ഒടുവില്‍ ക്യൂബയും വഴങ്ങി മുതലാളിത്തം വാതില്‍ തുറന്നു

Jun 20, 2026 - 16:27
0
ഒടുവില്‍ ക്യൂബയും വഴങ്ങി മുതലാളിത്തം വാതില്‍ തുറന്നു

ലോകമെങ്ങും കമ്യൂണിസം തകര്‍ന്നുവീഴുമ്പോഴും അതിന്റെ അപൂര്‍വ തുരുത്തുകളിലൊന്നായി അവശേഷിച്ച ഫിഡല്‍ കാസ്‌ട്രോയുടെ ക്യൂബ ഒടുവില്‍ മുതലാളിത്ത വ്യവസ്ഥക്ക് വാതില്‍ തുറക്കാന്‍ തീരുമാനിച്ചു. അടിയന്തര സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ചേര്‍ന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി യോഗമാണ് സ്വകാര്യ വിപണിക്ക് വാതില്‍ തുറക്കാന്‍ തീരുമാനമെടുത്തത്. നടപടി നാഷനല്‍ അസംബ്ലി അംഗീകരിക്കുന്നതോടെ തീരുമാനം നടപ്പിലാവും. ഇതോടെ സ്വകാര്യ സംരംഭകര്‍ക്ക് അവസരങ്ങള്‍ തുറക്കും. പ്രവാസി ക്യൂബക്കാരില്‍ നിന്ന് നിക്ഷേപങ്ങള്‍ തേടാന്‍ സാധ്യതകള്‍ ഉയരും. ക്യൂബയില്‍ സ്വകാര്യ റിയല്‍ എസ്റ്റേറ്റ് ഡെവലപ്‌മെന്റിന് കൂടിയാണ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അവസരം ഒരുക്കുന്നത്. അതോടൊപ്പം സര്‍ക്കാര്‍ ഓഹരികള്‍ സ്വകാര്യ മേഖലക്ക് കൈമാറാനും തീരുമാനമുണ്ടാവും. ആദ്യമായി പ്രൈവറ്റ് ബാങ്കുകള്‍ക്ക് ക്യൂബയില്‍ ഓഫീസ് തുറക്കാന്‍ അനുവാദം ലഭിക്കും. ദശാബ്ദങ്ങളായി ക്യൂബക്ക് മേല്‍ അമേരിക്കന്‍ ഉപരോധമുണ്ടെങ്കിലും വിദേശ സമ്മര്‍ദ്ദം മാത്രമല്ല ക്യൂബയുടെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് പ്രസിഡന്റ് മിഗ്വേല്‍ ഡിയാസ് കാനല്‍ സമ്മതിച്ചു. ഡോണള്‍ഡ് ട്ര്ംപ് അധികാരത്തില്‍ വന്നതോടെ ക്യൂബക്ക് ഇന്ധനം നല്‍കുന്നതു പോലും അമേരിക്ക നിര്‍ത്തി വെച്ചിരുന്നു. എന്നാല്‍ ഉപരോധത്തെയും വിദേശ സമ്മര്‍ദ്ദങ്ങളെയോ മാത്രം കുറ്റപ്പെടുത്താനാവില്ലെന്നും ഉല്‍പാദനപ്രക്രിയയെ തടസ്സപ്പെടുത്തുന്ന നിരവധി ആഭ്യന്തര ഘടകങ്ങള്‍ ഉണ്ടെന്നും പ്രസിഡന്റ് വിലയിരുത്തി. അതിന് വേണ്ടത് അടിയന്തര തിരുത്തല്‍ നടപടികളാണ്. ഇത്തരം നടപടികള്‍ക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നു തന്നെ എതിര്‍പ്പുണ്ടാവാന്‍ സാധ്യതയുണ്ടെന്നും എന്നാല്‍ ഈ നടപടികള്‍ നീട്ടിവെക്കാന്‍ കഴിയാത്ത വിധം അടിയന്തരമാണെന്നും അദ്ദേഹം പറഞ്ഞു. 1965 മുതല്‍ ക്യൂബയില്‍ കമ്യൂണിസ്റ്റ് ഭരണമാണ്. ഫിഡല്‍ കാസ്‌ട്രോയുടെ സഹോദരനും മുന്‍ പ്രസിഡന്റുമായ റൗള്‍ കാസ്‌ട്രോയുടെ പിന്തുണ പുതിയ സാമ്പത്തിക നയങ്ങള്‍ക്കുണ്ടെന്നാണ് സൂചന. വെനിസ്വേലയില്‍ ഇടപെടുകയും പ്രസിഡന്റിനെ റാഞ്ചുകയും ചെയ്ത ശേഷം ഇറാനുമായി അമേരിക്ക സമാധാന ഉടമ്പടിയിലെത്തിയതോടെ അടുത്ത നീക്കം ക്യൂബക്കെതിരെയാവുമോയെന്ന് ലോകം ഉറ്റുനോക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൂടി വേണം സാമ്പത്തിക നടപടികളെ വിലയിരുത്താന്‍. ക്യൂബയെ സൗഹാര്‍ദ്ദപരമായി ഏറ്റെടുക്കുമെന്ന് ട്രംപും ക്യൂബക്കാര്‍ സന്തോഷത്തോടെ ഇരിക്കുന്നതാണ് ആഗ്രഹിക്കുന്നതെന്ന് വിദേശകാര്യ സെക്രട്ടറി മാര്‍ക്കൊ റൂബിയോയും ആവര്‍ത്തിച്ച് പ്രസ്താവിക്കുന്നുണ്ട്. നല്ല തീരുമാനങ്ങളെടുത്താല്‍ ക്യൂബയുമായി നല്ല ബന്ധം പുലര്‍ത്തുമെന്നും അവര്‍ പ്രലോഭിപ്പിക്കുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User