അന്ന് മെസ്സി വിരമിച്ചിരുന്നുവെങ്കില്‍?

അന്ന് മെസ്സി വിരമിച്ചിരുന്നുവെങ്കില്‍?

ലയണല്‍ മെസ്സി രാജ്യാന്തര ഫുട്‌ബോളില്‍നിന്ന് കണ്ണീരോടെ പടിയിറങ്ങിയതാണ് -2016ല്‍. കോപ അമേരിക്ക ഫൈനലില്‍ ചിലിയോട് അര്‍ജന്റീന പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ട ശേഷം. ആ ഷൂട്ടൗട്ടില്‍ പെനാല്‍ട്ടി പാഴാക്കിയിരുന്നു മെസ്സി. ഒമ്പത് വര്‍ഷത്തിനിടെ അര്‍ജന്റീന കീഴടങ്ങിയ നാലാമത്തെ പ്രധാന ഫൈനലായിരുന്നു അത് - തുടര്‍തോല്‍വികള്‍ മെസ്സിക്ക് താങ്ങാനാവുമായിരുന്നില്ല. പറ്റാവുന്നതൊക്കെ ചെയ്തു, ഇനി മതി -അന്ന മെസ്സി പറഞ്ഞു. 

10 വര്‍ഷത്തിനു ശേഷം 39ാം ജന്മദിനം ആഘോഷിക്കാനൊരുങ്ങുമ്പോള്‍ ആ നിമിഷത്തെ മെസ്സി പോലും ഓര്‍ക്കുന്നത് ചെറുചിരിയോടെ ആയിരിക്കും. ഒരു പതിറ്റാണ്ടിനു ശേഷം മെസ്സി ലോകകപ്പ് കളിക്കുകയാണ്. ഈ ലോകകപ്പില്‍ അര്‍ജന്റീന നേടിയ അഞ്ച് ഗോളും സ്‌കോര്‍ ചെയ്തിരിക്കുകയാണ്. 18 ഗോളോടെ ലോകകപ്പില്‍ ഏറ്റവുമധികം ഗോളടിച്ച ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെയുടെ റെക്കോര്‍ഡ് തകര്‍ത്തിരിക്കുകയാണ്.  2016ല്‍ വിരമിക്കുമ്പോള്‍ മെസ്സിയുടെ കരിയറില്‍ ക്ലബ്ബ് കിരീടങ്ങളേ ഉണ്ടായിരുന്നുള്ളൂ, അര്‍ജന്റീനയുടെ പ്രിയപ്പെട്ട നീല ജഴ്‌സിയില്‍ ദുഃഖമായിരുന്നു ആ കളിക്കാരന് ലഭിച്ചു കൊണ്ടിരുന്നത്. ആ ഫൈനലിനു ശേഷം കണ്ണീരോടെയെടുത്ത തീരുമാനം തിരുത്താന്‍ ആരാവും മെസ്സിയെ പ്രേരിപ്പിച്ചിട്ടുണ്ടാവുക? ആരായാലും ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നാവും അത്. അതിനു ശേഷം മെസ്സിയും അര്‍ജന്റീനയും രണ്ടു തവണ കോപ ചാമ്പ്യന്മാരായി. ഡിയേഗൊ മറഡോണ 1986ല്‍ ലോകകപ്പ് നേടിക്കൊടുത്ത ശേഷം ആദ്യമായി 2022ല്‍ മെസ്സിയുടെ കീഴില്‍ അവര്‍ ലോക ചാമ്പ്യന്മാരായി. ഫൈനലിലെ രണ്ടെണ്ണമുള്‍പ്പെടെ 2022ലെ ലോകകപ്പില്‍ ഏഴ് ഗോളടിച്ചു. എന്നിട്ടും വിരമിച്ചില്ല. 2026ലെ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ മെസ്സി ആദ്യ ലോകകപ്പ് ഹാട്രിക് സ്വന്തമാക്കി. ഇന്ന്, മറഡോണ ഇംഗ്ലണ്ടിനെതിരെ രണ്ട് അവിസ്മരണീയ ഗോളുകള്‍ നേടിയ ദിനത്തിന്റെ 40ാം വാര്‍ഷികദിനത്തില്‍ ഓസ്ട്രിയക്കെതിരെ മെസ്സി രണ്ട് ഗോള്‍ കൂടി സ്വന്തം പേരിലെഴുതി. എട്ടാം മിനിറ്റില്‍ കിട്ടിയ പെനാല്‍ട്ടി  പാഴാക്കിയില്ലായിരുന്നെങ്കിൽ   മറ്റൊരു ഹാട്രിക്കായേനേ മെസ്സിയുടെ പേരില്‍. മുപ്പതാം മിനിറ്റിലെ ഗോളോടെയാണ് ക്ലോസെയുടെ റെക്കോര്‍ഡ് മറികടന്നത്. രണ്ടാം പകുതിയുടെ അധികസമയത്ത് രണ്ട് ഡിഫന്റര്‍മാര്‍ക്കിടയിലെ നേരിയ പഴുതിലൂടെ വീണ്ടും വല കണ്ടെത്തി. 28 ലോകകപ്പ് മത്സരങ്ങളില്‍ 18 ഗോളുകള്‍. അടുത്ത കളി ദുര്‍ബലരായ ജോര്‍ദാനെതിരെയാണ്. അടുത്ത റൗണ്ട് ഉറപ്പായിക്കഴിഞ്ഞു. 

2016ലെ വിരമിക്കല്‍ തീരുമാനം തിരുത്തിയ ശേഷം മെസ്സിയുടെ രണ്ടാം ലോകകപ്പാണ് ഇത്. അതിനു ശേഷം നേടിയത് 13 ലോകകപ്പ് ഗോളുകളാണ്. മെസ്സിയുടെ 18 ലോകകപ്പ് ഗോളുകളില്‍ പന്ത്രണ്ടും 35 വയസ്സിനു ശേഷമാണെന്നത് പ്രായം കീഴടക്കാത്ത കളി മികവിന്റെ പ്രഖ്യാപനമാണ്. 18 ഗോളുകളില്‍ പതിനാലും ഇടങ്കാല് കൊണ്ടാണ്. നാലെണ്ണം ബോക്‌സിന് പുറത്തു നിന്നും. തുടര്‍ച്ചയായ ആറാമത്തെ ലോകകപ്പ് മത്സരത്തിലാണ് മെസ്സി സ്‌കോര്‍ ചെയ്യുന്നത്. ഈ ആറു കളികളില്‍ 10 ഗോളും രണ്ട് അസിസ്റ്റുമുണ്ട് മെസ്സിയുടെ പേരില്‍.