വിൽപ്പനയ്ക്ക് വെയ്ക്കാൻ സർക്കാർ ജോലി ലേലം വിളിയല്ല: കെ.സുധാകരൻ എംപി

വിൽപ്പനയ്ക്ക് വെയ്ക്കാൻ സർക്കാർ ജോലി ലേലം വിളിയല്ല: കെ.സുധാകരൻ എംപി

സഖാക്കൾക്ക് വിൽപ്പനയ്ക്ക് വെയ്ക്കാൻ സർക്കാർ ജോലി കാലിചന്തയിലെ ലേലം വിളിയല്ലെന്ന്  കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരെ അവഹേളിക്കുകയാണ് സിപിഎം.സർക്കാർ ജോലി ലഭിക്കാൻ സിപിഎമ്മിന്റെ ശുപാർശ വേണമെന്നത് അപമാനമാണ്. ചട്ടങ്ങളും നിയമങ്ങളും മറികടന്ന് താൽക്കാലിക നിയമനത്തിന് സിപിഎം ജില്ലാ സെക്രട്ടറിയുടെ മുൻഗണനാ പട്ടിക ചോദിച്ച തിരുവനന്തപുരം മേയറുടെ നടപടി നിയമവിരുദ്ധമാണ്.സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മേയറെ പുറത്താക്കി നിയമനടപടി സ്വീകരിക്കണം. ഒരു സർക്കാർ ജോലിയെന്ന സ്വപ്‌നവുമായി ലക്ഷകണക്കിന് ചെറുപ്പക്കാർ കാത്തിരിക്കുമ്പോൾ സഖാക്കൾക്കായി തൊഴിൽ ദാനം സംഘടിപ്പിക്കുകയാണ് സിപിഎമ്മും അവരുടെ കളിപ്പാവയായ മേയറും. സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിൽ സിപിഎമ്മിന്റെ ഭരണകാലയളവിൽ നടത്തിയ എല്ലാ നിയമനങ്ങളിലും അന്വേഷണം ആവശ്യമാണെന്നും നോക്കുകുത്തിയായ പിഎസ് സിയെ പിരിച്ചുവിടുന്നതാണ് നല്ലതെന്നും സുധാകരൻ പറഞ്ഞു.

ചെറുപ്പക്കാരുടെ മാനത്തിനാണ് മേയറും സിപിഎമ്മും വിലയിട്ടത്.എൽഡിഎഫ് സർക്കാരിന്റെയും സിപിഎമ്മിന്റെയും പ്രഖ്യാപിത നയം സഖാക്കൾക്ക് ക്രമവിരുദ്ധ നിയമനം നൽകുകയെന്നതാണ്. ഇതിലൂടെ പാർട്ടി ഫണ്ട് സമാഹരണമാണ് ലക്ഷ്യം. ലവലേശം ഉളുപ്പില്ലാതെയും പൊതുജനത്തെ വെല്ലുവിളിച്ചും വഞ്ചിച്ചുമാണ് സിപിഎം അഴിമതിയും പിൻവാതിൽ നിയമനവും യഥേഷ്ടം നടത്തുന്നത് .സർവകലാശാലകളെ ഒരുവഴിക്കാക്കിയ ശേഷമാണ് ഇതരവകുപ്പുകളിലേക്കും ഇഷ്ടക്കാരെ നിയമിക്കാനുള്ള ശ്രമം.

യുവാക്കളെ വഞ്ചിക്കുന്ന സർക്കാരിന്റെയും മേയറുടെയും നയങ്ങൾക്ക് മുന്നിൽ ഓച്ചാനിച്ച് നിൽക്കേണ്ട ഗതികേടാണ് ഇടതു യുവജന വിദ്യാർത്ഥി സംഘടനകൾക്ക്. തൊഴിലില്ലായ്മക്കെതിരെ ഡൽഹിയിൽ ഉൾപ്പെടെ സമരം സംഘടിപ്പിക്കുന്ന ഇടത് യുവജന വിപ്ലവസിംഹങ്ങൾ കേരളത്തിൽ പിൻവാതിൽ നിയമനപട്ടിക തയ്യാറാക്കുന്ന തിരക്കിലാണ്.സിപിഎമ്മിന്റെ ജീർണ്ണതയിലും മുല്യച്യുതിയിലും പ്രതികരണ ശേഷി നിർവീര്യമായ യുവനിരയാണ് ഇപ്പോൾ ഇടതുപക്ഷത്തുള്ളതെന്നും സുധാകരൻ പറഞ്ഞു.