കടുവയെ വിടാതെ കുറുവച്ചന്‍ ; വീണ്ടും കോടതിയില്‍

കടുവയെ വിടാതെ കുറുവച്ചന്‍ ; വീണ്ടും കോടതിയില്‍

കടുവാ സിനിമയ്‌ക്കെതിരെ വീണ്ടും കുറുവച്ചനെന്ന ജോസ് കുരുവിനാക്കുന്നേല്‍ രംഗത്ത്. ചിത്രത്തിന്റെ ഒടിടി റിലീസ് തടയണമെന്നാണ് ജോസ് കുരുവിനാക്കുന്നേലിന്റെ ആവശ്യം. ഷാജി കൈലാസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായ കടുവ ഏറെ നാളത്തെ നിയമ പോരാട്ടത്തിന് ശേഷം ജൂലൈ ഏഴിന് റിലീസ് ചെയ്തിരുന്നു. കോടതി വിധി അനുസരിച്ച് പൃഥ്വിരാജ് അവതരിപ്പിച്ച നായക കഥാപാത്രത്തിന്റെ പേര് കടുവാക്കുന്നില്‍ കുറുവച്ചന്‍ എന്നതില്‍ നിന്നും കുര്യച്ചന്‍ എന്ന പേരിലേക്ക് മാറ്റിയാണ് റിലീസ് ചെയ്തത്.  എന്നാല്‍ നായകന്റെ പേര് മാറ്റിയ പതിപ്പ് ഇന്ത്യയില്‍ മാത്രമാണ് കാണിച്ചതെന്നും വിദേശ രാജ്യങ്ങളില്‍ റിലീസ് ചെയ്ത ചിത്രത്തില്‍ കുറുവച്ചന്‍ എന്നുതന്നെയാണ് പേര് എന്നുമാണ് ജോസ് കുരുവിനാക്കുന്നിലിന്റെ കുറുവച്ചന്റെ പുതിയ പരാതി. ജോസ് കുരുവിനാക്കുന്നേലിന്റെ പരാതിയില്‍ കടുവയുടെ നിര്‍മാതാക്കള്‍ക്ക് നോട്ടിസ് അയയ്കക്ാന് കോടതി ഉത്തരവിറക്കി. കടുവ എന്ന സിനിമയുടെ കഥ തന്റെ ജീവിതകഥയാണെന്നും ഈ ചിത്രം പുറത്തിറങ്ങിയാല്‍ അത് തനിക്കും കുടുംബത്തിനും അപകീര്‍ത്തിയുണ്ടാക്കുമെന്നും ആരോപിച്ചാണ് പാലാ സ്വദേശി കുറുവച്ചന്‍ എന്ന് വിളിപ്പേരുള്ള ജോസ് കുരുവിനാക്കുന്നേല്‍ പരാതി നല്‍കിയത്.  എന്നാല്‍ ഈ ചിത്രത്തിന് കുറുവച്ചന്റെ ജീവിതവുമായി യാതൊരു ബന്ധവുമില്ലെന്നും തിരക്കഥാകൃത്ത് ജിനു എബ്രഹാം എഴുതിയ വെറുമൊരു സങ്കല്‍പ്പ കഥയാണ് കടുവയെന്നുമായിരുന്നു ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ മറുപടി നല്‍കിയത്. സെന്‍സര്‍ ബോര്‍ഡിന്റെയും കോടതിയുടെയും നിര്‍ദേശം ഉണ്ടായിട്ടും ഇന്ത്യയില്‍ മാത്രമേ കഥാപാത്രത്തിന്റെ പേര് മാറ്റിയിരുന്നുള്ളു എന്നും വിദേശ രാജ്യങ്ങളില്‍ കുറുവച്ചന്‍ എന്ന പേരിലാണ് ചിത്രം റിലീസ് ചെയ്തതെന്നുമാണ് കുറുവച്ചന്‍ പറയുന്നത്.  ന്യൂസിലാന്‍ഡ്, അമേരിക്ക, ദുബായ് എന്നീ വിദേശ രാജ്യങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചതിന്റെ മുഴുവന്‍ വിവരങ്ങളും തെളിവായി സമര്‍പ്പിച്ചുകൊണ്ടാണ് കുറുവച്ചന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.  കുറുവച്ചന്‍ തിയറ്ററിലെത്തി ചിത്രം കണ്ടത് തെളിവുകള്‍ ശേഖരിക്കാനാണെന്നും കുറുവച്ചനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.  നിയമം അനുസരിച്ച് ലോകത്ത് എവിടെ സിനിമ  റിലീസ് ചെയ്താലും ഒരുപോലെ ആയിരിക്കണം എന്നിരിക്കെ ഹൈക്കോടതി നിര്‍ദേശത്തിന്റെ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.