഗോൾ നില മാത്രം വിജയികളെ നിശ്ചയിക്കുന്ന പോരാട്ടത്തിൽ തോറ്റു പോയത്. സെൽഫ് ഗോളിൽ വിറച്ച് ജയിച്ച് സാങ്കേതികമായി അർജന്റീന പ്രീ ക്വാർട്ടറിൽ കടന്നു എന്ന് പറയാം. ജയത്തോളം പോന്ന പ്രകടനം കാഴ്ചവച്ച കുഞ്ഞൻ രാജ്യമായ കാബോ വെർദെയ്‌ക്ക് അഭിമാനത്തോടെ മടങ്ങാം.

നാടകീയ നിമിഷങ്ങളും ഗോൾ വേട്ടയും

​29-ാം മിനിറ്റ് (അർജന്റീന 1-0) : കാബോ വെർദെ പ്രതിരോധനിരയുടെ മുകളിലൂടെ സാൻഡ്രോ മാർട്ടിനെസ് നൽകിയ ചിപ്പ് പാസ് മുന്നോട്ട് കുതിക്കുന്നതിനിടെ കൃത്യതയോടെ വരുതിയിലാക്കിയ ലയണൽ മെസ്സി പന്ത് വലയുടെ മുകൾത്തട്ടിലേക്ക് വകഞ്ഞിട്ടപ്പോൾ കാബോ വെർദെ ഗോൾകീപ്പർ വൊസീഞ്ഞ തീർത്തും നിസഹായനായിരുന്നു. ഈ ലോകകപ്പിൽ മെസ്സിയുടെ ഏഴാം ഗോളാണിത്. ഇതോടെ ഗോൾഡൻ ബൂട്ട് മത്സരത്തിൽ കിലിയൻ എംബപെയെ മറികടന്ന് മെസ്സി മുന്നിലെത്തി. ലോകകപ്പ് ചരിത്രത്തിൽ ഇതോടെ മെസ്സിക്ക് 20 ഗോളുകളായി.

​59-ാം മിനിറ്റ് (സമനില 1-1) : കടുത്ത പോരാട്ടവീര്യവുമായി തിരിച്ചടിച്ച കാബോ വെർദെയ്ക്കായി ഡെറോയ് ഡ്യുവേർട്ട് ഗോൾ മടക്കി മത്സരത്തിലേക്ക് ശക്തമായി തിരിച്ചുകൊണ്ടുവന്നു.

​92-ാം മിനിറ്റ് (അർജന്റീന 2-1) : നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ നേടി സമനില പാലിച്ചതോടെ മത്സരം എക്ട്രാ ടൈമിലേക്ക് കടന്നു. എക്സ്ട്രാ ടൈമിന്റെ തുടക്കത്തിൽ തന്നെ ലഭിച്ച കോർണറിൽ മെസ്സിയുടെ ഔട്ട്‌സ്വിംഗർ പാസ് ഹെഡ് ചെയ്ത് മാക് അലിസ്റ്റർ ബാക്ക് പോസ്റ്റിലേക്ക് തട്ടിവിട്ടു. അവിടെ സ്വതന്ത്രനായി നിന്ന ലിസാൻഡ്രോ മാർട്ടിനെസ്, വലതുഭാഗത്ത് നിന്ന് വൊസീഞ്ഞയെ കബളിപ്പിച്ച് ഗോൾ വല കുലുക്കി.

​103-ാം മിനിറ്റ് (സമനില 2-2) : ലിസാൻഡ്രോ മാർട്ടിനെസിന്റെ ഗോളിന് ശേഷം ഒട്ടും പതറാതെ കളിച്ച കാബോ വെർദെ, ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്നുമായി വീണ്ടും ഒപ്പമെത്തി. ഇടതുഭാഗത്ത് നിന്ന് 18 യാർഡ് അകലെ നിന്ന് സിഡ്നി ലോപസ് കബ്രാൽ ബോക്സിലേക്ക് വെട്ടിച്ച് കയറി, അർജന്റീന പ്രതിരോധത്തിന് ഒരവസരവും നൽകാതെ വലത് പോസ്റ്റിന്റെ മുകൾ മൂലയിലേക്ക് അവിശ്വസനീയമായ ഒരു ഷോട്ട് പായിക്കുകയായിരുന്നു.

​111-ാം മിനിറ്റ് (അർജന്റീന 3-2) : ഒടുവിൽ കാബോ വെർദെ പ്രതിരോധ താരം ഡൈനേ ബോർഗെസിന്റെ നിർഭാഗ്യകരമായ സെൽഫ് ഗോളിലാണ് അർജന്റീന വീണ്ടും മുന്നിലെത്തിയത്.

​പ്രതിരോധക്കരുത്തിൽ വൊസീഞ്ഞയും സംഘവും

​നിശ്ചിത സമയത്ത് അർജന്റീന നടത്തിയ 14 കടുത്ത ഗോൾ ശ്രമങ്ങളാണ് കാബോ വെർദെ ഗോൾ കീപ്പർ വൊസീഞ്ഞയുടെയും സഹതാരങ്ങളുടെയും പ്രതിരോധക്കരുത്തിൽ നിഷ്ഫലമായത്. കേപ് വെർദെയുടെ അസാമാന്യ പോരാട്ടവീര്യത്തിന് മുന്നിൽ പലപ്പോഴും പതറിയ ലോകചാമ്പ്യന്മാർ ഒടുവിൽ കടുത്ത സമ്മർദത്തിനൊടുവിലാണ് ജയം പിടിച്ചെടുത്തത്. അതും ദാനം കിട്ടിയ സെൽഫഗോളിൽ!

അറ്റ്ലാന്റയിൽ ചൊവ്വാഴ്ച നടക്കുന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ അർജന്റീന ഈജിപ്തിനെ നേരിടും. ഓസ്ട്രേലിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ മലർത്തിയടിച്ചാണ് ഈജിപ്ത് പ്രീ ക്വാർട്ടറിലെത്തിയത്.