'ട്വല്‍ത്ത് മാന്‍ ' ആകാംഷയുടെ അവസാനവാക്കാണോ? റിവ്യൂ വായിക്കാം

May 20, 2022 - 07:45
Updated: 4 years ago
0
'ട്വല്‍ത്ത് മാന്‍ ' ആകാംഷയുടെ അവസാനവാക്കാണോ? റിവ്യൂ വായിക്കാം

അഞ്ജലി ദാമോദരന്‍

പ്രേക്ഷകനെ മുൾമുനയിൽ നിർത്തുന്ന കുറ്റാന്വേഷണ പരമ്പര , ക്രൈം ത്രില്ലർ സിനിമകൾ ഒരുക്കുന്നതിൽ ജീത്തു ജോസഫ് എന്ന സംവിധയകന്റെ മികവ് നേരത്തെ തന്നെ ശ്രദ്ധേയമാണ്. മെമ്മറീസ്, ദൃശ്യം, ദൃശ്യം 2 തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം അത് തെളിയിച്ചിട്ടുണ്ട്. 2013ൽ പുറത്തിറങ്ങിയ  ദൃശ്യം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിൽ തുടങ്ങി, ജീത്തു ജോസഫ്- മോഹൻലാൽ- ആശിർവാദ് സിനിമാസ് എന്ന കോംബോ തങ്ങളുടെ വിജയഗാഥ ദൃശ്യം 2 വിലും കാണാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ അതെ പ്രതീക്ഷയിൽ ഒടിടി റിലീസായെത്തിയ ട്വൽത്ത് മാൻ കാണാൻ എത്തുന്ന പ്രേക്ഷകന് ഒരൽപം നിരാശയാണ് നൽകുന്നത്. 

നിഗൂഢതകളുടെ ചുരുളുകൾ അഴിച്ചുകൊണ്ടുള്ള ഒരു രണ്ടേ മുക്കാൽ മണിക്കൂർ ഓരോ നിമിഷവും പ്രേക്ഷകനെ കൂടുതൽ ത്രില്ലടിപ്പിക്കുന്നത് തന്നെയാണ്. അതെ സമയം 2016 ൽ പുറത്തിറങ്ങിയ പെർഫെക്റ്റ് സ്ട്രൈഞ്ചേഴ്‌സ് എന്ന ഇറ്റാലിയൻ ചിത്രം കണ്ടിട്ടുള്ള ഒരു പ്രേക്ഷകനെ സംബന്ധിച്ച് കഥയിലെ സാമ്യത ഒരൽപം അസ്വസ്ഥതപെടുത്തുന്നത് തന്നെയാണ്.

ഒരു ഹിൽസ്റ്റേഷനിൽ നടക്കുന്ന കൊലപാതകവും അതിനെ ചുറ്റിയുള്ള അന്വേഷണവുമാണ് ചിത്രം പറഞ്ഞുപോകുന്നത്. ആരാണ് കൊലയാളി എന്നറിയാനുള്ള അതിയായ ആകാംഷ തന്നെയാണ് പ്രേക്ഷകനെ സിനിമയോടൊപ്പം പിടിച്ചിരുത്തുന്നത്.

ഒരുമിച്ച് പഠിച്ച ഏഴ് സഹപാഠികളും അവരുടെ ജീവിത പങ്കാളികളുമുൾപ്പടെ പതിനൊന്ന് പേരടങ്ങുന്ന ഒരു കൂട്ടം സുഹൃത്തുക്കൾ. കൂട്ടത്തിലെ അവസാനത്തെ അവിവാഹിതന്റെ ബാച്ചിലർ പാർട്ടി ആഘോഷിക്കാൻ ഒരു ഹിൽ സ്റ്റേഷനിലെ റിസോർട്ടിലെത്തുന്നു. അവിടെ വെച്ച് അവർ കണ്ടുമുട്ടുന്ന ആ പന്ത്രണ്ടാമനാണ് പിന്നീട് കഥയെ മുന്നോട്ട് കൊണ്ട് പോകുന്നത്.

ബാച്ചിലർ പാർട്ടിക്കിടയിൽ തമാശയ്ക്കായി 11 പേരും തുടങ്ങി വെച്ച  ഒരു നിസാരഗെയിമിൽ കൂട്ടത്തിൽ പലരുടെയും പൊയ്മുഖങ്ങൾ അഴിഞ്ഞുവീണു തുടങ്ങിന്നിടത് വെച്ചാണ് പ്രേക്ഷകനെ ത്രസിപ്പിക്കുന്നത്. ഗെയിമും തുടർന്നുണ്ടായ വാക്ക് തർക്കവും ബഹളവും ഒടുവിൽ കൂട്ടത്തിൽ ഒരാളുടെ മരണത്തിലേക്ക് നയിക്കുന്നു. കൊലപാതകിയെ തേടിയുള്ള അന്വേഷണമാണ് പിന്നീട് അങ്ങോട്ട്. മറ്റൊരു തരത്തിൽ പറയുകയാണെങ്കിൽ ഉറ്റ  സുഹൃത്തുക്കൾ എന്ന് കരുതുന്ന ഇവർ പരസ്പരം തിരിച്ചറിയുന്നതും ഈ സംഭവത്തോട് കൂടിയാണ്.

തുടക്കത്തിൽ ഈ 11 പേരുടെ സംഘത്തെ ഏറെ വെറുപ്പിക്കുകയും പിന്നീട് ഇതേ സംഘത്തെ വിറപ്പിച്ച് നിർത്തുകയും ചെയ്യുന്ന മോഹൽലാൽ അവതരിപ്പിക്കുന്ന ചന്ദ്രശേഖർ എന്ന കഥാപാത്രം വ്യത്യസ്തമായ മാനറിസം കൊണ്ടും മറ്റും പ്രേക്ഷക ശ്രദ്ധ തുടക്കം മുതൽ പിടിച്ചു പറ്റുകയും രണ്ടാം പകുതിയോടെ കഥയുടെ നട്ടെല്ലായി മാറുന്നുമുണ്ട്. 

ഉണ്ണി മുകുന്ദൻ, ലിയോണ, സൈജു കുറുപ്പ്, ചന്തുനാഥ്, പ്രിയങ്ക നായർ, അനു സിതാര, അനു മോഹൻ, അതിഥി രവി, ശിവദ, രാഹുൽ മാധവ്, അനുശ്രീ, നന്ദു, സിദ്ദിഖ്  തുടങ്ങി മറ്റു അഭിനേതാക്കൾ എല്ലാം തങ്ങളുടെ കഥാപാത്രങ്ങളെ മികവുറ്റതാക്കിയിട്ടുണ്ട്.

പെർഫെക്റ്റ് സ്ട്രൈഞ്ചേഴ്‌സിൽ നിന്നും പ്രചോദനം കിട്ടി തന്നെയാണ് നവാഗതനായ കെ.ആർ കൃഷ്ണകുമാർ കേരളത്തിന്റെ പശ്ചാത്തലത്തിൽ ഈ കഥ ഒരുക്കിയിരിക്കുന്നത്. ആ കഥയെ മികച്ച രീതിയിൽ തന്നെയാണ് ജിത്തു ജോസഫ് തന്റെ പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്. അതിൽ സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണവും വി.എസ് വിനായകന്റെ എഡിറ്റിംഗും സിനിമയെ നല്ല രീതിയിൽ സഹായിക്കുന്നുണ്ട്. കൂടാതെ അനിൽ ജോൺസൺറെ പശ്ചാത്തല സംഗീതവും സിനിമയുടെ ഒഴുക്കിനെ സ്വാധീനിക്കുണ്ട്.

രണ്ടാം പകുതി മുതൽ ഒരു മുറിക്കുള്ളിൽ തന്നെയാണ് കഥ പൂർണമായും നടക്കുന്നതെങ്കിലും അത് പ്രേക്ഷകനെ അസ്വസ്ഥതപ്പെടുത്തുന്നില്ല എന്നത് സിനിമയുടെ മികവ് തന്നെയാണ്. കൂടാതെ അവസാന നിമിഷം വരെ കൊലപാതകിയിലേക്ക് പ്രേക്ഷനെ ഒരു തരത്തിലും അടുപ്പിക്കുന്നില്ല എന്നതും ഒരു പ്ലസ് പോയിന്റ് തന്നെയാണ്. എന്നാൽ ജിത്തു ജോസഫിന്റെ പതിവ് ത്രില്ലർ പാറ്റേൺ പൂർണമായും ട്വൽത്ത് മാനിൽ പ്രകടമായില്ല എന്ന് പറയാതെ വയ്യ.

What's Your Reaction?

Like Like 6
Dislike Dislike 0
Love Love 1
Funny Funny 0
Wow Wow 2
Sad Sad 1
Angry Angry 0

Comments (0)

User